UPDATES

സാംബ- 2014

എന്‍റെ 16 എം എം ലോകകപ്പ്; വിക്ടര്‍ മഞ്ഞില എഴുതുന്നു

Avatar

വിക്ടര്‍ മഞ്ഞില

സ്കൂള്‍ വേനലവധികാലത്ത് പൂരത്തിനോടനുബന്ധിച്ച് തൃശൂരില്‍ നടക്കുന്ന എക്സിബിഷന്‍ കാണുക പതിവായിരുന്നു. ഇന്നത്തെ പോലെ പൂരപ്പറമ്പിലായിരുന്നില്ല, മോഡല്‍ ഗേള്‍സ് സ്കൂളിലാണ് പ്രദര്‍ശനം നടത്തി വന്നിരുന്നത്. അത് കാണാന്‍ എനിക്ക് ഏറെ താത്പര്യവും ഉത്സാഹവും ഉണ്ടായിരുന്നു. അങ്ങിനെ എക്സിബിഷന്‍ കാണാന്‍ പോയ സമയത്താണ്, തൃശൂര്‍ ഫിലിം സൊസൈറ്റിയാണെന്നാണ് എന്റെ ഓര്‍മ്മ, മുന്‍ ലോകകപ്പ് മത്സരങ്ങളുടെ സൌജന്യ പ്രദര്‍ശനം നടത്തുന്നത് കാണാന്‍ ഇടയായി. പൊതുവേ ഫുട്ബോള്‍ കളിയോട് താത്പര്യമുള്ള എനിക്കു അത് വലിയ അനുഭവമായിരുന്നു. വയനാപരിചയം മാത്രം ഉണ്ടായിരുന്ന എനിക്ക് അന്നാണ് ലോക ഫുട്ബോള്‍ മത്സരം കാണാന്‍ കഴിഞ്ഞത്. 16 എം എം സ്ക്രീനിലായിരുന്നു പ്രദര്‍ശനം. പ്രദര്‍ശന നഗരിയിലേക്കുള്ള ഫീസായ 25 പൈസ (അന്നത്തെ നാലണ) കൊടുത്ത് ഞാന്‍ പല ആവര്‍ത്തി മത്സരങ്ങള്‍ കണ്ടു. അത്രയേറെ ആ മത്സരങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. അക്കാലത്ത് ദൃശ്യ മാധ്യമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നെ അച്ചടി മാധ്യമങ്ങളാണ്. അതില്‍ സ്പോര്‍ട്സിന് വലിയ പ്രധാന്യവും ഉണ്ടായിരുന്നില്ല.

അന്ന് ഞാന്‍ കണ്ടത് 1966 ലോകകപ്പില്‍ ഇംഗ്ലണ്ടില്‍ വെച്ചു നടന്ന മത്സരങ്ങളായിരുന്നു. ആദ്യമായി പെലെയുടെ ഫുട്ബോള്‍ മാസ്മരികത കണ്ടതും അന്നാണ്. തൃശൂരില്‍ നടക്കുന്ന ചാക്കോള ട്രോഫിയിലെ ഒന്നോ രണ്ടോ മത്സരങ്ങള്‍ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന എന്നെ ഈ മത്സരങ്ങള്‍ ഏറെ സ്വാധീനിച്ചു. പെലെയുടെ ഗോളടികള്‍, പോര്‍ച്ചുഗലിന്റെ യൂസേബിയ, ഇംഗ്ലണ്ടിന്‍റെ ഗോര്‍ഡന്‍ ബംങ്ക്സ്, ബോബി ചാര്‍ട്ടന്‍, ക്യാപ്റ്റന്‍ ബോബി മൂര്‍ ഇവരൊക്കെയാണ് എന്‍റെ മനസില്‍ തങ്ങി നിന്നിരുന്ന അന്നത്തെ പേരുകള്‍. അന്നും ഇന്നും എന്‍റെ ഇഷ്ടതാരമായി ആരാധിക്കുന്ന പെലെ പരിക്ക് പറ്റി പുറത്തുപോകുന്ന കാഴ്ച ഇന്നും ഓര്‍ക്കുന്നു.

ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു മത്സരം പോര്‍ച്ചുഗലും ആദ്യമായി ലോകകപ്പ് മത്സരിക്കാന്‍ എത്തിയ വടക്കന്‍ കൊറിയയും തമ്മിലുള്ളതായിരുന്നു. ആ മത്സരത്തില്‍ മൂന്ന് ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്ന വടക്കന്‍ കൊറിയയെ നാല് ഗോള്‍ തിരിച്ചടിച്ച് വിജയത്തിലെത്തിച്ച കരിംപുലി എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന യൂസേബിയ എന്‍റെ മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു താരമാണ്.

നല്ല ഗോള്‍കീപ്പിംഗ് എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. ഇംഗ്ലണ്ടിന്‍റെ അന്നത്തെ കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്സിന്‍റെ മിന്നുന്ന പ്രകടനം പ്രത്യേകം ഓര്‍ക്കുന്നു. ഇത് പറയുമ്പോള്‍ എന്‍റെ ഓര്‍മ്മയില്‍ വരുന്നത് ഇംഗ്ലണ്ടും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരമാണ്. ആ മത്സരത്തില്‍ പെനാല്‍റ്റി കിക്ക് എടുത്തത് യൂസേബിയ. അപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറെന്ന് അറിയപ്പെടുന്ന ബാങ്ക്സ് എതിര്‍ വശത്തേക്ക് ഡൈവ് ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞത് അത് മത്സര തലേന്ന് നടക്കാറുള്ള ടീം ടോക്കിനനുസരിച്ച് ചെയ്തതാണ് എന്നാണ്. സാധാരണ മറ്റ് മത്സരങ്ങളില്‍ യൂസേബിയ ഗോളിയുടെ ഏത് വശത്തേക്കാണോ കിക്കെടുക്കാറുള്ളത് അതിന്‍റെ എതിര്‍ ദിശയിലേക്ക് വീഴണം എന്നായിരുന്നു തീരുമാനം. അന്ന് മികച്ച ഫോമിലുള്ള ബങ്ക്സിന്‍റെ ഗോള്‍ പോസ്റ്റിലേക്ക് യൂസേബിയ സാധാരണ ഏത് ദിശയിലാണോ അടിക്കാറുള്ളത് അത് അദ്ദേഹം മാറ്റണം എന്നായിരുന്നു പോര്‍ച്ചുഗലിന്‍റെ തീരുമാനം. ഇംഗ്ലണ്ടിന്‍റെ തീരുമാനം നേരത്തെ ഊഹിച്ച യൂസേബിയ സാധാരണ എടുക്കാറുള്ള ദിശയിലേക്ക് പന്ത് അടിക്കുകയായിരുന്നു. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് പിന്നീട് ഞാന്‍ വായിച്ചറിഞ്ഞു. എന്തായാലും അതിനു ശേഷം പല മത്സരങ്ങളിലും പെനാല്‍റ്റി ഷോട്ട് എടുക്കുമ്പോള്‍ പല പ്രശസ്ത ഗോള്‍ കീപ്പര്‍മാരും ഇത് പോലെ കിക്കിന്റെ എതിര്‍വശത്തേക്ക് ഡൈവ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പെനാല്‍റ്റി കിക്കെടുക്കുമ്പോള്‍ ശരിയായ ദിശയില്‍ ശരിയായ വേഗത്തില്‍ 12 വാര ദൂരത്ത് നിന്ന് അടിച്ചാല്‍ എത്ര വേഗതയുള്ള കീപ്പറായാലും രക്ഷപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്.പന്തിന്‍റെ വേഗത, വരവ്, ശരീര ഭാഷ എന്നിവ നോക്കി ഒരു അസംപ്ഷനോടെ തടുക്കുകയാണ് ഗോള്‍കീപ്പര്‍മാര്‍ ചെയ്യാറ്.

ഇതുപോലെ ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി ഓര്‍മ്മകള്‍ മനസില്‍ തങ്ങി നില്‍ക്കുന്നുണ്ട്. ദൃശ്യ മാധ്യമങ്ങളുടെ വരവോടെ കഴിഞ്ഞുപോയ ഒരു പാട് മത്സരങ്ങള്‍ വീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അന്ന് അപൂര്‍വമായി കാണാന്‍ കഴിഞ്ഞിരുന്ന കളികള്‍ ഭംഗിയായി കാണാന്‍ ഇന്ന് നമുക്ക് കഴിയുന്നു. ഒരു ഗോളടിച്ചാലോ, അല്ലെങ്കില്‍ ഒരു പ്രധാന സംഭവത്തിന്‍റെയോ ദൃശ്യങ്ങള്‍ മൂന്നും നാലും കോണുകളില്‍ സ്ലോമോഷനില്‍ കാണിക്കുന്നത് കൂടുതല്‍ മികച്ച അനുഭവമാണ് നല്‍കുന്നത്.

ഒരു പാട് നല്ല കളിക്കാരെ ഇന്ന് നമുക്കോര്‍ക്കാം. ഒരുപാട് സംഭവങ്ങള്‍, ഒരുപാട് ഗോളുകള്‍, വിസ്മയ പ്രകടനങ്ങള്‍. മറഡോണ, ലേവ് യാഷിന്‍, സിദാന്‍, പീറ്റര്‍ ഷില്‍ട്ടന്‍, ലോഥര്‍ മതിയാസ്, മിഷേല്‍ പ്ലാറ്റിനി, പൌലോ റോസി, മെസി, ക്രിസ്റ്റ്യാനോ അങ്ങിനെ പോകുന്നു പേരുകള്‍. മറഡോണയുടെ ദൈവത്തിന്‍റെ കൈ, സിനദിന്‍ സിഡാന്‍ എതിര്‍ കളിക്കാരനെ വയറ്റില്‍ ഇടിച്ചത്, ക്രോസ് ബാറില്‍ തട്ടിയ പന്ത് ഗോള്‍ ലൈനില്‍ വീണ് ഗോളാണോ അല്ലയോ എന്ന തര്‍ക്കം ഉണ്ടായത് തുടങ്ങി നിരവധി സംഭവങ്ങള്‍.

ഇപ്പോള്‍ നമ്മള്‍ ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിലേക്ക് വീണു കഴിഞ്ഞിരിക്കുന്നു. ഇന്ന് എല്ലാവര്‍ക്കും എല്ലാ ടീമിനെക്കുറിച്ചും കളിക്കാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ കിട്ടാനുള്ള അവസരങ്ങള്‍ നിരവധിയുണ്ട്. ലോകകപ്പ് കേരളത്തില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ചില്ലറയല്ല. പ്രത്യേകിച്ചും മലപ്പുറം ജില്ലയില്‍. ഇത്തവണ മലപ്പുറം ജില്ലയില്‍ കൂടി യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ഉണ്ടായിരുന്നു. ഇത്രയും ആവേശം ബ്രസീലിലോ അര്‍ജന്‍റീനയിലോ ഉണ്ടാകുമോ എന്ന് സംശയിച്ച് പോകും. എന്തായാലും ലോകത്തിലെ വലിയ ഫുട്ബോള്‍ മാമാങ്കം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ലൊരു ഫുട്ബോള്‍ വിരുന്ന് തന്നെ പ്രതീക്ഷിക്കാം. പ്രമുഖ കളിക്കാരുടെ പരിക്ക് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. അതുപോലെ ചിലരുടെ തിരിച്ചു വരവും സന്തോഷം നല്കുന്നുണ്ട്. ഈ ലോകകപ്പിലെ ജേതാക്കളാരായിരിക്കും? ആരായിരിക്കും പുതിയ താരോദയം? ആരാവും ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍? അതിനായി നമുക്ക് ഉത്സാഹത്തോടെ കാത്തിരിക്കാം.

(ഇന്ത്യയുടെ മുന്‍ ഗോള്‍ കീപ്പറും 1993ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്‍റെ കൊച്ചുമായിരുന്നു വിക്ടര്‍ മഞ്ഞില. തൃശൂരില്‍ ജനിച്ച വിക്ടര്‍ മഞ്ഞില കോളേജ് പഠനകാലത്ത് കോഴിക്കോട് സര്‍വകലാശാലയ്ക്ക് വേണ്ടിയും പിന്നീട് കളമശേരി പ്രീമിയര്‍ ടയേര്‍സ് ടീമിന് വേണ്ടിയും കളിച്ചു. ആറ് തവണ കേരളത്തിന്‍റെ സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്ന വിക്ടര്‍ 1975ല്‍ കേരള ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. 1973ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലും മഞ്ഞില അംഗമായിരുന്നു.)    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍