UPDATES

സാംബ- 2014

ലോകകപ്പില്‍ ഇന്ന് കൊമ്പനാനകളും കുഞ്ഞുറുമ്പുകളും- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇന്ന് രണ്ടു കൊമ്പന്‍മാര്‍ കളത്തിലിറങ്ങുകയാണ്. അവരുടെ മുന്നില്‍പ്പെടുന്നവരാകാട്ടെ  അവരോടു മുട്ടി നില്‍ക്കാന്‍ തക്ക പ്രാപ്തരല്ലാത്തവരും. അര്‍ജന്റീനയും ജര്‍മ്മനിയുമാണ് ആ കൊമ്പന്‍മാര്‍, എതിരാളികളാകട്ടെ യഥാക്രമം ഇറാനും ഘാനയും. 

ആദ്യപോരാട്ടം അര്‍ജന്റീനയും ഇറാനും തമ്മിലാണ്. ഇറാന്‍ ഒരു ചാവേര്‍ പോരാളിയെപ്പോലെയാകും ഇന്ന് ആക്രമണത്തിനെത്തുക. അവര്‍ക്ക് അമിതമോഹം കാണുമായിരിക്കും. ആ മോഹം ഫലവത്താകണമെങ്കില്‍ പന്ത്രണ്ടാമനായി ദൈവം കൂടി ബൂട്ടുകെട്ടി അവര്‍ക്കൊപ്പം കളിക്കാനിറങ്ങേണ്ടി വരുമെന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ലല്ലോ!. നമുക്ക് അര്‍ജന്റീനിയന്‍ കോര്‍ട്ടിലേക്ക് പോകാം. അവിടെ ആരാധകര്‍ നിരാശരാണ്. അവര്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങള്‍. അതിന് മെസിയും കൂട്ടരും പ്രായശ്ചിത്തം ചെയ്‌തെ പറ്റൂ. ഇറാനെതിരേ നല്ല മാര്‍ജിനിലൊരു വിജയം. അതില്‍ കുറച്ചൊന്നും ആരും കാംക്ഷിക്കുന്നില്ല. കളിവിദഗ്ധര്‍ പല പോരായ്മകളും കണ്ടെത്തിക്കഴിഞ്ഞു ആര്‍ജന്റീനയുടെ കളിയില്‍. ഫുട്‌ബോള്‍ ജ്യോതിഷരാകട്ടെ അവരുടെ വഴിയില്‍ രാഹുവിനേയും കേതുവിനേയും കണ്ടെത്തിക്കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ കിരീടമോഹം ക്രോസ് ബാറില്‍ തട്ടി മടങ്ങുമെന്ന് സാരം. ഈ കുറ്റം പറച്ചിലുകള്‍ക്ക് ഇറാനെതിരേയുള്ള മത്സരം കൊണ്ട് കണക്കു പറയാന്‍ തന്നെയായിരിക്കും അര്‍ജന്റീനയുടെ തീരുമാനം. അതിന് മുന്നിട്ടറങ്ങുന്നത് സാക്ഷാല്‍ മെസി തന്നെയാകും. കഴിഞ്ഞ കളിയില്‍ മെസിയുടെ ബൂട്ടില്‍ നിന്ന് ഗോള്‍ പിറന്നതു വരാനിരിക്കുന്ന നല്ലകാലത്തിന്റെ ശുഭസൂചനയാണ്. അഗ്വിറോയുടെ ഫോം അതേ സമയം ചോദ്യചിഹ്നമായി നില്‍ക്കുകയും ചെയ്യുന്നുണ്ട്. 

അതുപോലെ മറ്റൊരു വിമര്‍ശനം കേള്‍ക്കുന്നത് അര്‍ജന്റീനയുടെ പ്രതിരോധമേഖലയെക്കുറിച്ചാണ്. അര്‍ജന്റീന ഇന്നു ജയിക്കും, അവര്‍ ഒന്നില്‍ക്കൂടുതല്‍ ഗോളുകളുമടിക്കും. ശരി, എന്നാല്‍ ഇറാന്‍ ഇവരുടെ വല കുലുക്കിയാലോ? മുന്നോട്ടുള്ള യാത്രയില്‍ മെസിക്കും കൂട്ടര്‍ക്കും നേരിടേണ്ടത് ഇറാന്റെ നേര്‍വിപരീത സ്വഭാവമുള്ളവരെയായിരിക്കും. അപ്പോള്‍ ഇവരെന്തു ചെയ്യും? ഈ ചോദ്യം പ്രസ്‌കതമാണ്. അത് അര്‍ജന്റീനയ്ക്ക മാത്രമല്ലെന്നുമാത്രം. കണ്ണിപൊട്ടിയ വലയായി ഞാന്‍ അര്‍ജന്റീനിയന്‍ പ്രതിരോധത്തെ കാണുന്നില്ല. പോരാത്തതിന് അവരുടെ ഗോളി മികച്ച ഫോമിലാണെന്ന് ആദ്യകളിയില്‍ നിന്ന് മനസ്സിലാക്കാം. ഇനിയവര്‍ കൂടുതല്‍ മെച്ചപ്പെടും. ഈ കളിയും കൊണ്ട് ഫൈനല്‍ സ്വപ്‌നം കാണേണ്ടന്ന് മെസി തന്നെ പറഞ്ഞതായി കേട്ടു. അതൊരു ആത്മവിമര്‍ശനം ആണ്. നമുക്കതിനെ പോസിറ്റീവായി കാണാം. അവര്‍ മെച്ചപ്പെടും. എന്തായാലും ഇന്ന് കളി ഈസി ആയിരിക്കും. തുടര്‍ന്നങ്ങോട്ട് സീരിയസും.

ഇനി ജര്‍മ്മനിയുടെ കളിയിലേക്കു വരാം. ഈ ലോക കപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം. അവര്‍ കരുത്തുകാട്ടി കഴിഞ്ഞു. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ നാണം കെടുത്തി വിട്ടിരിക്കുന്നു. അതൊരു ഭീഷണിപ്പെടുത്തല്‍ കൂടിയാണ്. അവരുടെ മുന്നില്‍പ്പെടുന്നവര്‍ക്കെല്ലാമുള്ള ഭീഷണി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കിന്റെ ഉടമയ മുള്ളര്‍ മറ്റു ടീമുകളുടെ ഉള്ളില്‍ക്കൊണ്ട മുള്ളായി മാറിയിരിക്കുന്നു. അയാളുടെ കാലുകള്‍ ഇന്നും വെറുതെയിരിക്കുമെന്നു എനിക്ക് തോന്നുന്നില്ല. ഹമ്മല്‍സിനും കൊതികാണും ഗോളടിക്കാന്‍. വ്യക്തിഗതമായി അല്ല, ആ ടീമിന്റെ മൊത്തത്തിലുള്ള ഫോമും സ്പിരിറ്റും തന്നെയാണ് എടുത്തുപറയേണ്ടത്. ആ സ്പിരിറ്റിനോടാണ് ഘാന കൊമ്പുകോര്‍ക്കേണ്ടത്. എന്നാല്‍ ചുമ്മാ കൈയുംകെട്ടി നിന്ന് തോറ്റുകൊടുക്കാന്‍ ഘാനക്കാരെ കിട്ടുമെന്ന് തോന്നുന്നില്ല. അര്‍ജന്റീന ഇറാനെ നേരിടുന്നതുപോലെയാകില്ല ജര്‍മ്മനി ഘാനയെ നേരിടുന്നതെന്ന് സാരം. 

മൂന്നാം മത്സരം നൈജീരിയയും ബോസ്‌നിയയും തമ്മിലാണ്. അവിടെ മുന്‍തൂക്കം ബോസ്‌നിയക്കാണ് ഞാന്‍ കാണുന്നത്. അര്‍ജന്റീനയ്‌ക്കെതിരെ അവര്‍ നന്നായി കളിച്ചിരുന്നു. അതൊന്നു കൂടി മെച്ചപ്പെടുത്തിയെടുത്തു ഉപയോഗിച്ചാല്‍ എതിര്‍ക്കാന്‍ നൈജീരിയ അര്‍ജന്റീനയൊന്നുമല്ലല്ലോ! പക്ഷെ ഇതു ഫുട്‌ബോളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍