UPDATES

കായികം

പാകിസ്താന് വീണ്ടും തോല്‍വി

അഴിമുഖം പ്രതിനിധി

ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യയോട് തോറ്റതിന്റെ ക്ഷീണം മാറും മുന്നേ പാകിസ്ഥാന് തുടര്‍ച്ചയായ രണ്ടാം പരാജയം. വെസ്റ്റിന്‍ഡീസ് 150 റണ്‍സിനാണ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 6 വിക്കറ്റ് നഷ്ട്ടത്തില്‍ 310 റണ്‍സ് എടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി ബാറ്റ്‌സ്മാന്മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രാംദിനും (51) സിമ്മണ്‍സും (50) അര്‍ദ്ധസെഞ്ച്വറി നേടിയപ്പോള്‍ 13 പന്തില്‍ 42 റണ്‍സെടുത്ത ആന്ദ്രേ റസല്‍ ആണ് വിന്‍ഡീസ് സ്‌കോര്‍ 300 കടത്തിയത്.

49 റണ്‍സെണടുത്ത ബ്രാവോ റിട്ടയര്‍ ചെയ്യുകയായിരുന്നു. സാമുവല്‍സ് (38), സമി (30), ഡ്വെയ്ന്‍ സ്മിത്ത് എന്നിവരാണ് വിന്‍ഡീസിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഗെയ്ല്‍ നാല് റണ്‍സെടുത്ത് പുറത്തായി. പാകിസ്താനായി ഹാരിസ് സൊഹൈല്‍ രണ്ടും മുഹമ്മദ് ഇര്‍ഫാന്‍, സൊഹൈല്‍ ഖാന്‍, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു. ടോസ് നേടിയ പാകിസ്താന്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

311 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് തുടക്കം തന്നെ പിഴച്ചു. അകൗണ്ടില്‍ 1 റണ്‍സ്് ആയപ്പോഴേക്കും അവരുടെ നാലു ബാറ്റ്‌സ്മാന്മാര്‍ പവലിയനിലേക്ക് മടങ്ങി.ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് എടുത്ത ജെറോം ടെയ്‌ലറാണ് പാക് ബാറ്റിങ്ങിന്റെ തലവെട്ടിയത്. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ നാസിര്‍ ജംഷദിനെ (0) പുറത്താക്കിയ ടെയ്‌ലര്‍ ഓവറിലെ അവസാന പന്തില്‍ യൂനിസ് ഖാനെയും (0) മടക്കി. തന്റെ രണ്ടാമത്തെ ഓവറില്‍ ടെയ്‌ലര്‍ ഹാരിസ് സൊഹൈലിനെയും സംപൂജ്യനാക്കി മടക്കിയപ്പോള്‍ നാലാമത്തെ ഓവറില്‍ ഹോള്‍ഡര്‍ അഹമ്മദ് ഷഹസാദിനെ മടക്കി. ക്യാപ്റ്റന്‍ മിസ്ബാഹും (7) മസൂദും ചേര്‍ന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും പതിനൊന്നാം ഓവറില്‍ മിസ്ബായേ മടക്കി ടെയ്‌ലര്‍ വീണ്ടും ആഞ്ഞടിച്ചു.സ്‌കോര്‍ കാര്‍ഡില്‍ വെറും 25 റണ്‍സ് മാത്രമുള്ളപ്പോള്‍ ആയിരുന്നു മിസ്ബാ പുറത്തായത്. അവിടെ നിന്ന് ഒത്തുചേര്‍ന്ന സൊഹൈബ് മക്‌സൂദും(50) ഉമര്‍ അക്മലും(59) പാകിസ്ഥാന്റെ സ്‌കോര്‍ 105 റണ്‍സില്‍ എത്തിച്ചശേഷമാണ് പിരിഞ്ഞത്. മക്‌സൂദിനെ ഡാരന്‍ സാമി പുറത്താക്കിയതോടെയാണ് 80 റണ്‍സിന്റെ കൂട്ടുകെട്ട് പിരിഞ്ഞത്.പിന്നീട് വന്നവരില്‍ 26 റണ്‍സ് എടുത്ത അഫ്രീദി മാത്രമാണ് രണ്ടക്കം കണ്ടത്. വിന്‍ഡീസിനായി ജെറോം ടെയ്‌ലര്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി.

ഓള്‍റൗണ്ട് പെര്‍ഫോമന്‍സ് നടത്തിയ ആന്ദ്രെ റസ്സല്‍ ആണ് കളിയിലെ താരം. തുടര്‍ച്ചയായ രണ്ടാം തോല്‍വി പാകിസ്ഥാന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. സിംബാവേ, യുഎഇ, അയര്‍ലന്‍ഡ് ,ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മല്‍സരങ്ങള്‍. വിന്‍ഡീസിനെ തോല്‍പ്പിച്ച അയര്‍ലന്‍ഡ് പാകിസ്ഥാന്റെ ചങ്കിടിപ്പ് കൂട്ടുമെന്ന് ഉറപ്പാണ്. 2007ലെ കരീബിയന്‍ ലോകകപ്പില്‍ അവര്‍ പാകിസ്ഥാനെ അട്ടിമറിച്ചിരുന്നു. ഗ്രൂപ്പില്‍ പോയിന്റ് നിലയില്‍ ഏറ്റവും ഒടുവിലാണ് പാകിസ്ഥാന്റെ സ്ഥാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍