UPDATES

സാംബ- 2014

പട പേടിച്ച പറങ്കികളും മുള്ളറുടെ ഹാട്രിക്കും

Avatar

ടീം അഴിമുഖം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോക ഫുട്ബോളറുടെ മത്സരമാകും ജര്‍മ്മനിക്കെതിരെ എന്ന ലോകത്തിന്റെ പ്രതീക്ഷ തെറ്റി. താന്‍ ഇപ്പോഴും പരിക്കിന്റെ പിടിയില്‍ നിന്നും പൂര്‍ണമായും മുക്തനല്ല എന്ന് സംശയാതീതമായി തെളിയിക്കുന്ന പ്രകടനവുമായി റൊണാള്‍ഡോ വെറും കാഴ്ചക്കാരനായപ്പോള്‍ ജര്‍മ്മന്‍ ടാങ്ക് പോര്‍ച്ച്യുഗലിനെ ചതച്ചരച്ചത് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക്. ജര്‍മ്മനിയുടെ മധ്യനിരക്കാരന്‍ തോമസ് മുള്ളര്‍ 2014 ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയതാണ് മത്സരത്തിന്റെ സവിശേഷത. 

ഇന്നലത്തെ രണ്ടാമത്തെ മത്സരത്തില്‍ ഈ ലോകകപ്പിലെ ആദ്യ സമനില പിറന്നു. നൈജീരിയയും ഇറാനും തമ്മിലുള്ള ഈ മത്സരത്തില്‍ ബ്രസീല്‍-2014-ലാദ്യമായി ഗോള്‍ വീണില്ല എന്ന സവിശേഷതയും ഉണ്ട്. 2010 ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ ഘാനയോടേറ്റ പരാജയത്തിന്‍ മധുര പ്രതികാരവുമായി അമേരിക്ക അവരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 

വഴിയറിയാതെ ഉഴറി നടക്കുന്ന ഒരു സംഘമായിരുന്നു ലോക ഫുട്ബോളറുടെ നേതൃത്വത്തില്‍ ഇന്നലെ ഇറങ്ങിയ പോര്‍ച്ചുഗല്‍. മധ്യനിരയില്‍ അവര്‍ക്ക് കളിക്കാരെ ഉണ്ടായിരുന്നില്ല എന്ന തോന്നല്‍. പിന്‍നിര കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങള്‍ കണ്ടാല്‍ ഇന്ത്യക്കാര്‍ പോലും നാണിക്കും. അതുകൊണ്ട് തന്നെ തുല്യശക്തികളുടെ കടുത്ത പോരാട്ടമാകുമെന്നു കരുതിയ യൂറോപ്പിലെ വമ്പന്മാരുടെ ഏറ്റുമുട്ടല്‍ തികച്ചും ഏകപക്ഷീയമായി. പ്രതിരോധം മറന്ന പോര്‍ചുഗല്‍ വലയിലേക്ക് ജര്‍മനി നിറയൊഴിച്ചത് നാലു തവണ.

കളിമറന്ന് കളത്തില്‍ അലഞ്ഞു തിരിഞ്ഞ പറങ്കിപ്പടയ്ക്ക് അടുക്കും ചിട്ടയുമുള്ള ഫുട്‌ബോളിന്റെ പാഠങ്ങള്‍ ഫിലിപ്പ് ലാമും കൂട്ടരും കാണിച്ചു കൊടുത്തു. ഇരു ടീമുകളും തുറന്ന അവസരങ്ങള്‍ പാഴാക്കുന്നതു കണ്ടാണ് ഫോണ്ടെനോവ അരീനയില്‍ പന്തുരുണ്ട് തുടങ്ങിയത്. എന്നാല്‍, പത്തു മിനിറ്റിനകം എല്ലാം മാറിമറിഞ്ഞു. അപ്രതീക്ഷിതമായി പോര്‍ച്ചുഗല്‍ ബോക്സില്‍ പന്തുമായി മുന്നോട്ടാഞ്ഞ മരിയോ ഗോട്‌സെയെ ജാവോ പെരേര പിടിച്ചുനിര്‍ത്തി. സംശയമില്ലാതെ റഫറി പെനല്‍റ്റി വിധിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെ കിക്കെടുത്ത തോമസ് മുള്ളര്‍ക്ക് പിഴച്ചില്ല. ഗോള്‍വീണതോടെ പോര്‍ച്ചുഗലിന്റെ കഷ്ടകാലം തുടങ്ങി. ജര്‍മന്‍കാര്‍ പത്തുപേരും ആക്രമണത്തിനിറങ്ങിയതോടെ പോര്‍ച്ചുഗല്‍ പ്രതിരോധത്തിന് നിന്നുതിരിയാന്‍ പറ്റാതായി.  

ഇതിനിടെ, മുന്നേറ്റനിരയിലെ അല്‍മമേഡയ്ക്ക് പരിക്കേറ്റതും തിരിച്ചടിയായി. കളംവിടേണ്ടി വന്ന അല്‍മേഡയ്ക്കു പകരം എഡര്‍ വന്നു. 20-ആം മിനിട്ടില്‍ ജര്‍മനി രണ്ടാം ഗോള്‍ നേടി. ടോണി ക്രൂസിന്റെ കിടയറ്റ കോര്‍ണകിക്കില്‍ തലവെച്ച പ്രതിരോധ ഭടന്‍ മാറ്റ് ഹമ്മല്‍സിന്റെ വകയായിരുന്നു ഗോള്‍. രണ്ടു ഗോള്‍ വീണതോടെ പറങ്കികള്‍ അസ്വസ്ഥരായി. ഫൗളിനെ തുടര്‍ന്ന് നിലത്ത് ഇരുന്നു പോയ മുള്ളറുടെ തലയില്‍ തലകൊണ്ടിടിച്ച പെപെ ചുവപ്പുകാര്‍ഡ് ചോദിച്ചു വാങ്ങി. പ്രതിരോധത്തിലെ കരുത്തന്‍കൂടി പോയതോടെ പോര്‍ച്ചുഗലിന്റെ വീഴ്ച ഉറപ്പായി. തോല്‍വി എത്ര ഗോളിന് എന്നു മാത്രമായിരുന്നു സംശയം. ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ പോര്‍ചുഗല്‍ മൂന്നാംഗോള്‍ വഴങ്ങി. ബോക്‌സിലേക്കു വന്ന പന്ത് അടിച്ചകറ്റുന്നതില്‍ ബ്രൂണോ ആല്‍വസിനു പിഴച്ചപ്പോള്‍ തക്കംപാര്‍ത്തിരുന്ന മുള്ളര്‍ പന്ത് വലയിലേക്കു തട്ടിയിട്ടു. 

ആദ്യപകുതിയില്‍ തന്നെ ജോലി ഭംഗിയാക്കിയ ജര്‍മനി രണ്ടാം പകുതിയില്‍ അധികം ആവേശം കാണിച്ചില്ല. തുടര്‍ന്നുള്ള മത്സരങ്ങള്‍ക്ക് ഊര്‍ജ്ജം കരുതിവെക്കാനെന്ന പോലെ കളിയ്ക്ക് വേഗം കുറച്ചു. ഈ അവസരം മുതലെടുത്ത് പോര്‍ച്ചുഗല്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പോര്‍ച്ചുഗല്‍ പ്രതിരോധത്തിന്റെ മറ്റൊരു പിഴവ് മുതലെടുത്ത് എഴുപത്തെട്ടാം മിനിറ്റില്‍ കഴിഞ്ഞ ലോകകപ്പിലെ ടോപ്‌സ്‌കോററായ മുള്ളര്‍ ഹാട്രിക്ക് തികച്ചു. ഷുറില്‍ ബോക്‌സിലേക്കു നീട്ടിയ പന്ത് ഗോളിയുടെ കൈയില്‍ തട്ടി എത്തിയത് നേരെ മുള്ളറുടെ നേരെ. അദ്ദേഹത്തിന് വലയിലേക്ക് പന്ത് തോണ്ടിയിട്ട് ഹാട്രിക് തികയ്ക്കുക എന്ന ദൗത്യമേ ഉണ്ടായിരുന്നുള്ളു. വന്‍ പരാജയത്തോടെ പോര്‍ച്ചുഗലിന്റെ മുന്നോട്ടുള്ള യാത്ര ഇരുളടഞ്ഞതായി. പ്രത്യേകിച്ചും അടുത്ത രണ്ട് കളികളിലും പ്രതിരോധത്തിലെ കരുത്തന്‍ പെപെയുടെ സാന്നിധ്യം ഉണ്ടാവില്ല എന്ന് ഉറപ്പായിരിക്കെ. അമേരിക്കയും ഘാനയുമാണ് ഇനി അവരുടെ എതിരാളികള്‍. 

ഇന്നലത്തെ രണ്ടാമത്തെ മത്സരത്തില്‍ ഈ ടൂര്‍ണമെന്റിലെ ആദ്യത്തെ ഗോള്‍രഹിത സമനില കണ്ടു. നൈജീരിയയും ഇറാനും പന്തിന്റെ പിന്നാലെ ഓടുന്നുണ്ടായിരുന്നെങ്കിലും അവസരങ്ങള്‍ തുറന്നെടുക്കുന്നതിലും തുറന്നു കിട്ടിയ അപൂര്‍വം അവസരങ്ങള്‍ മുതലാക്കുന്നതിലും അമ്പേ പരാജയമായി. 

അവസാന മിനിറ്റ് വരെ പൊരുതിക്കളിച്ച ഘാനയെ 2-1 ന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്കയില്‍ ഏറ്റ പരാജയത്തിന്  അമേരിക്ക പകരം വീട്ടിയത്. ഈ ലോകകപ്പിലെ ഏറ്റവും വേഗം കൂടിയ ഗോളിന്റെ പിറവി കണ്ട മത്സരം കൂടിയായി ഇത്. കളി തുടങ്ങി 32 സെക്കന്റിനുള്ളില്‍ അമേരിക്കയുടെ ക്ലെന്റ് ഡെംപ്‌സിയാണ് ഗോള്‍ നേടിയത്. ഘാന 82-ആം മിനിറ്റില്‍ ആന്ദ്രേ അയേവിലൂടെ ഗോള്‍ മടക്കി. പക്ഷേ നാല് മിനിറ്റിനുള്ളില്‍ അമേരിക്കയുടെ ജോണ്‍ ബ്രൂക്ക് ജൂനിയര്‍ ഗോള്‍ തിരിച്ചടിച്ച് അമേരിക്കയുടെ വിജയം ഉറപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍