UPDATES

സാംബ- 2014

പോര് മറന്ന കാളക്കൂറ്റന്‍മാര്‍; സ്പെയിന്‍ പുറത്ത്

Avatar

ടീം അഴിമുഖം

ഇത് ഒരു സ്വപ്‌ന യാത്രയുടെ സ്വാഭാവിക അന്ത്യം. ഒന്നും അനശ്വരമല്ല എന്ന സത്യം അവര്‍ക്കും ബാധകമാണ്. കഴിഞ്ഞ പത്തു വര്‍ഷം ലോക ഫുട്ബോളിനെ അടക്കിവാണ നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ ബ്രസീല്‍-2014 ല്‍ രണ്ടാം റൗണ്ട് പോലും കാണാതെ മടങ്ങുമ്പോള്‍ ലോക ഫുട്ബോള്‍ ചരിത്രത്തിലെ തങ്കലിപികളാല്‍ രചിക്കേണ്ട ഒരു ഏട് അവസാനിക്കുകയാണ്. അവര്‍ നേടാത്തതായി ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് യൂറോ കിരീടങ്ങള്‍, ഒരു ലോകകപ്പ് വിജയം, എല്ലാ പ്രമുഖ ക്ലബുകളിലേയും സാന്നിധ്യം, സര്‍വോപരി യാന്ത്രികമായിക്കൊണ്ടിരുന്ന യൂറോപ്യന്‍ ഫുട്ബോളില്‍ കവിതയുടെ മണമുള്ള കളിയിലൂടെ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവര്‍ നിശബ്ദം ലോകത്തോട് പറഞ്ഞു, ‘ഫുട്ബോള്‍ ശക്തിയല്ല, അത് സൗന്ദര്യവും സ്‌നേഹവുമാണ്’. ഇത്രയും പ്രതിഭയുള്ള കളിക്കാര്‍ ഒരേ കാലത്ത് ഒരു ടീമില്‍ ഉരുവം കൊള്ളുക എന്ന അത്യപൂര്‍വതയായിരുന്നു ഇന്നലത്തെ തോല്‍വിയോട് അവസാനിക്കുന്നത്. സൈഡ് ബഞ്ചിലിരിക്കുന്ന താരങ്ങള്‍ മറ്റൊരു ടീമിലായിരുന്നെങ്കില്‍ ആദ്യ പതിനൊന്നില്‍ സ്ഥാനം പിടിക്കാനുള്ള പ്രതിഭയും ശേഷിയുമുള്ളവര്‍. നമ്മള്‍ ഭാഗ്യവാന്മാരാണ്. അവരുടെ കാലത്ത് ജീവിക്കാനായി എന്നതിനാല്‍.

പക്ഷെ ആ തോല്‍വി ദയനീയമായി പോയി. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തന്നെ തോറ്റ് പുറത്താവുന്നത്. കഴിഞ്ഞ ലോകകപ്പില്‍, അന്ന് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നെങ്കിലും അവരുടെ വിധി നിര്‍ണയിച്ചത് ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു. പക്ഷെ ഇന്നലെ ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ചിലിയുടെ വേഗത്തിലും കരുത്തിലും ഞെരിഞ്ഞമര്‍ന്ന ഈ സ്പാനിഷ് വസന്തത്തിന് തിരശ്ശീല ഇടാന്‍ പ്രകൃതി അത്രയും സമയം കാത്തു നിന്നില്ല. 

ആദ്യ പകുതിയില്‍ തന്നെ നേടിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചിലി ചാമ്പ്യന്മാരെ കടപുഴകിയത്. ലാറ്റിന്‍ അമേരിക്കന്‍ ശക്തിയുടെ വന്യമായ വേഗത്തിന്റെയും കരുത്തിന്റെയും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള ആയുധങ്ങളൊന്നും സ്‌പെയിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇരു പകുതിയുടേയും തുടക്ക നിമിഷങ്ങളില്‍ ആഞ്ഞടിച്ചതൊഴിച്ചാല്‍ അവര്‍ വെറും സാധാരണക്കാരായിരുന്നു. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയുടെ ആദ്യ പതിനഞ്ച് മിനിട്ട് അവര്‍ നേടിയ സമ്പൂര്‍ണ ആധിപത്യം ഗതകാല പ്രതാപത്തിന്റെ അനുരണങ്ങള്‍ ഉണര്‍ത്തി. എന്നാല്‍ ടിക്കി-ടാക്ക പരാജയപ്പെടുന്നു എന്ന് അറിഞ്ഞിട്ടും ഡീഗോ കോസ്റ്റ എന്ന ഒറ്റ ഫോര്‍വേഡില്‍ വിശ്വാസമര്‍പ്പിച്ച കോച്ച് ഡെല്‍ബോസ്‌കോയുടെ തന്ത്രത്തില്‍ വന്ന പാളിച്ചയാണ് ഗോള്‍ നേടുന്നതില്‍ നിന്നും ചാമ്പ്യന്മാരെ അകറ്റിയയത്. ഒരു പക്ഷെ രണ്ട് ഫോര്‍വേഡുകളെ ഒരേ സമയം കളിപ്പിച്ചിരുന്നെങ്കില്‍ സ്പാനിഷ് വസന്തത്തിന് കുറച്ചു കൂടി ആയുസ് ഉണ്ടാവുമായിരുന്നു. അവസാന മുപ്പത് മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ ഫെര്‍ണാണ്ടോ ടോറസിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഡീഗോ കോസ്റ്റയെ പിന്‍വിലച്ചാണ് ടോറസിനെ ഇറക്കിയത് എന്നതും ബോസ്‌കോയുടെ തന്ത്രത്തിലെ പാളിച്ചായായി വ്യാഖ്യാനിക്കപ്പെടും. 

ആദ്യ പകുതിയില്‍ തന്നെ ചിലി വിജയവഴിയില്‍ എത്തിയിരുന്നു. രണ്ട് ഗോളുകളുടെയും പിന്നില്‍ അവരുടെ പ്ലേമേക്കര്‍ അലക്‌സി സാഞ്ചസായിരുന്നു. ഇരുപതാം മിനിട്ടില്‍ അലേന്‍സോയുടെ മിസ്പാസില്‍നിന്നായിരുന്നു ആദ്യ ഗോള്‍. പന്തു പിടിച്ചെടുത്തു കുതിച്ച സാഞ്ചസ് ആദ്യം വിദാലിനു നല്‍കി. ഓടിക്കയറിയ സാഞ്ചസിലേക്കു തന്നെ വിദാല്‍ കൈമാറി. സാഞ്ചസില്‍നിന്ന് അറാംഗ്വിസിലേക്ക്. അറാംഗ്വിസ് വര്‍ഗാസിനു നല്‍കി. കസിയസിനെ വെട്ടിയൊഴിഞ്ഞ വര്‍ഗാസ് വീണുകിടന്ന് വലതുകാല്‍കൊണ്ട് പന്ത് വലയിലേക്കു കുത്തിയിട്ടു. ഗോള്‍ വീണിട്ടും സ്‌പെയിന്‍ ഉണര്‍ന്നില്ല. ചിലിയാകട്ടെ അടങ്ങാന്‍ ഭാവമില്ലായിരുന്നു. നാല്‍പ്പത്തി മൂന്നാം മിനിറ്റില്‍ അറാംഗ്വിസിലൂടെ ലീഡുയര്‍ത്തി. സാഞ്ചസിന്റെ ശക്തമായ ഫ്രീകിക്ക് കസിയസ് കുത്തിയകറ്റിയത് അറാംഗ്വിസിന്റെ കാലിലേക്കാണ് വീണത്. ഒട്ടും സമയം കളയാതെ അറാംഗ്വിസ് കസിയസിനെ നിസ്സഹായനാക്കി പന്ത് വലയിലേക്കു നീട്ടിയടിച്ചു. 

ഇന്നലെ ഇതേ ഗ്രൂപ്പിലെ തന്നെ ആദ്യ മത്സരത്തില്‍ പ്രതീക്ഷിച്ചത് പോലെ ഹോളണ്ട് ഓസ്ട്രലിയയെ കീഴടക്കി. അസാമന്യ വേഗത കൊണ്ടും ആക്രമണ പ്രത്യാക്രമണങ്ങള്‍ കൊണ്ടും മുഖരിതമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഓറഞ്ച് പട ജയിച്ചു കയറിയത്. ആര്യന്‍ റോബന്‍, വാന്‍പേഴ്‌സി, ഡെപെ എന്നിവരിലൂടെ ഹോളണ്ടും ടിം കാഹില്‍, ക്യാപ്റ്റന്‍ മെല്‍ യെദിനാക് എന്നിവരിലൂടെ ഓസ്‌ട്രേലിയയും വല കുലുക്കി. ഇതോടെ ഗ്രൂപ്പില്‍ നിന്നും ഹോളണ്ടും ചിലിയും നോക്കൗട്ട് ഘട്ടത്തിലേക്കും സ്‌പെയിനും ഓസ്‌ട്രേലിയയും നാട്ടിലേക്കും യാത്ര തിരിക്കും. തിങ്കളാഴ്ച നടക്കുന്ന ഹോളണ്ട്-ചിലി മത്സരം ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കും. 

ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ഗ്രൂപ്പ് ഏയില്‍ ക്രോയേഷ്യ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കാമറൂണിനെ തുരത്തി. ഇതോടെ ബ്രസീലിനും മെക്‌സിക്കോയ്ക്കും പിന്നില്‍ മൂന്നാമതായി ക്രോയേഷ്യ അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യത നിലനിറുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍