UPDATES

സാംബ- 2014

കുരങ്ങന്‍ ജയിക്കണമെന്നും മുസോളിനി തോല്‍ക്കണമെന്നും ആഗ്രഹിച്ച ദിവസം…

Avatar

ടീം അഴിമുഖം

ബാലെട്ടെല്ലി കളിക്കുന്ന എല്ലാ കളികളും ജയിക്കുകയാണ് വേണ്ടത്. കാരണം ലോക ഫുട്ബോളില്‍ വര്‍ണത്തിന്റെ പേരില്‍ ഇത്രയും അപമാനിതനായ മറ്റൊരാള്‍ ഉണ്ടാവില്ല. പക്ഷെ അയാള്‍ കളിക്കുന്നത് ഇറ്റലിക്ക് വേണ്ടിയാണ്. അവിടെ ഭരിക്കുന്ന മന്ത്രിമാരെ പോലും നിറത്തിന്‍റെ പേരില്‍ ആരും വെറുതെ വിടാറില്ല. അതുകൊണ്ടാണ് ഇപ്പോഴും മുസോളിനിയെ പൊതുമനസില്‍ ആരാധിക്കുന്ന ഇറ്റലി തോല്‍ക്കണം എന്ന് രാഷ്ട്രീയ മനസുകള്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നത്.

ഒരു കറുത്ത രാജ്യത്തോടല്ല ഇറ്റലി ഇന്ന് തോറ്റത്. മുസോളിനിക്ക് പിടിച്ചടക്കാന്‍ താല്‍പര്യമുണ്ടായിരുന്നേക്കാവുന്ന പാവം ഒരു കടപ്പുറം. കളിയിലും കാര്യത്തിലും കോസ്റ്റാറിക്ക തനിനിറം പുറത്തെടുത്തുപ്പോള്‍ ഒരു കാര്യം വ്യക്തം. ഒരു ചാമ്പ്യനും ഈ ലോകകപ്പില്‍ അത്ര എളുപ്പം മുന്നോട്ട് നീങ്ങാന്‍ പോകുന്നില്ല. ഈ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് പുറത്തായി എന്ന് മാത്രമാണ് പറയാന്‍ കഴിയുക. സുവാരസ് കളിക്കുന്നിടത്തോളം തടയിടാന്‍ പ്രയാസമുള്ള ഉറുഗ്വയെ ഇനി ഇറ്റലിക്ക് വെടിവെച്ചു തന്നെ വീഴ്‌ത്തേണ്ടി വരും. അതായത് സോള്‍ട്ടന്‍ ഫാബ്രിയുടെ ഹെല്‍ നിങ്ങളെ നോക്കി ചിരിക്കുന്നു. ഒരു ലാറ്റിന്‍ അമേരിക്കന്‍ ചിരി. 

കളിയുടെ തുടക്കം മുതല്‍ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് കോസ്റ്റാറിക്ക പ്രഖ്യാപിച്ചു.ഇടയ്ക്കിടെ നടത്തുന്ന റെയ്ഡുകള്‍ക്ക് അപ്പുറം ഒത്തിണങ്ങിയ ഒരു ടീമായിരുന്നില്ല ഇറ്റലി. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ വഴി ബാലട്ടെല്ലിക്ക് ഒന്നു രണ്ട് അവസരങ്ങള്‍ തുറന്ന് കിട്ടി എന്നതിനപ്പുറം ഒത്തൊരുമയോട് പന്തുകളിക്കാന്‍ അവര്‍ക്ക് ആയില്ല. ഒന്നാം പകുതിയുടെ മുപ്പത്തിരണ്ടാം മിനിട്ടില്‍ പിന്‍നിരയില്‍ നിന്നും കിട്ടിയ ഒരു ലോംഗ് പാസില്‍ ബാലെട്ടോലി തൊടുത്ത അടി അതിമനോഹരമായിരുന്നു. പക്ഷെ കോസ്റ്റാറിക്കന്‍ ഗോളി നിവാസിനെ തോല്‍പിക്കാന്‍ അത് പര്യാപ്തമല്ലായിരുന്നു.

നാല്‍പ്പത്തി രണ്ടാം മിനിട്ടില്‍ വലതു വിംഗില്‍ നിന്നും കോസ്റ്റാറിക്ക നടത്തിയ നീക്കമായിരുന്നു മത്സരത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം. പക്ഷെ പെനാല്‍ട്ടി ബോക്‌സില്‍ കാംബെലിനെ വീഴ്ത്തിയ ഇറ്റാലിയന്‍ കളിക്കാര്‍ക്ക് റഫറി പിഴ വിധിച്ചില്ല. വീണ്ടും ഫുട്ബോളില്‍ മുസോളിനിയോ എന്ന സംശയം തീരും മുമ്പെ ഇറ്റലിയുടെ മരണമണി ആയേക്കാവുന്ന ഗോള്‍ വീണു. ഇത്തവണ ബ്രയന്‍ റൂയിസിന്‍ ഷോട്ട് തടുക്കാന്‍ ഒരു വര്‍ണങ്ങളും ഉണ്ടായിരുന്നില്ല.

രണ്ടാം പകുതിയിലും ഒത്തിണക്കം കാണിക്കാത്ത ഇറ്റലിയെ കാണുമ്പോള്‍ ഒരു കാര്യം വ്യക്തം. ഫേവറൈറ്റുകള്‍ ഇല്ലാത്ത ലോകകപ്പാണിത്. ആര്‍ക്കും എപ്പോഴും ജയിക്കാം. അര്‍പ്പണബോധം വേണമെന്ന് മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍