UPDATES

സാംബ- 2014

റൊണാള്‍ഡോ തെളിഞ്ഞാല്‍ പോര്‍ച്ചുഗല്‍ ചിരിക്കും- എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇന്നത്തെ മത്സരങ്ങളില്‍ വാശിയേറിയത് ജര്‍മനി-പോര്‍ച്ചുഗല്‍ മാച്ച് തന്നെ. ഗ്രൂപ്പ് ജിയിലെ ശക്തരായ രണ്ട് ടീമുകള്‍. ലോകകിരീടം നേടാന്‍ ചാന്‍സുള്ള രണ്ട് രാജ്യങ്ങള്‍ കൂടിയാണവര്‍. അതുകൊണ്ട് തന്നെ ആദ്യ മത്സരം ഇരുവര്‍ക്കും പ്രധാനപ്പെട്ടത്. 

കടലാസില്‍ ശക്തരാണ് ജര്‍മനി. ജര്‍മനിയുടെ വയസന്‍പട അരങ്ങൊഴിഞ്ഞ ശേഷം കളത്തിലെത്തിയ യുവരക്തത്തിന് ജര്‍മനിക്ക് നേടിക്കൊടുക്കാന്‍ ഏറെയുണ്ട്. അവരുടെ ഭൂതകാലവും ശ്രേഷ്ഠം. ഈ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള നാലു ടീമുകളില്‍ ഒന്ന് ജര്‍മനി തന്നെ. എന്നാല്‍ ആശങ്കകള്‍ അവര്‍ക്ക് മേലുമുണ്ട്. പരുക്ക് മൂലം താരങ്ങളെ നഷ്ടമായി ബ്രസീലിലേക്ക് എത്തിയവരില്‍ മുമ്പരാണ് ജര്‍മനി. മാര്‍ക്കോ റോസിയെപ്പോലുള്ളവര്‍ ഈ ലോക കപ്പിനില്ലയെന്നത് ജര്‍മ്മനിയെ മാത്രമല്ല വേദനിപ്പിക്കുന്നത്. ഒരുപിടി നല്ല കളിക്കാരെ കൂടാതെയാണ് ജര്‍മ്മനി എത്തിയിരിക്കുന്നത്. മാത്രവുമല്ല ഉള്ളവരില്‍ ഏറെപ്പേരും അത്രകണ്ട് മികച്ച ഫോമിലുമല്ല. പലരും പരുക്കില്‍ നിന്നും മുക്തി നേടി വരുന്നതേയുള്ളൂ. തോമസ് മുള്ളര്‍ അവരുടെ കുന്തമുനയാണ്. എന്നാല്‍ മുള്ളറും കഴിഞ്ഞ സീസണിലെ ക്ലബ് ഫുട്‌ബോളില്‍ അത്ര ശോഭിച്ചിരുന്നില്ല. പലപ്പോഴും സെക്കന്‍ഡ് ഹാഫില്‍ കളത്തിലിറങ്ങാനുള്ള യോഗമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളുതാനും.

വ്യക്തമായൊരു ഗെയിംപ്ലാനോടു കൂടി തന്നെയായിരിക്കും ജര്‍മനി കളത്തിലിറങ്ങുക. യൂറോ കപ്പില്‍ കളിച്ചിതില്‍ നിന്നു വലിയ വ്യത്യാസമൊന്നും അവരുടെ കളിയില്‍ കാണുമെന്നു തോന്നുന്നില്ല. സ്‌ട്രെയ്റ്റ് ഫുട്‌ബോളാണ് ജര്‍മ്മനിയുടെ പ്രത്യേകത. ടോണി ക്രോസ്,ഷ്വെന്‌സ്ഗര്‍, പെഡോള്‍സ്‌കി, ക്ലോസ്, ഓസില്‍ തുടങ്ങിയവര്‍ എതിരാളികള്‍ക്ക് സര്‍വ്വനാശം വിതയ്ക്കാന്‍ കരുത്തുള്ളവര്‍ തന്നെ. മിഡ് ഫീല്‍ഡറായ ഷ്വെന്‌സ്ഗറെയാണ് ഇവരില്‍ കൂടുതലായി ഞാന്‍ നോട്ടമിടുന്നത്. സ്റ്റീവന്‍ ജെരാഡിന്റെ റേഞ്ചില്‍ നില്‍ക്കുന്ന പ്രതിഭയാണദ്ദേഹവും. ലോംഗ് റേഞ്ച് ഷോട്ടുകള്‍ ഗോളാക്കുന്നതില്‍ മായാവി. എന്നാല്‍ അദ്ദേഹം പരുക്കില്‍ നിന്ന് പൂര്‍ണ മുക്തനല്ല. കളത്തിലിറങ്ങാനുള്ള ഫിറ്റ്‌നസ് അദ്ദേഹം വീണ്ടെടുത്തിട്ടുണ്ടോ എന്നറിയില്ല.

മറുവശത്ത് എല്ലാ കണ്ണുകളും ക്രിസ്ത്യാനോ റോണാള്‍ഡോയിലായിരിക്കും. റൊണാള്‍ഡോ ടീമില്‍ ഉണ്ടെന്നതു തന്നെ അവര്‍ക്ക് വലിയ ആശ്വാസമാണ്. റൊണാള്‍ഡോയുടെ കളി പോര്‍ച്ചുഗലിന്റെ ഭാവിക്കുമേലുള്ള തീരുമാനം കൂടിയാണ്. അദ്ദേഹം ഫോമാണെങ്കില്‍ കാര്യങ്ങള്‍ ശുഭം. എന്തായാലും ജര്‍മ്മനിക്കെതിരെ അദ്ദേഹത്തെ കോച്ച് കളത്തിലിറക്കുമെന്നു തന്നെയാണ് പ്രതീക്ഷ. എതിരാളികള്‍ ശക്തരായതുകൊണ്ടുമാത്രം. അതുപോലെ കളത്തിലിറങ്ങിയാല്‍ അദ്ദേഹത്തിന്റെ പോസിഷന്‍ എതായിരിക്കുമെന്നതും ചോദ്യമാണ്. ലഫ്റ്റില്‍ കളിക്കുമോ അതോ സ്‌ട്രൈക്കൈറുടെ റോളാണോ എന്ന് അറിയില്ല. റൊണാള്‍ഡോയെ കൂടാതെ മൗട്ടീഞ്ഞോ, കോണ്‍ട്രാവോ, അല്‍മേഡിയ, കോസ്റ്റ എന്നിവരിലും കിരീടസ്വപ്‌നം വച്ചുപുലര്‍ത്തുന്നുണ്ട് പോര്‍ച്ചുഗല്‍. യൂറോ കപ്പില്‍ കളിച്ചതില്‍ നിന്ന് വലിയ മാറ്റമൊന്നും പോര്‍ച്ചൂഗീസ് ലോക കപ്പിലും കാണിക്കുമെന്ന് കരുതണ്ട. എന്തായാലും അവര്‍ക്ക് അവരുടേതായ ഒരു ഗെയിംപ്ലാന്‍  ഉണ്ടായിരിക്കും. 

കളി തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ആരാകും കളത്തിനു പുറത്തേക്ക് ചിരിച്ചുകൊണ്ട് നില്‍ക്കുക എന്ന് മുന്‍കൂട്ടി പറയുക ബുദ്ധിമുട്ട്. എന്നാലും ചെറിയൊരു മുന്‍തൂക്കം ജര്‍മ്മനിക്കു കൊടുക്കുന്നതില്‍ തെറ്റില്ലതാനും!

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍