UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി-20 ലോകകപ്പ്; ടീം ഇന്ത്യ അത്ര പെര്‍ഫക്ട് ഒന്നുമല്ല

Avatar

ആര്‍ ഉണ്ണികൃഷ്ണന്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏതൊരു പ്രധാന ടൂര്‍ണമെന്റിന് തയ്യാറെടുക്കുമ്പോഴും വിമര്‍ശനങ്ങളും ആവലാതികളും കൂട്ടായി കാണും. അടുത്ത മാസം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘കുട്ടി ക്രിക്കറ്റിന്റെ’ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും സ്ഥിതിയില്‍ വലിയ മാറ്റം ഇല്ല. പതിവ് പോലെ ടീം സെലക്ഷന്‍ ഇത്തവണയും പലരുടെയും നെറ്റി ചുളിപ്പിക്കുവാന്‍ കാരണമായി.

പവന്‍ നേഗി എന്ന ഡല്‍ഹിക്കാരനു നറുക്ക് വീണപ്പോള്‍ അല്പം ഞെട്ടലോടെയാണ് ആരാധകര്‍ അതേറ്റെടുത്തത്. കാരണം ഇടംകയ്യന്‍ സ്പിന്നര്‍ ആയ നേഗിക്ക് കൂട്ടായി ഈ കഴിഞ്ഞ അഭ്യന്തര ടി20 സീസണില്‍ എടുത്തു പറയത്തക്ക പ്രകടനങ്ങള്‍ ഒന്നും തന്നെയില്ല.  സെലക്ടര്‍മാര്‍ പറയുന്നത് പോലെ “ആഭ്യന്തര മത്സരങ്ങളിലെ മികവാണ് സെലക്ഷന് ആധാരം” എന്നൊക്കെ പറഞ്ഞാല്‍ സാധാരണക്കാരായ  ആരാധകര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല.  ഈയിടെ സമാപിച്ച സയീദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേവലം 6 വിക്കറ്റുകള്‍ മാത്രമാണ് ഇദ്ദേഹം നേടിയത്. ബാറ്റിങ്ങില്‍ ചില്ലറ വെടിക്കെട്ട്‌ പ്രകടങ്ങള്‍ നടത്തി എന്നതൊഴിച്ച് ഈ  ഇടംകയ്യന്‍ സ്പിന്നരില്‍ നിന്നും മറ്റു അത്ഭുതങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പ്രകടന മികവാണ് നോക്കിയിരുന്നതെങ്കില്‍ മലയാളിയായ പ്രശാന്ത്‌ പദ്മനാഭന്‍ ടീമില്‍ ഇടം നേടേണ്ടതായിരുന്നു. ഇടം കയ്യന്‍ സ്പിന്നെര്‍ ആയ പ്രശാന്ത്‌ 14 റണ്‍ ശരാശരിയില്‍ 14 വിക്കറ്റുകള്‍ സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയിരുന്നു. ബാറ്റു കൊണ്ടും മോശമല്ലാത്ത പ്രകടനം ഈ ‘നിര്‍ഭാഗ്യ’വാനായ കേരള താരം കാഴ്ചവെച്ചു.

മറ്റൊരു അപ്രതീക്ഷിത താരം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് മൊഹമ്മദ്‌ ഷാമി എന്ന ഫാസ്റ്റ് ബോളര്‍ ആണ്. ഷാമിയുടെ പ്രകടന മികവില്‍ തെല്ലും സംശയമില്ല. 2015 ലോകകപ്പില്‍ അദ്ധേഹത്തിന്റെ സംഭാവന അമൂല്യമായിരുന്നു. പക്ഷെ ദീര്‍ഘ നാളായി പരിക്കിന്റെ പിടിയിലാണ് ഷാമി. പരിക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനായി മത്സര പരിചയം നേടുവാന്‍ പോലും അവസരം നല്‍കാതെ ടീമില്‍ ഉള്‍ക്കൊള്ളിക്കുക വഴി ഒരു ‘റിസ്ക്‌’ എടുക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നത്. പരിക്ക് അദ്ദേഹത്തെ അലട്ടാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.അജിന്ക്യാ രഹാനെയും പരിക്കിന്റെ പിടിയിലാണെന്നതും ഇന്ത്യക്കു ആശങ്ക വര്‍ധിപ്പിക്കുന്നു.

ഓസ്ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ മികച്ച രീതിയില്‍ കളിച്ച മനീഷ് പാണ്ഡേയും തഴയപ്പെട്ടവരുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ഏകദിന പരമ്പരക്ക് പിറകെ നടന്ന ടി20യില്‍ കളിപ്പികാതിരുന്നപ്പോള്‍ തന്നെ അദ്ദേഹം ലോകകപ്പിനുള്ള ടീമില്‍ ഉണ്ടാവില്ല എന്ന് ഏറെക്കുറെ വ്യക്തവുമായിരുന്നു. 

അമിത് മിശ്രയുടെ കാര്യത്തില്‍ സഹതപിക്കുക മാതമേ നിവര്‍തിയുള്ളൂ. 2014 ലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റുകള്‍ നേടിയ ഈ ലെഗ് സ്പിന്നര്‍ ഇന്ത്യന്‍ കണ്ടീഷനില്‍ ഏറെ ഗുണം ചെയ്തേനെ. എല്ലാ ഐ.പി.എല്‍. സീസണിലും വിക്കറ്റുകള്‍ മത്സരിച്ചു വീഴ്ത്തുന്ന മിശ്ര, തീര്‍ച്ചയായും ഒരു അറ്റാക്കിംഗ് ബോളറുടെ റോളിനു  അനുയോജ്യനായ താരവുമായിരുന്നു. നിലവിലെ ടീമിലെ ഒരു പ്രധാന പോരായ്മയും ഇത് തന്നെയാണ്, ഒരു ലെഗ് സ്പിന്നറുടെ അഭാവം.

ഇര്‍ഫാന്‍ പത്താന് ഭാഗ്യം കൂട്ടായി ഇനിയും വന്നു ചേര്‍ന്നിട്ടില്ല. റണ്‍സുകളും വിക്കറ്റുകളും യഥേഷ്ടം നേടുന്ന ഇര്‍ഫാന്‍റെ സ്ഥാനം ടീമിന് പുറത്തു തന്നെ തുടരുകയാണ്.

എന്തായാലും നിലവിലെ ടീമില്‍ തൃപ്തി അണയുക. അത് മാത്രമേ സാധാരണ ആരാധകരായ നമുക്ക് ചെയ്യനാവു. ഈ ലോകകപ്പ്‌ പലതിനും സാക്ഷ്യം വഹിചേക്കാം. ഒരു പക്ഷെ ധോണി യുഗത്തിന്റെ അന്ത്യം ഈ ലോകകപ്പോടെ ആയിരിക്കാം. പുത്തന്‍ താരങ്ങളുടെ ഉദയത്തിനും ഈ മഹാ മാമാങ്കം സാക്ഷി ആയേക്കാം.മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ടി20 ലോകകപ്പ്‌ നടക്കുന്നത്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍