UPDATES

വിദേശം

എയർ കാനഡ വിമാനത്തിന് അടിയന്തിര ലാൻഡിങ്; 35 പേർക്ക് പരിക്ക്

യാത്രക്കാരില്‍ പലരും സീറ്റ്ബെല്‍റ്റ്‌ ധരിക്കാതിരുന്നതാണ് കൂടുതല്‍പേര്‍ക്ക് പരിക്കു പറ്റാന്‍ കാരണമെന്ന് യാത്രികനായ ലൂക്ക് വീൽഡൺ പറയുന്നു.

പറക്കുന്നതിനിടെ അപ്രതീക്ഷിതമായി തകരാറിലായ എയർ കാനഡ വിമാനം അടിയന്തിരമായി ഇറക്കി നിരവധിപേര്‍ക്ക് പരിക്കേറ്റു. സിഎൻഎൻ റിപ്പോർട്ട് പറയുന്നതു പ്രകാരം 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാൻകൂവറിൽ നിന്ന് സിഡ്നിയിലേക്ക് പോകുകയായിരുന്ന എയർ കാനഡയാണ് ഹവായിയിൽ അടിയന്തിരമായി ഇറക്കിയത്. ഹാവായിയും കടന്ന് രണ്ടു മണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് വിമാനം ഹോണോലുലുവിലേക്ക് തിരിച്ചുവിടുകയായിരുന്നു എന്ന് എയർ കാനഡ വക്താവ് ഏഞ്ചല മഹ് പറഞ്ഞു.

ഒമ്പത് പേര്‍ക്ക് ഗുരുതരമായും 35 പേർക്ക് നിസ്സാരമായും പരിക്കേറ്റതായാണ് പ്രാഥമിക നിഗമനമെന്ന് മഹ് അറിയിച്ചു. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഹോണോലുലു എമർജൻസി മെഡിക്കൽ സർവീസസ് ചീഫ് ഡീൻ നകാനോ പറഞ്ഞു. വിമാനം അപ്രതീക്ഷിതമായി ഇളകി മറിഞ്ഞതിനെതുടര്‍ന്ന്‍ യാത്രക്കാര്‍ സീറ്റില്‍നിന്നും തെറിച്ച് സീലിംഗില്‍ ഇടിച്ചതായി അവര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാരില്‍ പലരും സീറ്റ്ബെല്‍റ്റ്‌ ധരിക്കാതിരുന്നതാണ് കൂടുതല്‍പേര്‍ക്ക് പരിക്കു പറ്റാന്‍ കാരണമെന്ന് യാത്രികനായ ലൂക്ക് വീൽഡൺ പറയുന്നു. അപകടത്തെകുറിച്ച് യാതൊരുവിധ മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹോണോലുലുവിൽ നിന്ന് 1,000 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 36,000 അടി (10,973 മീറ്റർ) ഉയരത്തില്‍വെച്ചാണ് വിമാനം ഇളകി മറിഞ്ഞതെന്ന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനം ഇറക്കുന്ന സ്ഥലത്തുതന്നെ മെഡിക്കൽ സംഘത്തോട് എത്താന്‍ ക്രൂ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍പെട്ട ബോയിംഗ് 777-200 വിമാനത്തില്‍ 269 യാത്രക്കാരും 15 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ഹോണോലുലുവിൽ ഹോട്ടൽ താമസവും ഭക്ഷണവും എയര്‍ കാനഡ ഒരുക്കിയിട്ടുണ്ടെന്നും, യാത്ര പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മഹ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍