UPDATES

സാംബ- 2014

ഡിവിഡികള്‍ പൊടിതട്ടിയെടുക്കുന്ന ബ്രസീലുകാര്‍- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു

Avatar

ഫൈസല്‍ ഖാന്‍

ആദ്യ കളി ജയിച്ചതോടെ ബ്രസീലുകാര്‍ ഗൃഹാതുരത്വത്തിലാണ് ജീവിക്കുന്നത്. കാല്‍പ്പന്ത് പോരാട്ടങ്ങളുടെ വന്‍ശേഖരങ്ങള്‍ക്ക് ഉടമകളായ അവരില്‍ പലരും ബ്രസീല്‍ ആദ്യ ലോക ജേതാക്കളായതിന്റെ ഡിവിഡികള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ്. 1958 ലായിരുന്ന സ്വീഡനെ ഫൈനലില്‍ തോല്‍പ്പിച്ച് ബ്രസീല്‍ ആദ്യ ലോകകപ്പ് ജയിച്ചത്. മറ്റൊരു രീതിയില്‍ ബ്രസീലിലെ പ്രമുഖ കളിയെഴുത്തുകാരനായ നെല്‍സണ്‍ റോഡ്രിഗസിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘ബ്രസീലുകാര്‍ തങ്ങളുടെ അപകര്‍ഷതബോധത്തെ മറികടന്ന ദിവസം’. ആ നാളുകളില്‍, പ്രത്യേകിച്ചും 1950ലെ ഫൈനലില്‍ സ്വന്തം നാട്ടില്‍ ഉറുഗ്വയോട് തോറ്റതിന് ശേഷം, ബ്രസീല്‍ കളത്തില്‍ കാണിച്ച അലംഭാവത്തെയാണ് അപകര്‍ഷതബോധം എന്ന പദം കൊണ്ട് അദ്ദേഹം വിവക്ഷിച്ചത്. 

ബ്രസീലിന്റെ ആദ്യ തലമുറ 1950 ലെ ലോകകപ്പ് പരാജയത്തെ ഒരു യുദ്ധം തോറ്റതിന് സമാനമായാണ് വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ 1958 ജൂണ്‍ 29ന് സ്വീഡനെതിരെ നേടിയ വിജയത്തിന്റെ ഓരോ മുഹൂര്‍ത്തങ്ങള്‍ക്കും അവര്‍ക്ക് പൊന്നിന്റെ വിലയാണുള്ളത്. 1958ലെ ലോകകപ്പ് ഫൈനല്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്രസീലിയന്‍ പത്രക്കാരുടെ ഭാഷയില്‍, ഫൈനലിന് തൊട്ട് മുമ്പ് ബ്രസീലിയന്‍ ടീം നീല ജേഴ്‌സി വാങ്ങാന്‍ കടയില്‍ ക്യൂ നില്‍ക്കുകയായിരുന്നു. ബ്രസീലിനെ പോലെ തന്നെ സ്വീഡനും മഞ്ഞ ജേഴ്‌സിക്കാരായതിനാല്‍ നടന്ന ടോസില്‍ സ്വീഡന്‍ ജയിക്കുകയും തങ്ങളുടെ കുപ്പായം തന്നെ ധരിക്കാന്‍ അവകാശം നേടുകയും ചെയ്തതോടെയാണ് മഞ്ഞപ്പടയ്ക്ക് നീലക്കുപ്പായം അന്വേഷിച്ച് അലയേണ്ടി വന്നത്. 

എന്നാല്‍ വെറും നീലക്കുപ്പായം വാങ്ങാന്‍ കടകളില്‍ അലഞ്ഞതിനേക്കാള്‍ വലിയ ഓര്‍മ്മകളാണ് ബ്രസീലിന്റെ 1958 ലോകകപ്പ് യാത്രയില്‍ ഉള്ളത്. ബ്രസീലിയന്‍ കാല്‍പന്തുകളിയിലെ ചാര്‍ലി ചാപ്ലിന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഗാരിഞ്ച എന്ന വലിയ കളിക്കാരന്‍ അന്നത്തെ ബ്രസീല്‍ നിരയില്‍ ഉണ്ടായിരുന്നു. മറ്റൊരാള്‍ വാവയായിരുന്നു. റഷ്യക്കെതിരായ കളിയില്‍ അപകടകരമായി ഫൗള്‍ ചെയ്തതിന്റെ കുറ്റബോധം തീര്‍ക്കാന്‍ റഷ്യക്കാര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് മിഠായികളും പഴങ്ങളുമായി പോയ അതേ വാവ. ബ്രസീലിനോട് 2-0ത്തിന് തോറ്റ ശേഷം ബോറിസ് കുസ്‌നെറ്റ്‌സോവ് എന്ന റഷ്യന്‍ കളിക്കാരന്‍ താന്‍ ഫുട്ബോള്‍ കളി നിറുത്തുകയാണ് എന്ന് പ്രഖ്യാപിച്ചു. ‘ഞാന്‍ ഇനി പന്തു കളിക്കില്ല. കാരണം, ഞങ്ങള്‍ കളിക്കുന്നതല്ല കാല്‍പന്തുകളി. അത് അവര്‍ (ബ്രസീലുകാര്‍) കളിക്കുന്നതാണ്’, എന്നായിരുന്നു കളി നിറുത്താനുള്ള കാരണമായി അദ്ദേഹം പറഞ്ഞത്. 

ആ വര്‍ഷമായിരുന്നു മഹാനായ പെലെ തന്റെ 17-ആം വയസില്‍ ആദ്യമായി ലോകകപ്പ് കളിച്ചത്. 1958 ലെ ലോക ജേതാക്കളായ ടീമിലെ അംഗമായിരുന്ന നില്‍ട്ടണ്‍ സാന്‍റോസിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍, ഗാരിഞ്ചയും പെലെയും ഒരേ ടീമില്‍ കളിക്കുന്നത് ഒരു ‘അധികപ്പറ്റ്’ തന്നെയായിരുന്നു. പെലെയുടെ രണ്ട് ഗോളിന്റെ പിന്‍ബലത്തില്‍ ഫൈനലില്‍ സ്വീഡനെ 5-2ന്  തോല്‍പ്പിച്ച ടീമിലെ അംഗവും പിന്നീട് ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത കോച്ചുമായ മറിയോ സഗാല ഇപ്പോഴും ആ വിജയത്തിന്റെ മധുരിമയിലാണ്. രാജ്യം മുഴുവന്‍ അന്ന് ആഘോഷങ്ങളില്‍ മുങ്ങിപ്പോയത് അദ്ദേഹം ഇപ്പോഴും ഓര്‍ക്കുന്നു. ‘എക്കാലത്തെയും മികച്ച ബ്രസീലിയന്‍ ടീമായിരുന്നു അത്’, അദ്ദേഹം പറയുന്നു. ‘ഞങ്ങളുടെ ഏറ്റവും വലിയ വിജയമായിരുന്നു അത്’. ‘ഞങ്ങള്‍ ജയിച്ചപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഞാന്‍ പൊട്ടിക്കരഞ്ഞു’. ‘ഞങ്ങളുടെ ഹൃദയം കാര്‍ണിവല്‍ പരേഡിലെ ചെണ്ട പോലെ മുഴങ്ങുന്നുണ്ടായിരുന്നു’, സഗാലയുടെ ഈ വാക്കുകള്‍ ആ വിജയത്തിന്റെ അവസാന ചിത്രമായി ഇപ്പോഴും മുഴങ്ങുന്നു.

ലോകം സാവോപോളോയിലേക്ക്- ലോകകപ്പിന് അഴിമുഖവും

അഴീക്കല്‍ മുഹമ്മദ് ഉസ്മാനും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്?- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു

(ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്‍, കല, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. കായിക രംഗത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ഗൗരവതരമായ എഴുത്തുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം ‘ദ ഇക്കണോമിക് ടൈംസ്’ ന് വേണ്ടി 2010 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം, 2011 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഫുട്ബോള്‍ ഫിലിംസ് പാക്കേജിന്റെ സഹ-ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാക്കേജ് സംഘടിപ്പിക്കപ്പെട്ടത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍