UPDATES

സൈനികമുക്ത മേഖലയിൽ ട്രംപും കിമ്മും കണ്ടു, കൈ കൊടുത്തു, ഹലോ പറഞ്ഞു; അൽപനേരം അകത്തിരുന്ന് സംസാരിക്കുമെന്ന് ട്രംപ്

വളരെ ഹ്രസ്വമായ ഒരു കൂടിക്കാഴ്ചയായിരിക്കും തങ്ങളുടേതെന്ന് ട്രംപ് സിയോളിൽ നിന്നും പോകുന്നതിനു മുമ്പായി പറയുകയുണ്ടായി.

രണ്ട് കൊറിയകള്‍ക്കുമിടയിലുള്ള സൈനികമുക്ത മേഖലയിൽ പ്രദേശത്തേക്ക് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് എത്തിച്ചേർന്നു. അൽപ നേരത്തെ കാത്തിരിപ്പിനു ശേഷം ചെയർമാൻ കിം ജോങ് ഉൻ വന്നു. ട്രംപ് അദ്ദേഹത്തിന് ഹസ്തദാനം ചെയ്യുകയും ഹലോ പറയുകയും ചെയ്തു. അതിർത്തി മറികടന്ന് വരാൻ തനിക്ക് അവസരമുണ്ടായത് വലിയൊരു ബഹുമതിയാണെന്നും വലിയ മുന്നേറ്റം തങ്ങൾ സൃഷ്ടിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഒരു സൈനിക ഹെലിക്കോപ്റ്ററിലേറിയാണ് ട്രംപ് ഇവിടേക്ക് എത്തിച്ചേർന്നത്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നിന്നാണ് ട്രംപ് പുറപ്പെട്ടത്.

ഹസ്തദാനം ചെയ്ത് ഹലോ പറയുകയാണ് ഉദ്ദേശ്യമെന്ന് പറഞ്ഞെത്തിയ ട്രംപ് ഒരൽപനേരം തങ്ങൾ അകത്തിരുന്ന് സംസാരിക്കുമെന്ന് മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചു.

ജി20 ഉച്ചകോടിക്ക് പോകുന്നതിനു മുമ്പായി ട്രംപാണ് ഉത്തര കൊറിയൻ ചെയര്‍മാനുമായി കാണാനുള്ള താൽപര്യം അറിയിച്ചത്. ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും അവിടെ നിന്ന് സാധിക്കുകയാണെങ്കിൽ ചെയർമാൻ കിമ്മിനെ സൈനികമുക്ത മേഖലയിൽ വെച്ച് കാണുമെന്നും ട്രംപി ട്വീറ്റ് ചെയ്യുകയായിരുന്നു.‌ വെറുതെ ഹസ്തദാനം ചെയ്ത് ഹലോ പറഞ്ഞ് തിരിച്ചുപോരികയാണ് ഉദ്ദേശ്യമെന്നും ട്വീറ്റ് പറയുകയുണ്ടായി. എന്നാൽ, തങ്ങൾക്ക് ഔദ്യോഗികമായ ക്ഷണം ലഭിച്ചിട്ടില്ലെന്ന് പ്രതികരിക്കുകയായിരുന്നു ഉത്തര കൊറിയ ചെയ്തത്.

ഇക്കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേ ആണ് കിം ജോങ് ഉൻ ട്രംപിന്റെ ക്ഷണം സ്വീകരിച്ച വിവരം അറിയിച്ചത്. കൊറിയൻ ഉപഭൂഖണ്ഡത്തിൽ സമാധാനം കൊണ്ടുവരാനുള്ള നീക്കങ്ങളിലെ ചരിത്രപരമായ സന്ദർഭം എന്നാണ് അതിർത്തിപ്രദേശമായ പൻമുൻജോമിൽ വെച്ച് നടക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ചയെ മൂൺ ജേ വിശേഷിപ്പിച്ചത്.

ട്രംപിനൊപ്പം ഇവാങ്ക ട്രംപും സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ട്രംപ് സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളിൽ ഇവാങ്കയെയും കണ്ടെത്തിയിട്ടുണ്ട് ചിലർ.

ട്രംപ് വന്നയുടനെ സ്ഥലത്തുള്ള കൊറിയൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിച്ചു നിൽക്കുകയാണ് ചെയ്തത്. വളരെ ഹ്രസ്വമായ ഒരു കൂടിക്കാഴ്ചയായിരിക്കും തങ്ങളുടേതെന്ന് ട്രംപ് സിയോളിൽ നിന്നും പോകുന്നതിനു മുമ്പായി പറയുകയുണ്ടായി. ഹസ്തദാനം ചെയ്യുകയും ഹലോ പറയുകയും ചെയ്യുക മാത്രമാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. ഉത്തര കൊറിയയുടെ ആണവപരിപാടികൾ അവസാനിപ്പിക്കാനുള്ള യുഎസ്സിന്റെ ശ്രമങ്ങൾ കഴിഞ്ഞ വിയറ്റ്നാം ഉച്ചകോടിയിൽ പരാജയപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഈ കൂടിക്കാഴ്ച നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.


കിം ജോങ് ഉന്നിന്റെ സെക്യൂരിറ്റി ഗാർഡുകളും പ്രസിഡണ്ട് ട്രംപിന്റെ സുരക്ഷാ സേവന ഏജന്റുമാരും ഒരുമിച്ച് നിൽക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. മേഖലയിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍