UPDATES

വിദേശം

ഒരു സ്വേച്ഛാധിപതിയും അമേരിക്കയെ വിലകുറച്ചു കാണരുതെന്ന് ട്രംപ്

സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ലോകം കണ്ട ഏറ്റവും വലിയ സേനയായ യുഎസ് സായുധസേന എപ്പോഴും വിജയിച്ചുകൊണ്ടേയിരിക്കുമെന്ന് ഉത്തരകൊറിയയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്‌

ഒരു സ്വേച്ഛാധിപതിയും അമേരിക്കയെ വിലകുറച്ചുകാണരുത് എന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഏഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്-ഉന്നിനുള്ള പരോക്ഷ മുന്നറിയിപ്പാണ് ട്രംപ് നല്‍കിയതെന്ന് വിലയിരുത്തപ്പെടുന്നു. ജപ്പാനിലെ യോകോട്ട വ്യോമ താവളത്തില്‍ ഇറങ്ങിയ ഉടനെ തന്നെ യുഎസ് സൈനീകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

നിര്‍ദോഷികളെ ഇരയാക്കുകയും സമ്പല്‍സമൃദ്ധിയിലേക്കും സമാധാനത്തിലേക്കുമുള്ള പാതയില്‍ തടസം സൃഷ്ടിക്കുകയും ചെയ്യുന്ന ഏകാധിപതികള്‍ക്കും സ്വച്ഛേധിപതികള്‍ക്കുമുള്ള ഏറ്റവും വലിയ ഭീഷണിയാണ് നിങ്ങള്‍ എന്ന് സൈനികരെ നോക്കി അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നിശ്ചയദാര്‍ഢ്യത്തെ വിലകുറച്ചു കണ്ടവരൊക്കെ അതിന്റെ ഫലം അനുഭവിച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയയെ പേരെടുത്ത് പറയാതെ ട്രംപ് ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ ജനങ്ങളെയും സ്വാതന്ത്ര്യത്തെയും മഹത്തായ ദേശീയ പതാകയെയും പ്രതിരോധിക്കുന്നതില്‍ യുഎസ് ഒരിക്കലും വീഴ്ച വരുത്തില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളില്‍ ട്രംപ് നടത്തുന്ന സന്ദര്‍ശനത്തിന് താരതമ്യേന പ്രകോപനരഹിതമായ തുടക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നു. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ലോകം കണ്ട ഏറ്റവും വലിയ സേനയായ യുഎസ് സായുധസേന എപ്പോഴും വിജയിച്ചുകൊണ്ടേയിരിക്കുമെന്ന് ട്രംപ് ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കി. കലുഷിതമായ ഏഷ്യ-പസഫിക് മേഖലയുടെ സുരക്ഷയില്‍ വാഷിംഗ്ടണിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ട്രംപിനെ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മേഖലയുടെ സുരക്ഷയുടെ ആണിക്കല്ലാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി നീളുന്ന യുഎസ്-ജപ്പാന്‍ സഖ്യമെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ആകാശത്തിലും ജലത്തിലും കരയിലും തങ്ങള്‍ക്കാണ് മേധാവിത്വം എന്ന് പറഞ്ഞുകൊണ്ട് ഉത്തരകൊറിയയെ ചെറിയ രീതിയില്‍ പ്രകോപിപ്പിക്കാനും അദ്ദഹം മറന്നില്ല. മാത്രമല്ല, എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട്, സായുധസേനകള്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ വാഗ്ദാനം ചെയ്യാനും അദ്ദേഹം മുതിര്‍ന്നു. യുഎസില്‍ ഉണ്ടാക്കുന്നത് പോലെ പൂര്‍ണതയോടെ മറ്റാര്‍ക്കും ആയുധങ്ങള്‍ നിര്‍മ്മിക്കാനാവില്ലെന്നും അത്തരത്തിലുള്ള കൂടുതല്‍ ആയുധങ്ങള്‍ എത്തുമെന്നും അദ്ദേഹം സൈനികര്‍ക്ക് വാഗ്ദാനം നല്‍കി. ഉത്തര കൊറിയന്‍ ഭീഷണി നേരിടുന്നതിന് ദക്ഷിണകൊറിയയ്ക്കും ജപ്പാനും കൂടുതല്‍ യുഎസ് നിര്‍മ്മിത സൈനിക ഉപകരണങ്ങള്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു.
ചടങ്ങിന് ശേഷം ടോക്കിയോയ്ക്ക് വടക്കുള്ള ഒരു ഗോള്‍ഫ് കോഴ്‌സിലേക്ക് പോയ ട്രംപ്, അബെയോടൊപ്പം ഒരു അനൗദ്യോഗിക ഉച്ചഭക്ഷണത്തില്‍ പങ്കെടുക്കും. ലോക നാലാം നമ്പര്‍ ഗോള്‍ഫ് താരം ഹിഡെകി മാറ്റ്‌സുയാമയോടൊപ്പം അല്‍പനേരം ഗോള്‍ഫും കളിക്കും. അതിന് ശേഷം ഇരുനേതാക്കളും ഒരു സ്വകാര്യ അത്താഴ വിരുന്നിലും ഇരുനേതാക്കളും പങ്കെടുക്കും. തിങ്കളാഴ്ച ട്രംപും ഭാര്യ മെലാനിയ ട്രംപ് ജപ്പാന്‍ ചക്രവര്‍ത്തിയെ സന്ദര്‍ശിക്കും.

ഉത്തര കൊറിയയ്‌ക്കെതിരായ ട്രംപിന്റെ കര്‍ശന നിലപാടുകളെ പിന്തുണയ്ക്കുന്ന ആളാണ് അബെ. അതിനാല്‍ തന്നെ ഉഷ്മളമായ സ്വീകരണവും പ്രകീര്‍ത്തനങ്ങളുമാണ് ജപ്പാനില്‍ ട്രംപിന് ലഭിച്ചത്. എന്നാല്‍ ചൊവ്വാഴ്ച ദക്ഷിണ കൊറിയയില്‍ എത്തുമ്പോള്‍ കുറച്ചുകൂടി കരുതലോടെയുള്ള ഒരു സ്വീകരണമാവും പ്രസിഡന്റ് മൂണ്‍ ജേ-ഇന്നില്‍ നിന്നും ട്രംപിന് ലഭിക്കുക എന്ന് വിലയിരുത്തപ്പെടുന്നു. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്-ഉന്നിനെതിരെ ട്രംപിന്റെ രൂക്ഷമായ വാക്പ്രയോഗങ്ങള്‍ ലിബറല്‍ എന്ന് അറിയപ്പെടുന്ന മൂണിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ഏതൊരു സൈനിക നീക്കത്തിനും തന്റെ അനുമതി ആവശ്യമാണെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജപ്പാനിലേക്കുള്ള യാത്രയ്ക്കിടയില്‍ ഹാവായിയില്‍ വച്ച് ഉന്നിനെതിരായ തന്റെ രൂക്ഷപരാമര്‍ശങ്ങള്‍ ട്രംപ് ന്യായീകരിച്ചിരുന്നു. യുഎസിനും ലോകത്തിനും വലിയ ഭീഷണിയാണ് ഉത്തരകൊറിയ ഉയര്‍ത്തുന്നതെന്നും അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ഉത്തരകൊറിയന്‍ നയം ദുര്‍ബലമായിരുന്നുവെന്നും അതുകൊണ്ട് തന്നെ തന്റെ ഭരണകൂടം ഇക്കാര്യത്തില്‍ വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പിന്തുണ അനിവാര്യമാണെന്നും തങ്ങള്‍ ഉടനടി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്വന്തം നാട്ടില്‍, റഷ്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ ട്രംപിന്റെ അനുചരന്മാര്‍ കുറ്റവിചാരണ നേരിടുന്ന സന്ദര്‍ഭത്തിലാണ് 1992ല്‍ ജോര്‍ജ്ജ് ബുഷ് നടത്തിയ ഏഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ സന്ദര്‍ശനം ട്രംപ് നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍