UPDATES

വിദേശം

‘ഭൂമിയിലെ ഏറ്റവും ശക്തമായ ഭരണകൂടം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ഞാന്‍’, ലോകത്തെ വീണ്ടും ഞെട്ടിക്കാന്‍ ‘പെര്‍മനന്റ് റിക്കോര്‍ഡു’മായി എഡ്വേഡ് സ്‌നോഡന്‍

‘മാറ്റം വേണമെങ്കില്‍ അതിന് വേണ്ടി നിലകൊള്ളാന്‍ നിങ്ങള്‍ തയ്യാറാകണം’

ലോകത്തെ ഏറ്റവും പ്രശസ്തനായ വിസില്‍ബ്ലോവര്‍, അമേരിക്കക്കാരനായ എഡ്വേഡ് സ്‌നോഡന്‍ ആറ് വര്‍ഷമായി റഷ്യയിലാണ്. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെയും ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ലോകത്തെ അറിയിച്ച സ്‌നോഡന്‍ യുഎസില്‍നിന്ന് നേരിട്ടേക്കാവുന്ന നിയമനടപടികളെ മറികടക്കാനാണ് റഷ്യയില്‍ എത്തിയത്. ലോകത്തെ പ്രബല ശക്തികള്‍ മനുഷ്യ ജീവിതങ്ങളിലേക്കുള്ള നടത്തുന്ന നിരീക്ഷണ രീതികള്‍ വെളിച്ചത്തുകൊണ്ടുവന്നതിനെക്കുറിച്ചും അതിന് മുമ്പും ശേഷവും പിന്നിട്ട വഴികളെക്കുറിച്ചും സ്‌നോഡന്‍ ആദ്യമായി വെളിപ്പെടുത്തുകയാണ്. എഡ്വേഡ് സ്‌നോഡന്‍ തന്റെ ജീവിതം വിവരിക്കുന്ന ‘പെര്‍മനന്റ് റിക്കോര്‍ഡ്’ എന്ന ആത്മകഥ രൂപത്തിലുള്ള പുസ്തകം വരുന്ന ചൊവ്വാഴ്ച പുറത്തിറങ്ങും. പുസ്തകത്തിന്റെ പാശ്ചാത്തലത്തില്‍ സ്‌നോഡന്‍ റഷ്യന്‍ ജീവിതത്തെക്കുറിച്ചും അനുഭവിക്കുന്ന ഭീഷണിയെക്കുറിച്ചും നിരീക്ഷണ സമ്പ്രദായങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കപ്പെടുന്നതിനെക്കുറിച്ചും ദി ഗാര്‍ഡിയന്‍ ദിനപത്രത്തോട് സംസാരിച്ചു.

രഹസ്യ പരിപാടികളും അതിനെ പിന്തുണയ്ക്കുന്ന നിയമങ്ങളും രഹസ്യ യുദ്ധങ്ങളുമാണ് സെപ്റ്റംബര്‍ 11-ന്റെ ഭീകരാക്രമണത്തിന് ശേഷം ലോകത്തുണ്ടായതെന്ന് സ്‌നോഡന്‍ പറയുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ പ്രയോഗം വ്യാപകമായതോടെ നിരീക്ഷണ സമ്പ്രദായം കൂടുതല്‍ അപകടകരമാവുമെന്നും സ്‌നോഡന്‍ അഭിപ്രായപ്പെടുന്നു. ഇനി മുതല്‍ നിരീക്ഷണ ക്യാമറകള്‍ ഒരു യന്ത്ര പോലീസിന്റെ ജോലിയാകും ചെയ്യുക. ഭൂമിയിലെ എല്ലാ ആളുകളുടെയും രേഖകള്‍ അമേരിക്കയും മറ്റ് സര്‍ക്കാരുകളും വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളുമായി ചേര്‍ന്ന് തയ്യാറാക്കുമെന്നാണ് സ്‌നോഡന്‍ ആശങ്കപ്പെടുന്നത്. ഇതിനെ നേരിടാന്‍ നിയമപരമായ പരിഷ്‌ക്കാരങ്ങളും ഇ-മെയിലുകളെ ബാഹ്യ നിരീക്ഷണത്തില്‍നിന്ന് സംരക്ഷിക്കാന്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷനും ബാധകമാക്കണം. എന്നാല്‍ ഇതു കൊണ്ടുമാത്രം വ്യക്തി ജീവിതങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന നിരീക്ഷണ സമ്പ്രദായം ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് ബഹുജന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറയുന്നു. “മാറ്റം വേണമെങ്കില്‍ അതിന് വേണ്ടി നിലകൊള്ളാന്‍ നിങ്ങള്‍ തയ്യാറാകണം” സ്‌നോഡന്‍ പറഞ്ഞു. തന്റെ പുസ്തകം ഇതിന് ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

2013 ല്‍ റഷ്യയിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന ഭീതിപ്പെടുത്തുന്ന അവസ്ഥ ഇപ്പോഴില്ലെന്ന് സ്‌നോഡന്‍ പറയുന്നു. റഷ്യയിലെ ഏതെങ്കിലും തെരുവുകളില്‍ വെച്ച് അമേരിക്ക നിയോഗിച്ച അക്രമികളാല്‍ കൊല്ലപ്പെടുമെന്നായിരുന്നു അന്നുണ്ടായിരുന്ന ആശങ്ക. റഷ്യയില്‍ ഇരുന്ന് അമേരിക്കയിലേയും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസെടുത്തും മറ്റുമാണ് സ്‌നോഡന്‍ ഇപ്പോള്‍ ജീവിക്കുന്നത്.

“ലോകത്തെ ഏറ്റവും ശക്തമായ സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വ്യക്തി തന്നെയാണ് ഞാന്‍”, റഷ്യയിലെ ജീവിതം ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും സ്‌നോഡന്‍ തന്റെ അവസ്ഥയെ കുറച്ചുകാണുന്നില്ല. എന്നാല്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന കോട്ടുകളും തൊപ്പികളും ധരിക്കാതെയാണ് ഇപ്പോള്‍ അദ്ദേഹം മോസ്‌കോയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നത്. റഷ്യയില്‍ സ്ഥിരതാമസത്തിനുള്ള വിസയാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷം കൂടുമ്പോള്‍ അത് പുതുക്കണം. എന്നാല്‍ അതിലൊരു പ്രശ്‌നവുമുണ്ടാവില്ലെന്നും റഷ്യയില്‍ തുടരാന്‍ കഴിയുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ വിമുഖത കാട്ടിയിരുന്ന സ്‌നോഡന്‍ താന്‍ റഷ്യന്‍ താമസത്തിനിടെ വിവാഹിതനായ കാര്യവും വെളിപ്പെടുത്തി. 22-ാം വയസ്സു മുതലുള്ള കൂട്ടുകാരി ലിന്റ്‌സെ മില്‍സിനെ റഷ്യന്‍ താമസത്തിനിടെ വിവാഹം ചെയ്തതായും വെളിപ്പെടുത്തി. അവര്‍ അറിയാതെയാണ് അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും രഹസ്യ വിവരശേഖര നീക്കങ്ങള്‍ താന്‍ വെളിച്ചത്തുകൊണ്ടുവന്നതെന്ന് സ്‌നോഡന്‍ പറഞ്ഞു. വിവാദ നായകനെന്ന പ്രതിച്ഛായ ഇപ്പോള്‍ തനിക്ക് കാര്യമായി ഇല്ലെന്നാണ് സ്‌നോഡന്‍ കരുതുന്നത്.

സ്‌നോഡന്‍ തന്റെ രേഖകള്‍ ഗാര്‍ഡിയന്‍ പത്രത്തിലൂടെ പുറത്തകൊണ്ടുവന്നതിന് ശേഷം അമേരിക്കയില്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത പകുതി പേര്‍ അദ്ദേഹത്തെ എതിരാളിയായി കണ്ടപ്പോള്‍ പകുതി പേര്‍ സ്‌നോഡനെ പിന്തുണയ്ക്കുകയായിരുന്നു. സ്‌നോഡന്റെ നാടുകടത്തല്‍ അവസാനിപ്പിക്കുന്നതിന് അമേരിക്ക തയ്യാറാകണമെന്നാണ് ഡെമോക്രാറ്റിക് നേതാവ് ബെര്‍നി സാന്റേഴ്‌സ് പറഞ്ഞത്.

മാസ് സര്‍വൈലന്‍സിനെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവന്നതോടെ ലോകം കുറച്ചുകൂടി സുരക്ഷിതമായി എന്ന തോന്നലും സ്‌നോഡന്‍ പങ്കിട്ടു. സ്വയം കൂട്ടിലടയ്ക്കപ്പെട്ട തത്തയാണ് എന്നാണ് സ്‌നോഡന്‍ തന്റെ അവസ്ഥയെ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ നേരത്തെ മരണത്തെക്കാള്‍ ഭയനാകമായി തോന്നിയിരുന്ന റഷ്യയിലെ ഒളിവു ജീവിതം ഇപ്പോള്‍ അങ്ങനെയല്ലെന്നും ലോകവുമായി തനിക്ക് ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്നും പറയുന്നു.
‘പെര്‍മനന്റ് റിക്കോര്‍ഡ്സി’ല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് സൂചന.

രേഖകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ഹോങ്കോങ്ങില്‍ നിന്ന് ക്യൂബയിലേക്ക് പോകാന്‍ റഷ്യയില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അമേരിക്ക റദ്ദാക്കുന്നത്. അങ്ങനെയാണ് റഷ്യയില്‍ കുടുങ്ങി പോകുന്നത്.

അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയിലും യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയിലും ജോലി ചെയ്യുമ്പോഴാണ് രഹസ്യ വിവരങ്ങള്‍ സ്നോഡന്‍ ശേഖരിക്കുന്നത്. ഹോങ്കോങില്‍ വെച്ച് 2013 ലാണ് ഇദ്ദേഹം ഗാര്‍ഡിയനില്‍ നിന്നുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഈ രേഖകള്‍ കൈമാറുന്നത്.

2013 ജൂണില്‍ ഗാര്‍ഡിയന്‍ ഈ രേഖകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. അമേരിക്ക ലക്ഷകണക്കിന് ആളുകളുടെ ഫോണ്‍ സന്ദേശങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നുവെന്നും ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ ഇന്റര്‍നെറ്റ് കമ്പനികളില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം ഉണ്ടെന്നും തെളിയിക്കുന്നതായിരുന്നു രേഖകള്‍. പ്രിസം പദ്ധതിയെന്നറിയപ്പെടുന്ന ഈ സംവിധാനത്തെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ന്യായീകരിക്കുകയായിരുന്നു. ചാരപ്രവര്‍ത്തി നടത്തിയെന്ന് ആരോപിച്ചാണ് സ്‌നോഡനെതിരെ അമേരിക്ക കേസ് എടുത്തത്. ഹോങ്കോങ്ങില്‍വെച്ച് സ്‌നോഡനെ അറസ്റ്റ് ചെയ്യാന്‍ അമേരിക്ക ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.

Read Azhimukham: എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍