UPDATES

വിദേശം

ട്രംപിന്റെ അഫ്ഗാന്‍ പിന്മാറ്റം: തീരുമാനമാകാതെ ചര്‍ച്ച അവസാനിച്ചു

കഴിഞ്ഞ 17 വര്‍ഷമായി എന്തുകൊണ്ടാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരുന്നതെന്ന് തനിക്ക് മനസിലാക്കേണ്ടതുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്റെ ഭാവി തീരുമാനിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചു ചേര്‍ത്ത കൂടിക്കാഴ്ചയില്‍ തീരുമാനമൊന്നുമുണ്ടായില്ല. ക്യാമ്പ് ഡേവിഡില്‍ പ്രതിരോധ, വിദേശനയ സംഘാംഗങ്ങളുമായി മണിക്കൂറുകളോളം നടന്ന കൂടിക്കാഴ്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.

ദക്ഷിണേഷ്യയിലെ അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പുതിയ തന്ത്രങ്ങളാണ് ചര്‍ച്ചയില്‍ പ്രസിഡന്റ് വിശദീകരിച്ചതെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. ഇതേക്കുറിച്ചുള്ള സാധ്യതകള്‍ അദ്ദേഹം പഠിച്ചുവരികയാണെന്നും ഉചിതമായ സമയത്ത് ഇക്കാര്യം അമേരിക്കന്‍ ജനതയെയും സഖ്യരാജ്യങ്ങളെയും അറിയിക്കുമെന്നും വക്താക്കള്‍ അറിയിച്ചു.അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനായി അമേരിക്കന്‍ സൈന്യത്തിന്റെ എണ്ണം കൂട്ടുന്നതിന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച്ആര്‍ മക്മാസ്റ്റര്‍ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തകരുടെ സാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്. താലിബാന്‍ പോരാളികളെ ഇതിലൂടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലേക്ക് നയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുകയെന്നതാണ് ട്രംപിന്റെ ലക്ഷ്യം. കഴിഞ്ഞ 17 വര്‍ഷമായി എന്തുകൊണ്ടാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ തുടരുന്നതെന്ന് തനിക്ക് മനസിലാക്കേണ്ടതുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2001 സെപ്തംബര്‍ 11 ആക്രമണത്തിന് ശേഷം ഒസാമ ബിന്‍ലാദനെ പിടികൂടാനും താലിബാന്‍ സര്‍ക്കാരിനെ പുറത്താക്കാനുമായാണ് ജോര്‍ജ്ജ് ബുഷ് സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ചത്. അതിന് ശേഷം അമേരിക്കയില്‍ അധികാരത്തില്‍ വന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.

ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠം അഫ്ഗാനിലും പ്രയോഗിക്കണമെന്നാണ് തന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ അഭിപ്രായമെന്ന് ട്രംപ് പറയുന്നു. ഇക്കഴിഞ്ഞ അഫ്ഗാനിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം നിശ്ചയിക്കാനുള്ള അനുമതി ട്രംപ് മറ്റിസിന് നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍