UPDATES

വിദേശം

‘രാഷ്ട്രീയ എതിരാളിയെ ദ്രോഹിക്കാൻ ഒരു വിദേശ രാജ്യത്തിന്റെ സഹായം തേടി’, ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ആരംഭിക്കുമെന്ന് നാൻസി പെലോസി

‘പ്രസിഡന്‍റ് അല്‍പംകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ആരും നിയമത്തിന് അതീതരല്ല’

ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് അന്വേഷണം ആരംഭിക്കുമെന്ന് സ്പീക്കർ നാൻസി പെലോസി. തന്റെ രാഷ്ട്രീയ എതിരാളിയെ ദ്രോഹിക്കാൻ പ്രസിഡന്റ് ഒരു വിദേശ രാജ്യത്തിന്റെ സഹായം തേടിയെന്ന ആരോപണത്തെത്തുടർന്നാണ് യുഎസ് പ്രതിനിധി സഭ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടിക്കൊരുങ്ങുന്നത്. ‘പ്രസിഡന്റ് ഇന്നുവരെ സ്വീകരിച്ച നടപടികൾ ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന്’ പെലോസി പറഞ്ഞു. ‘പ്രസിഡന്‍റ് അല്‍പംകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ആരും നിയമത്തിന് അതീതരല്ല’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ് വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍ അപൂർവവും നാടകീയവുമായ ഇംപീച്ച്‌മെന്റ് ഇതിനകംതന്നെ നിരവധി വെല്ലുവിളികള്‍ നേരിടുന്ന ട്രംപിന് കൂടുതല്‍ തലവേദനയാകും. വളരെ രൂക്ഷമായാണ് ട്രംപ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ‘ഐക്യരാഷ്ട്രസഭയില്‍ വളരെ സുപ്രധാനമായൊരു ദിനമാണ് കടന്നുപോകുന്നത്. വളരെയധികം ജോലിയും അത്രതന്നെ വിജയവും. അപ്പോഴും ഡെമോക്രാറ്റുകൾ കൂടുതൽ ബ്രേക്കിംഗ് ന്യൂസിനായി വിച്ച് ഹണ്ട് നടത്തുകയാണ്. എല്ലാം നശിപ്പിക്കുവാനും അപമാനിക്കുവാനും ശ്രമിക്കുകയാണ്’ എന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്പീക്കറുടെ നീക്കം ‘മ്മുടെ രാജ്യത്തിനുതന്നെ അപമാനകരമാണെന്ന്’ അദ്ദേഹം തുറന്നടിച്ചു.

നേരത്തേ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ മകനായ ഹണ്ടർ ബൈഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഡൊണാൾഡ് ട്രംപ് ഉക്രെയ്ൻ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ട്രംപിനെതിരെ ഒരു ഇന്റലിജൻസ് കമ്മ്യൂണിറ്റി വിസിൽബ്ലോവവര്‍ പരാതി നല്‍കിയതോടെയാണ് അത് വലിയ രാഷ്ട്രീയ പ്രശ്നമായി പരിണമിച്ചത്. ആരോപണം വൈറ്റ് ഹൌസും കോൺഗ്രസും തമ്മിലുള്ള തുറന്ന പോരിന് കാരണമാവുകയും ചെയ്തു. തന്‍റെ രാഷ്ട്രീയ പ്രതിയോഗിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ പകരമായി സൈനിക സഹായം നല്‍കുമെന്നായിരുന്നു ട്രംപ് സെലൻസ്‌കിക്ക് നല്‍കിയ വാഗ്ദാനം. ‘പ്രസിഡന്‍റ് നടത്തിയ അവിശ്വസനീയ സംഭാഷണങ്ങളെ കുറിച്ച് വിശ്വസ്തനായ വിസിൽബ്ലോവര്‍ നല്‍കിയ പരാതി ഗുരുതരവും ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യവുമാണെന്ന്’ പെലോസി അന്നുതന്നെ പറഞ്ഞിരുന്നു.

‘ഇരുമ്പ് ചൂടായിരിക്കുമ്പോഴാണ് അടിക്കേണ്ടത്’ എന്നാണ് ഡെമോക്രാറ്റിക് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പെലോസി പറഞ്ഞത്. ട്രംപിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും കുറിച്ച് ഇതിനകംതന്നെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സഭയിലെ പ്രധാനപ്പെട്ട ആറു കമ്മറ്റികളുടെ ചെയർമാന്മാർ ഇംപീച്ച്‌മെന്റ് കൈകാര്യം ചെയ്യാൻ അധികാരമുള്ള ജുഡീഷ്യറി കമ്മിറ്റിക്ക് ശുപാർശകൾ നൽകുമെന്ന് പെലോസി ഇംപീച്ച്മെന്‍റിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിൽ കുറിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍