UPDATES

സാംബ- 2014

വിശുദ്ധ മെസി

Avatar

ടീം അഴിമുഖം

മഹാന്മാരായ കളിക്കാര്‍ സ്വയം കളിക്കുക മാത്രമല്ല മറ്റുള്ളവരെ കളിപ്പിക്കുകയും അങ്ങനെ മൊത്തം ടീമിന് പ്രചോദനമായി മാറുകയും ചെയ്യും. ഇന്നലെ ഗ്രൂപ്പ് എഫിലെ കലാശപ്പോരാട്ടങ്ങളില്‍ നൈജീരിയക്കെതിരെ അര്‍ജന്റീനയുടെ മെസി നടത്തിയ പ്രകടനത്തെ ഇങ്ങനെയേ വിലയിരുത്താനാവൂ. കളിച്ച അറുപത്തി രണ്ട് മിനിട്ടുകളിലും ലോകത്തേറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന താരം താനായി മാറുന്നത് എന്തുകൊണ്ടാണെന്ന് പ്രകടനത്തിലൂടെ തെളിയിക്കുകയായിരുന്നു അര്‍ജന്റീനയുടെ മിശിഹ.

കഴിഞ്ഞ രണ്ട കളികളിലും നിലവാരത്തിലേക്ക് ഉയരാതിരുന്നതിന്റെ പേരില്‍ പഴി കേട്ട മെസിയെ ആയിരുന്നില്ല നൈജീരിയക്കെതിരായ പോരാട്ടത്തില്‍ കണ്ടത്. എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍. കൂട്ടുകാര്‍ക്ക് നല്‍കുന്ന പാസുകളുടെ ചാരുതയും ധാരാളിത്തവും. ശരിക്കും മൈതാനത്ത് ഉണ്ടായിരുന്ന ഓരോ നിമിഷവും ഉന്മാദോജ്വലമാക്കുകയായിരുന്നു മെസി. കളി തുടങ്ങി കണ്ണടച്ച് തുറക്കും മുമ്പെ നൈജീരിയയുടെ വലയില്‍ പന്തെത്തിച്ചു കൊണ്ടായിരുന്നു ലോക ഫുട്ബോള്‍ രാജാവിന്റെ തുടക്കം. മൂന്നാം മിനിട്ടില്‍ ഇടതു വിങ്ങില്‍ നിന്നും അര്‍ജന്റീന നടത്തിയ നീക്കത്തിനൊടുവില്‍ പെനാല്‍ട്ടി ബോക്‌സില്‍ പ്രവേശിച്ച ഡിമറിയ ഉതിര്‍ത്ത ഷോട്ട് നൈജീരിയന്‍ ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി വന്നത് മെസിയുടെ കാലുകളിലേക്ക്. ഓടി എത്തിയ മെസി പന്ത് നൈജീരിയന്‍ വലയുടെ വലതു മൂലയില്‍ കുടുക്കുകയായിരുന്നു. 

എന്നാല്‍ പ്രത്യാക്രമണത്തില്‍ തന്നെ നൈജീരിയ സമനിലയും നേടി. കൃത്യമായി പറഞ്ഞാല്‍ വെറും എണ്‍പത് സെക്കന്റ് മാത്രമായിരുന്നു അര്‍ജന്റീനയുടെ ലീഡിന്റെ ആയുസ്. കടല്‍ത്തിര പോലെ ആഞ്ഞു കയറിയ നൈജീരിയന്‍ നീക്കത്തിനൊടുവില്‍ പന്ത് പെനാല്‍ട്ടി ബോക്‌സില്‍ അഹമ്മദ് മൂസയുടെ കാലുകളില്‍ എത്തി. തടയാനെത്തിയ സബലെറ്റയെയും ഗോളി സെര്‍ജിയോ റെമിറോയെയും കീഴടക്കി മൂസയുടെ കനത്ത ഷോട്ട് അര്‍ജന്റീനയുടെ വലയില്‍ പതിക്കുമ്പോള്‍ കളിക്ക് നാലു മിനിട്ടിന്റെ വളര്‍ച്ചയെ ഉണ്ടായിരുന്നുള്ളു. ലോകകപ്പിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് ആദ്യത്തെ അഞ്ച് മിനിട്ടിനുള്ളില്‍ രണ്ട് ടീമുകളും ഗോള്‍ കണ്ടെത്തുന്നത്. 

പിന്നീട് ആദ്യ പകുതി മുഴുവന്‍ തിരമാല പോലെ ആഞ്ഞടിക്കുന്ന അര്‍ജന്റീനയെ ആണ് കണ്ടത്. ഏഴാം മിനിട്ടില്‍ ഡിമറിയയുടെ കനത്ത ഷോട്ട് നൈജീരിയയുടെ ഗോള്‍ കീപ്പര്‍ വിന്‍സെന്റ് എന്യേമ തട്ടിയകറ്റി. തൊട്ടടുത്ത നിമിഷം മെസിയുടെ ഒരു ത്രൂപാസ് നൈജീരിയന്‍ പ്രതിരോധത്തെ കീറി മുറിച്ച് ഹിഗ്വിന്റെ കാലുകളില്‍ എത്തിയെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്കാണ് പോയത്. പിന്നീട് അങ്ങോട്ട് അര്‍ജന്റീനയുടെ മുന്നേറ്റ നിരയും നൈജീരിയയുടെ പ്രതിരോധവും തമ്മിലായിരുന്നു മത്സരം. ഡിമറിയയും നൈജീരിയയുടെ ഗോളി എന്യേമയും തമ്മില്‍ എന്തോ വ്യക്തി വൈരാഗ്യം ഉള്ളത് പോലെ തോന്നി. കാരണം മത്സരത്തില്‍ ഉടനീളം ഡിമറിയ തൊടുത്ത ഗോളെന്നുറച്ച് നാല് ഷോട്ടെങ്കിലും എന്യേമ തട്ടിയകറ്റുന്നതാണ് കണ്ടത്. 

ഒന്നാം പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെ താന്‍ ഫോമിലാണെന്ന് തെളിയിക്കുന്ന മെസി മാജിക് പുറത്ത് വന്നു. 42-ആം മിനിട്ടില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച ഫ്രീകിക്കില്‍ നിന്നും മെസി ഉതിര്‍ത്ത മനോഹരമായ അടി വളരെ കഷ്ടപ്പെട്ടാണ് എന്യേമ രക്ഷപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ലഭിച്ച കോര്‍ണറും ലക്ഷ്യം കാണാതെ പോയെങ്കിലും നൈജീരിയന്‍ പ്രതിരോധം തട്ടിയകറ്റിയ പന്ത് നേരെ സബലെറ്റയുടെ കാലുകളിലേക്കാണ് എത്തിയത്. സബലെറ്റ മെസിക്ക് കൈമാറി. പന്തുമായി നൈജീരിയന്‍ പെനാല്‍ട്ടി ബോക്‌സിലേക്ക് രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് മുന്നേറാനുള്ള ശ്രമം അവര്‍ ഫൗള്‍ വഴി തടയുകയായിരുന്നു. എത്തവണ പെനാല്‍ട്ടി ബോക്‌സിന് കുറച്ച് കൂടി അടുത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് എന്യേമയ്ക്ക് ഒരു അവസരവും നല്‍കാതെ മെസി വലയിലാക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ അര്‍ജന്റീന 2-1ന് മുന്നില്‍. ഇതോടെ ഗോള്‍വേട്ടയില്‍ മെസി നാലു ഗോളുമായി നെയ്മറിനോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആഞ്ഞടിച്ച നൈജീരിയ കളിയുടെ 47-ആം മിനിട്ടില്‍ സമനില നേടി. ഇത്തവണയും മൂസയാണ് അവരുടെ രക്ഷകനായത്. എന്നാല്‍ രണ്ട് മിനിട്ടിനുള്ളില്‍ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. കോണറില്‍ നിന്നും ലഭിച്ച പന്ത് മാര്‍ക്കസ് റോജോ ഒന്നാന്തരം ഒരു ഹെഡറിലൂടെ നൈജീരിയയുടെ വലയില്‍ എത്തിച്ചു. അര്‍ജന്റീനയ്ക്ക് വേണ്ടി 26 തവണ കുപ്പായമണിഞ്ഞ റോജോയുടെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. 

62-ആം മിനിട്ടില്‍ മെസിയെ പിന്‍വിലച്ചതോടെ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. അവരുടെ ലക്ഷ്യബോധം നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അവസരം മുതലാക്കി ആവേശത്തോടെ കളിച്ച നൈജീരിയ ആക്രമണം ശക്തമാക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. പിന്നീട് ചില പ്രത്യാക്രമണങ്ങളില്‍ മാത്രമായി അര്‍ജന്റീന ചുരുങ്ങിപ്പോവുകയും ചെയ്തു.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബോസ്‌നിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറാനെ തോല്‍പ്പിച്ചതോടെ അര്‍ജന്റീനയ്ക്ക് ഒപ്പം രണ്ടാം സ്ഥാനക്കാരായി നൈജീരിയയും അവസാന പതിനാറില്‍ സ്ഥാനം പിടിച്ചു.

സാംബ-2014

വിജയം പ്രലോഭനമാകുമ്പോള്‍ ബ്രസീല്‍ ജനത എന്തു ചെയ്യും?
കുരങ്ങന്‍ ജയിക്കണമെന്നും മുസോളിനി തോല്‍ക്കണമെന്നും ആഗ്രഹിച്ച ദിവസം…
ഡിവിഡികള്‍ പൊടിതട്ടിയെടുക്കുന്ന ബ്രസീലുകാര്‍- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു
ലോകകപ്പ്: ഇനി വമ്പന്‍മാര്‍ക്ക് എളുപ്പമാകില്ല കാര്യങ്ങള്‍- വിക്ടര്‍ മഞ്ഞില എഴുതുന്നു
ബെലോട്ടല്ലിക്ക് കളി കാര്യമായി – ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

ഗ്രൂപ്പ് ജിയില്‍ ഫ്രാന്‍സും ഇക്വഡോറും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. റഫറിയുടെ തെറ്റായ തീരുമാനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ അന്റോണിയോ വലന്‍സിയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ പത്തുപേരുമായി കളിച്ച് ഇക്വഡോറിനെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ ഫ്രാന്‍സിന് സാധിച്ചില്ല. ഏഴ് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാന്‍സ് നോക്കൗട്ട് ഘട്ടത്തില്‍ ഇടം പിടിച്ചു. നൈജീരിയയാണ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സ്വറ്റ്‌സര്‍ലന്റും ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അവര്‍ ഇനി അടുത്ത ഘട്ടത്തില്‍ അര്‍ജന്റീനയെ നേരിടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍