വാഷിങ്ടണിൽ വെച്ചുള്ള കൂടിക്കാഴ്ചയെപ്പറ്റി റഷ്യയിൽ നിന്നും അനുകൂല നിലപാടല്ല വന്നിരുന്നത്.
യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ലാദ്മിർ പുടിനും തമ്മിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച 2019ലേക്ക് മാറ്റി. 2016 തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായോ എന്ന വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീട്ടിവെച്ചതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾടൺ അറിയിച്ചു.
റഷ്യയെ ‘വേട്ടയാടുന്നത്’ അവസാനിച്ചാൽ മാത്രമേ വ്ലാദ്മിർ പുടിനുമായുള്ള കൂടിക്കാഴ്ച നടക്കുകയുള്ളൂവെന്ന് ജോൺ ബോൾടൻ പറഞ്ഞു. 2019ന്റെ ആദ്യത്തിൽ തന്നെ കൂടിക്കാഴ്ച നടത്താമെന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ അന്വേഷണം പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
വാഷിങ്ടണിൽ വെച്ചുള്ള കൂടിക്കാഴ്ചയെപ്പറ്റി റഷ്യയിൽ നിന്നും അനുകൂല നിലപാടല്ല വന്നിരുന്നത്. പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. വാഷിങ്ടണിൽ വെച്ചുള്ള കൂടിക്കാഴ്ച നിലവിൽ പരിഗണനയിലില്ലെന്നും ഇരുവർക്കും പരസ്പരം കാണാൻ വേറെയും നിരവധി അവസരങ്ങളുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.