UPDATES

സാംബ- 2014

ബെലോട്ടല്ലിക്ക് കളി കാര്യമായി – ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഇതുവരെ നടന്ന മത്സരങ്ങള്‍ വിലയിരുത്തിയാല്‍ രണ്ടു ടീമുകളാണ് കിരീടം നേടാന്‍ കെല്‍പ്പുള്ളവരായി എനിക്ക് തോന്നുന്നത്-ജര്‍മനിയും ഹോളണ്ടും. ഇവരെ കൂടാതെ ഒരു ടീമിനെക്കുടി പറയുകയാണെങ്കില്‍ അത് ഇറ്റലിയാണ്. ഒരു മത്സരം കൊണ്ട് ഒരു ടീമിനെ വിലയിരുത്തുന്നതില്‍ അപാകത ഉണ്ടെങ്കിലും ഇറ്റലിയുടെ മുന്നേറ്റത്തെ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല. അവര്‍ കരുത്തരാണ്. എതിരാളികളുടെ കോട്ട ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ തക്ക കരുത്തുള്ളവര്‍. ആ കരുത്തില്‍ ഫുട്‌ബോള്‍ ലോകം പ്രതീക്ഷ വയ്ക്കുന്നു. ആ പ്രതീക്ഷ സംരക്ഷിക്കുന്ന തരത്തിലാകും കോസ്റ്റാറിക്കയെ അവര്‍ നേരിടാന്‍ എത്തുന്നതും. ഇംഗ്ലണ്ടിനെതിരേ നേടിയ വിജയം അവരുടെ ആത്മവിശ്വാസവും ഉയര്‍ത്തിയിരിക്കുന്നു. 

കളത്തിലിറങ്ങും മുന്‍പേ ഇറ്റലിയുടെ പടയോട്ടത്തിന് നേതൃത്വം നല്‍കുക ആന്ദ്രെ പിര്‍ലോ ആയിരിക്കുമെന്നും ഏറെക്കുറെ എല്ലാവരും പ്രവിച്ചിരുന്നു. ആ പ്രവചനങ്ങളെ തെല്ലും പിറകോട്ടടിക്കാതെയായിരുന്നു ആദ്യ മത്സരത്തില്‍ തന്നെ പിര്‍ലോയുടെ കുതിപ്പ്. ഈ ലോകകപ്പ് ഇറ്റലി നേടുകയാണെങ്കില്‍ അതിനായി പിര്‍ലോ വഹിക്കുന്ന പങ്ക് വളരെ വലുതായിരിക്കും. മറ്റൊരു കാര്യം കൂടി ഇറ്റലിയുടെ മുഖത്തെ സന്തോഷത്തിന് കാരണമാകുന്നുണ്ട്. ബെലോട്ടല്ലി കളി കാര്യമായി എടുത്തിരിക്കുന്നു. ഇംഗ്ലണ്ടിനെതിരേ ബെലോട്ടല്ലി വല ചലിപ്പിച്ചപ്പോള്‍, അത് തങ്ങള്‍ക്ക് വരാനിരിക്കുന്ന നല്ല കാലത്തിന്റെ ശുഭസൂചനയായി ഇറ്റലി കണ്ടു കഴിഞ്ഞു. ആദ്യ മത്സരത്തിനു മുമ്പ് വരെ ബെലോട്ടല്ലിയുടെ പ്രകടനം എങ്ങിനെ ആയിരിക്കുമെന്ന ആശങ്ക ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. ആ കറുത്ത കരുത്തില്‍ വിശ്വസിച്ചിരുന്നയാള്‍ ഇറ്റലിയുടെ കോച്ച് തന്നെയായിരുന്നു.ആ വിശ്വാസം ബെലോട്ടല്ലി കാത്തു. സെറെസിയുടെ പ്രകടനവും എടുത്ത പറയേണ്ടതാണ്. പിര്‍ലോയെ ഫ്രീ ആയി കളിക്കാന്‍ വിട്ടു എന്നതു തന്നെയാണ് സെറെസി ചെയ്ത ഏറ്റവും നല്ലകാര്യം. കോസ്റ്റാറിക്കയ്‌ക്കെതിരേ ബഫണ്‍ വല കാക്കാന്‍ വരുമോ എന്നാണ് അറിയേണ്ടത്. അതോ സിരിഗു തന്നെ ഗോള്‍ വല സംരക്ഷിക്കുമോ എന്നറിയില്ല. എന്തായാലും ജയത്തോടെ രണ്ടാം റൗണ്ടിലേക്കുള്ള യാത്ര സുഗമമാക്കാന്‍ തന്നെയാകും ഈ മുന്‍ലോക ചാമ്പ്യന്‍മാരുടെ ഉദ്ദേശ്യം. 

എന്നാല്‍ കോസ്റ്റാറിക്കയും വിജയത്തിന്റെ ആവേശത്തോടെയാണ് കളിക്കളത്തില്‍ എത്തുക. തങ്ങളേക്കാള്‍ ഒരുപടിയെങ്കിലും മുന്നില്‍ നില്‍ക്കുന്നവരെന്ന് കളി വിദഗ്ധര്‍ ഉറപ്പിച്ച യുറഗ്വായെ കീഴടിക്കയാണ് കോസ്റ്റാറിക്ക കരുത്ത് കാട്ടിയത്. ആ വിജയത്തില്‍ നിന്ന് അവര്‍ക്ക് കിട്ടിയ ഊര്‍ജ്ജം ചെറുതാകില്ല. ഇറ്റലിക്കെതിരേ അവര്‍ നന്നായി ഫൈറ്റ് ചെയ്യും.ജയം തന്നെ ലക്ഷ്യംവെച്ച് ഇരു ടീമുകളും ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറും.

രണ്ടാം ജയം തേടി ഫ്രാന്‍സും സിറ്റ്‌സ്വര്‍ലന്‍ഡും ഇന്ന് ഇറങ്ങുന്നുണ്ട്. ഇന്ന് ജയിക്കുന്ന ടീമിന് അടുത്ത റൗണ്ടിലേക്കും പോകാം. അതിനാല്‍ മത്സരം ആവേശകരമായിരിക്കും. ബെന്‍സിമായുടെ ബലത്തിലായിരിക്കും ഫ്രാന്‍സ്. ബ്രസീലിലേക്ക് വിമാനം കയറിയ ഫ്രാന്‍സിനെ പറ്റി അവരുടെ ആരാധകര്‍ക്ക് പോലും വലിയ പ്രതീക്ഷകളില്ലായിരുന്നു. എന്നാല്‍ പൊരുതാനുള്ള പോര്‍വീര്യം സിദാന്റെ പിന്‍ഗാമികളുടെ കാലുകളില്‍ കാണാന്‍ കഴിയുന്നുണ്ട്. ബെന്‍സിമാ തന്നെയായിരിക്കും ഈ കളിയിലും ഫ്രാന്‍സിന്റെ പ്രധാന ആയുധം. മധ്യനിരയില്‍ മറ്റൗഡിയുടെ സാന്നിധ്യവും സ്വിറ്റ്‌സര്‍ലന്‍ഡ് പേടിക്കണം. 

എതിരാളികള്‍ ആരെന്നതു പ്രശ്‌നമാക്കാതെ അവസാനം വരെ പോരാടുനന്നവരാണ് സ്വിസ് പോരാളികള്‍. കൗണ്ടര്‍ അറ്റാക്കിംഗില്‍ വളരെ അപകടകാരികള്‍. പ്രതാപത്തിന്റെ നിഴല്‍കൊണ്ട് മാത്രം സ്വിറ്റ്‌സര്‍ലന്‍ഡിനെ മറയ്ക്കാമെന്ന് ഫ്രാന്‍സ് കരുതണ്ടെന്ന് സാരം.

പാതിജീവന്‍ പോയ രണ്ടു ടീമുകളാണ് ഹോണ്ടുറാസും ഇക്വഡോറും.പുറത്തേക്കുള്ള വാതിലിന്റെ പടിയില്‍ നില്‍ക്കുന്നവര്‍. അകത്തേക്കു കയറണമെങ്കില്‍ ചിലതെല്ലാം സംഭവിക്കേണ്ടി വരും.എന്നാലും ഇന്ന് ഇവര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും രണ്ടുപേരും ആഗ്രഹിക്കുന്നില്ല. ഫ്രാന്‍സിനെതിരേ പരുക്കന്‍ കളിയായിരുന്നു ഹോണ്ടുറാസ് പുറത്തെടുത്തത്. കായിക മികവല്ല, കളിമികവാണ് കളത്തില്‍ വേണ്ടതെന്ന് അവര്‍ മറക്കുന്നോ? ഇക്വഡോര്‍ ഒരു തിരിച്ചുവരവിനെന്നോണം ഇന്ന് ഫൈറ്റ് ചെയ്യും. ക്യാപ്റ്റന്‍ അന്റോണിയോ വലന്‍സിയ, ഇന്നര്‍ വലന്‍സിയ എന്നിവരിലാകും ഇക്വഡോറിന്റെ പ്രതീക്ഷകള്‍. അവരുടെ കളിമിടുക്ക് ഹോണ്ടുറാസിന്റെ തടിമിടുക്കിനെ മറികടക്കുമെന്ന് വിശ്വസിക്കാം.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍