UPDATES

സാംബ- 2014

ബ്രസീലിയന്‍ മണ്ണ് ലോക ചാമ്പ്യന്മാരുടെ ശവപ്പറമ്പോ?

Avatar

ടീം അഴിമുഖം

ബ്രസീലിയന്‍ മണ്ണ് മുന്‍ ലോക ചാമ്പ്യന്മാരുടെ ശവപ്പറമ്പായി മാറുകയാണ്. യൂറോപ്യന്‍ ടീമുകളാണ് ലാറ്റിനമേരിക്കയുടെ പരുക്കന്‍ കാലാവസ്ഥയിലും പ്രതികൂല സാഹചര്യങ്ങളിലും പെട്ട് പെട്ടെന്ന് തന്നെ മടക്ക ടിക്കറ്റ് വാങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും പിന്നാലെ ഇറ്റലിയും ഇന്നലെ തോറ്റു മടങ്ങി. 

ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വേ ആണ് തുടര്‍ച്ചായായി രണ്ടാം ലോകകപ്പിലും അസൂറികളെ നോക്കൗട്ട് ഘട്ടത്തിന് മുമ്പ് തന്നെ ടൂര്‍ണമെന്റില്‍ നിന്നും മടക്കിയത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ കോസ്റ്റാറിക്ക് ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് ഘട്ടത്തിലെത്തി. 

ഉറുഗ്വേയ്‌ക്കെതിരായ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ സുരക്ഷിതമായ ഒരു സമനില നേടി പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കുക എന്ന തന്ത്രമാണ് ഇറ്റലി സ്വീകരിച്ചത്. ഒന്നാം പകുതിയില്‍ ആവേശകരമായ ഒരു നീക്കവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല. ഉറുഗ്വേയുടെ പെനാല്‍ട്ടി ബോക്‌സില്‍ ഒരിക്കലും അവര്‍ അപകടം വിതച്ചതുമില്ല. 32-ആം മിനുട്ടില്‍ താരതമ്യേന ആക്രമണ ത്വര പ്രകടിപ്പിച്ച ഉറുഗ്വേ നടത്തിയ ഒരു മുന്നേറ്റം സുവാരസിന് ഒരു അര്‍ദ്ധ അവസരം സമ്മാനിച്ചെങ്കിലും ഇറ്റാലിയന്‍ നായകന്‍ ബഫണ്‍ കരുത്തില്ലാത്ത ഷോട്ട് അനായാസം തട്ടിയകറ്റി.

ആദ്യ പകുതിയില്‍ ഒരു മഞ്ഞക്കാര്‍ഡ് കണ്ട ബാലട്ടെല്ലിയെ രണ്ടാം പകുതിയുടെ തുടക്കത്തിലെ പിന്‍വലിച്ചു കൊണ്ട് ഇറ്റാലിയന്‍ കോച്ച് തന്നെ മനസിലിരുപ്പ് വ്യക്തമാക്കുകയും ചെയ്തു. കളിയുടെ 59-ആം മിനുട്ടു വരെ നീലപ്പടയുടെ ഈ തന്ത്രം വിജയിക്കുകയും ചെയ്തു. എന്നാല്‍ 59-ആം മിനുട്ടില്‍ ഈ ലോകകപ്പില്‍ അസൂറികളുടെ വിധി നിര്‍ണയിച്ച തീരുമാനം വന്നു. മെക്‌സിക്കന്‍ റഫറിയുടെ ചുവപ്പ് കാര്‍ഡിന്റെ രൂപത്തില്‍. എതിരാളിയെ അപകടകരമായി ഫൗള്‍ ചെയ്ത ക്ലോഡിയോ മാര്‍ക്കീസ്യോയെ റഫറി പുറത്താക്കിയപ്പോള്‍ ഇറ്റലി ഞെട്ടി. 

എന്നാല്‍ ടൂര്‍ണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക് വിജയം അനിവാര്യമായിരുന്ന ഉറഗ്വേയെ 81-ആം മിനിട്ടു വരെ കരുത്തുറ്റ പ്രതിരോധത്തിലൂടെ തടഞ്ഞ് നിറുത്താന്‍ ഇറ്റലിക്കായി. ഇതിനിടെ ഒരിക്കല്‍ മാത്രം ഇറ്റാലിയന്‍ പ്രതിരോധത്തില്‍ പഴുത് ഉണ്ടാക്കി മുന്നേറിയ സുവാരസിന്റെ കനത്ത ഷോട്ട് ഗിയാന്‍ ലൂക്കാ ബഫന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തുകയും ചെയ്തു. ആക്രമണം തുടരുന്നതിനിടയില്‍ 81-ആം മിനിട്ടില്‍ വിധി നിര്‍ണായകമായ ഗോള്‍ വന്നു. സുവാരസിന്റെ ഫ്രീകിക്കില്‍ ബഫണ്‍ കോര്‍ണറിന് വഴങ്ങിയതോടെയാണ് തുടക്കം. കോര്‍ണറില്‍ നിന്നും ഉയര്‍ന്ന് വന്ന പന്തില്‍ ഉറുഗ്വേയുടെ ക്യാപ്റ്റന്‍ ദ്യോഗോ ഗോഡിന്‍ തലവച്ചപ്പോള്‍ ബഫണ്‍ കാഴ്ചക്കാരനായി. പന്ത് വലയുടെ വലതു മൂലയില്‍ പ്രവേശിക്കുമ്പോള്‍ ഇറ്റലി റോമിലേക്കുള്ള മടക്ക ടിക്കറ്റ് സ്വന്തമാക്കി. പിന്നീട് ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്നെങ്കിലും സമയവും കളിക്കാരുടെ എണ്ണവും ഇറ്റലിക്ക് അനുകൂലമായിരുന്നില്ല. 

മത്സരത്തിനിടെ ഉറുഗ്വെന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസ് ഇറ്റാലിയന്‍ പ്രതിരോധത്തിലെ ജോര്‍ജിയോ ചെല്ലിയാനിയുടെ ചുമലില്‍ കടിച്ചത് വിവാദമായി. ഇതേക്കുറിച്ച് ഫിഫ അന്വേഷിക്കും. കുറ്റം തെളിഞ്ഞാല്‍ സുവാരസിനെ വിലക്കും. 

ഡി ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി കോസ്റ്ററിക്ക ജേതാക്കളായി രണ്ടാം റൗണ്ടില്‍ ഇടംനേടി. ആദ്യ രണ്ടു കളിയും ജയിച്ച കോസ്റ്ററിക്ക നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു. ഇംഗ്ലണ്ട് ഒറ്റക്കളിയും ജയിക്കാതെയാണ് മടങ്ങുന്നത്. ഗ്രൂപ്പില്‍ കോസ്റ്ററിക്കയ്ക്ക് ഏഴും ഉറുഗ്വേയ്ക്ക് ആറും പോയിന്റ് ലഭിച്ചു. ഇറ്റലിക്ക് മൂന്ന് പോയിന്റ്. ഒരു പോയിന്റാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. 

സാംബ-2014

കൈയില്‍ നയാപൈസയില്ല; എങ്കിലും നമ്മുടെ ബ്രസീല്‍ അല്ലേ, ഫുട്ബോള്‍ അല്ലേ…

സ്പെയിന്‍ ഇന്ന് എത്ര ഗോളടിക്കണം?- എന്‍ പി പ്രദീപ് എഴുതുന്നു

തളര്‍ച്ച ബാധിച്ചവരുടെ ലോകത്തെ ഉണര്‍ത്തി പിന്‍റോയുടെ ആദ്യ കിക്ക്

പോര് മറന്ന കാളക്കൂറ്റന്‍മാര്‍; സ്പെയിന്‍ പുറത്ത്

നാട്ടിലേക്ക് വിമാനം കയറണോ?ഇംഗ്ലണ്ടിന് ഇന്ന് തീരുമാനിക്കാം- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

ഗ്രൂപ്പ് സിയില്‍ ജപ്പാനെ 4-1ന് പരാജയപ്പെടുത്തി കൊളംബിയ മുഴുവന്‍ പോയിന്റും ഒന്നാം സ്ഥാനവും നേടി. പ്രീക്വാര്‍ട്ടറില്‍ അവര്‍ ഉറുഗ്വയെ നേരിടും. അധികസമയത്ത് നേടി വിവാദ പെനാല്‍ട്ടിയിലൂടെ ഐവറി കോസ്റ്റിനെ തോല്‍പ്പിച്ച ഗ്രീസും പ്രീക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അവര്‍ നോക്കൗട്ടില്‍ ഇനി കോസ്റ്റാറിക്കയുമായി മാറ്റുരയ്ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍