UPDATES

ഇന്ത്യക്ക് 329 റണ്‍സിന്റെ ഓസ്‌ട്രേലിയന്‍ വെല്ലുവിളി

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് 329 റണ്‍സ് വിജയലക്ഷ്യം.ഒരു ഘട്ടത്തില്‍ 400 നടുത്ത് എത്തുമെന്ന് തോന്നിച്ച ഓസ്‌ട്രേലിയന്‍ സ്‌കോറാണ് ഇന്ത്യ 320 ല്‍ പിടിച്ചു നിര്‍ത്തിയത്. സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിനും അര്‍ദ്ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചിനെയും കൂടാതെ മറ്റുള്ളവരെയൊന്നും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സമ്മതിക്കാതിരുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ തിരിച്ചുവരവായിരുന്നു ഓസ്‌ട്രേലിയയെ അവര്‍ പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്തിക്കാതിരിക്കാന്‍ സഹായകരമായത്. 

ഓപ്പണര്‍ വാര്‍ണറെ 12 റണ്‍സില്‍ പുറത്താക്കി ഇന്ത്യ ആദ്യ മേല്‍ക്കൈ നേടിയെങ്കിലും സ്മിത്തും ഫിഞ്ചും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വശം കെട്ടു. ഈ കൂട്ട്‌കെട്ട് പൊളിക്കാന്‍ ധോണി പയറ്റിയ തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ കളി പൂര്‍ണമായി ഓസ്‌ട്രേലിയയുടെ കൈകളിലായി. ഇതിനിടയില്‍ സ്മിത്ത് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ച്വറി തികച്ചു. 197 ലാണ് ഓസ്‌ട്രേലിയയുടെ രണ്ടാം വിക്കറ്റ് പോകുന്നത്. 105 റണ്‍സ് എടുത്ത സ്മിത്തിനെ ഉമേഷ് യാദവിന്റെ പന്തില്‍ രോഹിത് ശര്‍മ പിടികൂടുകയായിരുന്നു. പിന്നാലെയെത്തിയ മാക്‌സവെല്‍ അധികം അപകടകാരിയായി മാറുന്നതിനു മുമ്പെ അശ്വിന്‍ പുറത്താക്കി. തൊട്ടുപിന്നാലെ 81 റണ്‍സ് എടുത്തു നിന്ന ഫിഞ്ചും പുറത്തായതോടെ ഓസ്‌ട്രേലിയുടെ കുതിപ്പിന് വേഗം കുറഞ്ഞു. വാട്‌സണ്‍(28), ക്ലാര്‍ക്ക്(10) ഫോള്‍ക്കനര്‍(21) എന്നിവരെയും കൂടുതലൊന്നും ചെയ്യിപ്പിക്കാതെ ഇന്ത്യന്‍ ബോളര്‍മാര്‍ തിരിച്ചയച്ചപ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 300 മുകളില്‍ പോകാതെ തടയാമെന്നൊൊരു പ്രതീക്ഷ ടീം ഇന്ത്യക്ക് വന്നു. എന്നാല്‍ മിച്ചല്‍ ജോണ്‍സന്റെ വെടിക്കെട്ട് അവരെ 328 ല്‍ എത്തിച്ചു. 9 പന്തില്‍ പുറത്താകാതെ 27 റണ്‍സാണ് ജോണ്‍സണ്‍ എടുത്തത്. അവസാന ഓവറിലെ മൂന്നാമത്തെ പന്തില്‍ ജോണ്‍സണ്‍ നല്‍കിയ ക്യാച്ച് കോഹ്ലി കൈവിട്ടു. തൊട്ടടുത്ത രണ്ടു പന്തില്‍ ഒരു ഫോറും ഒരു സിക്‌സുമാണ് ജോണ്‍സണ്‍ അടിച്ചത്.

ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും നിരാശപ്പെടുത്തിയത് മുഹമ്മദ് ഷമിയാണ്. ഇതുവരെയുള്ള മത്സരങ്ങളില്‍ ടീം ഇന്ത്യയുടെ കുന്തമുനയും ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നതുമായ ഷമി ഇന്നെറിഞ്ഞ 10 ഓവറില്‍ വിട്ടുകൊടുത്തത് 68 റണ്‍സും. ഉമേഷ് യാദവ് 9 ഓവറില്‍ 72 റണ്‍സിന് 4 വിക്കറ്റ് എടുത്തു. അശ്വിന്‍ മാത്രമാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാണിച്ചത്. 10 ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത അശ്വിന്‍ മാക്‌സ്വെല്ലിന്റെ നിര്‍ണായക വിക്കറ്റും വീഴ്ത്തി. മോഹിത് ശര്‍മ 10 ഓവറില്‍ 75 റണ്‍സ് വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്ത്തിയത്. 10 ഓവര്‍ എറിഞ്ഞ ജഡേജ 56 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഈ ലോകകപ്പില്‍ ആദ്യമായി ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് എല്ലാ വിക്കറ്റുകളും നല്‍കാതിരിക്കാനും ഓസ്ട്രേലിയയ്ക്ക് സാധിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍