UPDATES

സാംബ- 2014

തളര്‍ച്ച ബാധിച്ചവരുടെ ലോകത്തെ ഉണര്‍ത്തി പിന്‍റോയുടെ ആദ്യ കിക്ക്

Avatar

വില്‍ ഒറേമസ്
(സ്ലേറ്റ്)

ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ നേട്ടം ഒരേ സമയം പ്രചോദനകരവും അല്പം നിരാശാജനകവുമാണ്. അരയ്ക്ക് താഴെ തളര്‍ന്ന് പോയ ബ്രസീല്‍ പൗരന്‍ ജൂലിയാനോ പിന്റോ എന്ന 29 കാരനാണ് കഴിഞ്ഞ വ്യാഴാഴ്ച ലോകകപ്പിലെ ആദ്യ കിക്കെടുത്തത്. യാന്ത്രിക കാല്‍ കൊണ്ടാണ് പിന്‍റോയ്ക്ക് ഇത് സാധ്യമായത്. ഏതായാലും ഈ ദൃശ്യം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തളര്‍ച്ച ബാധിച്ച ലോകത്തെമ്പാടുമുള്ള അനേകം പേര്‍ക്ക് ആവേശോജ്ജ്വലമായ ഒരു ദൃശ്യം തന്നെയായിരുന്നു.

ഇത്തരം യാന്ത്രിക ബാഹ്യാസ്ഥികള്‍ (robotic exoskeletons) ഒരു പുതുമയല്ല. വിവിധ ബട്ടനുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു യന്ത്രം ഉപയോഗിച്ച് ഒരു ന്യൂയോര്‍ക്ക് ആശുപത്രിക്ക് ചുറ്റും നടക്കുന്ന ഒരാളെ കഴിഞ്ഞ വര്‍ഷം ഞാന്‍ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ പിന്റോ ഉപയോഗിക്കുന്ന യന്ത്രത്തിന് ബട്ടണുകള്‍ ഇല്ല. തലച്ചോറില്‍ നിന്നും വരുന്ന തരംഗങ്ങളാണ് അതിനെ നിയന്ത്രിക്കുന്നത്. 

ഇങ്ങനെ പറയുമ്പോള്‍ ഒരു അന്യാദൃശ്യത നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കും. മനോനിയന്ത്രണത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം!

എന്നാല്‍ എത്രത്തോളം മനോനിയന്ത്രണം തന്റെ ഉപകരണത്തിന് മുകളില്‍ അദ്ദേഹം പ്രയോഗിക്കുന്നുണ്ട് എന്ന് ഇപ്പോഴും വ്യക്തമല്ല. ബുദ്ധി-കമ്പ്യൂട്ടര്‍ സംവിധാനം നടപ്പിലാക്കുന്നതിന് രോഗിയുടെ തലച്ചോറില്‍ ഇലക്ട്രോണിക് ദണ്ഡുകള്‍ വച്ചുപിടപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രകടനം സംഘടിപ്പിച്ച ബ്രസീലിയന്‍ ശാസ്ത്രജ്ഞനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന് ശേഷം സയന്റിഫിക് അമേരിക്ക ലേഖിക ഡിനാ ഫിന മാരോണ്‍ ചൂണ്ടിക്കാട്ടുന്നത് പിന്‍റോയുടെ ശരീരത്തില്‍ ഒരു ബാഹ്യ ഇലക്ട്രോ ഇന്‍സെഫാലോഗ്രാഫി (ഇഇജി) ഹെഡ് മാത്രമാണ് ഘടിപ്പിച്ചിട്ടുള്ളതെന്നാണ്. ശരീരത്തിനുള്ളില്‍ വച്ചുപിടിപ്പിക്കാവുന്ന രീതിയിലുള്ള സാങ്കേതികവിദ്യ ഇനിയും വികസിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് മിഗ്വെല്‍ നികോളെലിസ് വിശദീകരിക്കുന്നു. 

കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണെങ്കില്‍ പോലും തലച്ചോറില്‍ നിന്നും വരുന്ന ഏറ്റവും അസംസ്‌കൃതമായ തരംഗങ്ങള്‍ മാത്രമേ പിടിച്ചെടുക്കാന്‍ സാധിക്കുകയുള്ളു. മാത്രമല്ല ഉപയുക്താവിന്റെ പേശികളുടെയോ കണ്ണിന്റെയോ ചലനം ഈ തരംഗങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും വരാം. ചുരുക്കത്തില്‍ ഇഇജി ഹെഡ്‌സെറ്റ് വഴി തലച്ചോറിന്‍ നല്‍കാന്‍ കഴിയുന്ന പരാമവധി നിര്‍ദ്ദേശം ‘പോകൂ’ ‘നില്‍ക്കൂ’ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ ഒതുങ്ങുന്നു. 

പിന്‍റോയുടെ കിക്കില്‍ തോന്നിയ ചില പരിമിതികള്‍ ഈ വാദഗതിയെ ന്യായീകരിക്കുന്നുണ്ട്.  ചില അത്ഭുതങ്ങള്‍ വാഗ്ദാനം ചെയ്ത നികോളെലിസിന്റെ വാക്കുകള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ പ്രത്യേകിച്ചും. തളര്‍ന്ന ഒരു മനുഷ്യന്‍ മൈതാനത്തേക്ക് നടന്ന് വരികയും ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയും ചെയ്യുക എന്നതായിരുന്നു  ഈ വിഷയത്തെ കുറിച്ച് ഞാന്‍ 2012 ഓഗസ്റ്റില്‍ ആദ്യം എഴുതുമ്പോള്‍ ഉണ്ടായിരുന്ന ആശയം. ഞങ്ങള്‍ക്ക് അവിടം വരെ എത്താനായില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വളരെ വ്യാപക പ്രചാരം നേടിയ മനോനിയന്ത്രണ പ്രകടനത്തിന്റെ ഓര്‍മകളിലേക്ക് ലോകകപ്പിലെ പിന്റോയുടെ കിക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ തന്റെ തലച്ചോറിലെ തരംഗങ്ങള്‍ (അതായത് ഒരു ഇഇജി ഹെഡ്‌സെറ്റ്) ഉപയോഗിച്ച് മറ്റൊരു പ്രൊഫസറുടെ വിരലുകളുടെ ചലനം നിയന്ത്രിച്ചതായിരുന്നു അത്. ഞാന്‍ നേരത്തെ വിശദീകരിച്ചത് പോലെ ഒരൊറ്റ ഉത്തേജന വിസ്‌ഫോടനത്തിന്റെ പരിധിയല്‍ ഒതുങ്ങുന്ന നിയന്ത്രണം മാത്രമാണത്. അവതാറിനെക്കാള്‍ അതിന് കൂടുതല്‍ സാമ്യം മുറിയിലെ ലൈറ്റ് കൈകൊട്ടി അണയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഉപകരണത്തോടാണ്.

പിന്റോയെയോ നികോളെലിസിനെയും അദ്ദേഹത്തിന്റെ സംഘത്തെയോ ചെറുതാക്കി കാണാനോ അധിക്ഷേപിക്കാനോ ഉദ്ദേശിച്ചല്ല ഇത് പറയുന്നത്. അവരുടെ നേട്ടം സ്തുത്യര്‍ഹമാണെന്ന് മാത്രമല്ല വരും വര്‍ഷങ്ങളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് അത് കാരണമായി തീരുകയും ചെയ്യും. നികോളെലിസ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നത് പോലെ മനുഷ്യര്‍ക്ക്  പ്രതീക്ഷിക്കാന്‍ വക നല്‍കുന്ന വിധത്തിലുള്ള അത്ഭുതമല്ലായിരുന്നു അതെന്ന് മാത്രമേ ഇവിടെ വിവക്ഷയുള്ളു.

സ്ലേറ്റ് മാഗസിനിലെ സ്റ്റാഫ് റൈറ്ററാണ് ഒറേമസ്. സാങ്കേതികവിദ്യ, ഡിജിറ്റല്‍ സംസ്‌കാരം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍