UPDATES

സാംബ- 2014

സ്പെയിന്‍ ഇന്ന് എത്ര ഗോളടിക്കണം?- എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

വിജയത്തിന്റെ ആവേശവും തോല്‍വിയുടെ ഭാരവും പേറി രണ്ടു ടീമുകള്‍ ഇന്നു ഇറങ്ങുകയാണ്. ആസ്‌ട്രേലിയ്‌ക്കെതിരെ കളത്തിലിറങ്ങുന്ന ഹോളണ്ടിനെയും ചിലിക്കെതിരെ പോരാടാനിറങ്ങുന്ന സ്പെയിനിനെയും കുറിച്ചാണ് ഞാന്‍ പറഞ്ഞത്. നമ്മള്‍ കണ്ട ഹോളണ്ട് നല്ല ഫോമിലാണ്. അത് തുടരാന്‍ തന്നെയായിരിക്കും ഓറഞ്ച് പടയുടെ ലക്ഷ്യം. അങ്ങിനെയെങ്കില്‍ കങ്കാരുക്കളുടെ സഞ്ചിയില്‍ വന്നു വീഴുന്ന ഗോളുകളുടെ എണ്ണം കൂടാം. വാന്‍പേഴ്‌സി-ആര്യന്‍ റോബന്‍ സഖ്യത്തെ തന്നെയാകാണം ഓസ്‌ട്രേലിയ പേടിക്കേണ്ടത്. ഒരു ഫുട്‌ബോള്‍ മത്സരം ജയിക്കാന്‍ വേണ്ടത് നമുക്ക് കിട്ടുന്ന ഹാഫ് ചാന്‍സ് പോലും ലക്ഷ്യത്തിലെത്തിക്കുന്ന മിടുക്കാണ്. വാന്‍പേഴ്‌സി ആ കാര്യത്തില്‍ വളരെ മിടുക്കനാണെന്ന് ആ ഒരൊറ്റ ഹെഡ്ഡറിലൂടെ നാം മനസ്സിലാക്കി. ഓസ്‌ട്രേലിയയില്‍ നാശം വിതയ്ക്കുന്നൊരു കൊടുങ്കാറ്റ് ആയി അയാള്‍ മാറിയാല്‍ മഞ്ഞക്കുപ്പായക്കാരുടെ വിലാപം തടയാന്‍ ആര്‍ക്കുമാകില്ല. കൂട്ടിന് ആര്യന്‍ റോബനും ചേരുമ്പോള്‍ വലയ്ക്കു കീഴേ മാത്യൂ റയാനു ശ്വാസം വിടാന്‍ സമയം കിട്ടുമോയെന്നു അറിയില്ല.

എന്നാലും ഓസ്‌ട്രേലിയയെ നിസ്സാരരായി കാണുന്നില്ല. അവരുടെ ഫൈറ്റിംഗ് സ്പിരിറ്റ് അപാരമാണ്. ഒരു സമനില തന്നെ അവര്‍ക്ക് ജയത്തിനു തുല്യം. ടിം കാഹില്‍ തന്നെ അവരുടെ പ്രധാനപോരാളി. ഓറഞ്ചുപടയുടെ തേരോട്ടത്തിനു കംഗാരുക്കളുടെ മറുപടിയെന്തെന്ന് കാണാന്‍ കാത്തിരിക്കാം.

മുറിവേല്‍ക്കുമ്പോള്‍ വീര്യം കൂടുന്നവരാണ് പോരാളികള്‍. ഹോളണ്ടിന്റെ പക്കല്‍ നിന്നേറ്റ് പ്രഹരത്തില്‍ എന്നന്നേക്കുമായി കീഴടിങ്ങിയിട്ടില്ല എന്ന് ലോകത്തിനു കാട്ടിക്കൊടുക്കാന്‍ തന്നെ തീരുമാനിച്ചാകും ചിലിക്കെതിരെ കളിക്കാന്‍ സ്‌പെയിന്‍ ഇറങ്ങുക. അവര്‍ പോരാളികള്‍ തന്നെയാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ആ തോല്‍വിയില്‍ എല്ലാം കഴിഞ്ഞു എന്നുപറയുന്നതിലും അര്‍ത്ഥമില്ല. അവര്‍ സ്‌പെയിന്‍ ആണ്;തിരിച്ചുവരാതിരിക്കാന്‍ അവര്‍ക്ക് എങ്ങിനെ സാധിക്കും? ഹോളണ്ടിനെതിരേ നടന്ന കളിയുടെ ആദ്യപകുതിയില്‍ നന്നായി കളിച്ചത് സ്‌പെയിന്‍ തന്നെയായിരുന്നു. ആദ്യഗോള്‍ നേടിയതും അവര്‍. രണ്ടാമതൊരു ഗോള്‍ കൂടി ആ പകുതിയില്‍ നേടേണ്ടതു കൂടിയായിരുന്നു. പക്ഷേ ചാന്‍സ് മിസ് ആയി. വാന്‍പേഴ്‌സി ആ ആഭ്യാസം കാണിച്ചില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു! ആ ഗോള്‍ എല്ലാം തുലച്ചു. വാന്‍പേഴ്‌സി പറന്നുവന്ന് തലകൊണ്ടിടിച്ചത് സ്പെയിനിന്‍റെ മര്‍മ്മത്തു തന്നെയായിരുന്നു. ആദ്യപകുതിയിലെ സ്‌പെയിനിലാണ് എന്റെ ശുഭാപ്തി വിശ്വാസം. അവരുടെ സ്റ്റോപ്പര്‍ ബാക്കര്‍മാര്‍ രണ്ടുപേരും നിരാശപ്പെടുത്തി എന്നുകൂടി പറയട്ടെ. ആദ്യരണ്ടുഗോളും അവരുടെ പിഴവിന്റെ ഫലം കൂടിയായിരുന്നു. ഇന്നത്തെ മത്സരത്തിലും കാസിയസ് തന്നെ വലകാക്കുമെന്ന് ഞാന്‍ കരുതുന്നു. ചില പിഴവുകള്‍ സംഭവിച്ചിരിക്കാം. പക്ഷെ, അത് കാസിയസ് ആണ്; ആ കാര്യം മറക്കരുത്. ഒരുകാര്യം ഞാന്‍ പറയാം. കളത്തിലിറങ്ങി കളിക്കുന്ന പത്തുപേരും നല്‍കുന്ന ആത്മവിശ്വാസമാണ് വല കാക്കാന്‍ നില്‍ക്കുന്ന ഒറ്റൊരാളുടെ പ്രകടത്തിന്റെ അധാരം. 

സാഞ്ചസ് എന്ന കുന്തവുമായി കാളക്കൂറ്റന്‍മാരെ നേരിടാന്‍ ഇറങ്ങുന്ന ചിലി- നിങ്ങള്‍ ഇന്ന് അവരെ പൂട്ടാന്‍ നല്ലപാടുപെടും. സ്‌പെയ്ന്‍ താരം സെര്‍ജിയോ റാമോസ് പറഞ്ഞത് ഓര്‍മ്മയില്ലേ- ‘ഹോളണ്ടുമായുള്ള പരാജയത്തിനുശേഷം ഞങ്ങള്‍ക്കിടയില്‍ മുമ്പെങ്ങുമില്ലാത്ത ഒരു ഐക്യം ഉണ്ടായിട്ടുണ്ട്. റാമോസിന്റെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. എതിരാളികള്‍ക്ക് അതൊരു ഭീഷണിയായി തന്നെ എടുക്കാം.

ഇന്നത്തെ മൂന്നാമത്തെ മത്സരം കാമറൂണും ക്രൊയേഷ്യയും തമ്മിലാണ്. ബ്രസില്‍-മെക്‌സി്‌ക്കോ മത്സരം സമനില ആയതോടെ ഈ മത്സരത്തിന്റെ പ്രസക്തി കൂടി. ഒരു ജയം അവരുടെ പ്രതീക്ഷകള്‍ സജീവമാക്കും. അതിനാല്‍ ഇരുവര്‍ക്കും നിര്‍ണായകമാണ് ഇന്ന്. കാമറൂണ്‍ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കുമെങ്കിലും ക്രൊയേഷ്യക്കാണ് മുന്‍തൂക്കം കാണുന്നത്. ബാക്കിയെല്ലാം ആ പുല്‍മൈതാനം പറയട്ടെ.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍