UPDATES

യാത്ര

പാരീസിൽ 20 ടണ്ണോളം ‘മിനി’ ഈഫൽ ടവറുകൾ പിടിച്ചെടുത്തു

മിനി ഈഫൽ ടവറുകളുടെ നിയമവിരുദ്ധ വ്യാപാരം വ്യാപകം

പാരീസിൽ നിയമവിരുദ്ധമായി വിൽപ്പന നടത്തിയിരുന്ന 20 ടണ്ണോളം മിനി ഈഫൽ ടവറുകൾ ഫ്രഞ്ച് പോലീസ് പിടിച്ചെടുത്തു. വഴിയോര കച്ചവടക്കാർ, മൊത്തവ്യാപാരികൾ, ഇടനിലക്കാർ എന്നിവരുൾപ്പെടുന്ന ഒമ്പത് പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഈഫൽ ടവറിന്റെ ചെറുപതിപ്പുകളുടെ കരിഞ്ചന്ത വ്യാപാരത്തിനെതിരെ ദീർഘനാളുകളായി തുടങ്ങിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. പിടിക്കപ്പെട്ടവർ അതിവേഗ വിചാരണ നേരിടും.

വിനോദ സഞ്ചാരികൾക്ക് വേണ്ടി ഈഫൽ ടവറിന്റെ മിനിപതിപ്പുകളുമായി കാത്തിരിക്കുന്ന വഴിയോര കച്ചവടക്കാർ ലോവ്ർ മ്യൂസിയത്തിന്റെയും ഈഫേൽ ടവറിന്റെയും പരിസരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. കീചെയ്ൻ മുതൽ ആഭരണങ്ങളുടെ രൂപത്തിൽ വരെ വിൽക്കപ്പെടുന്ന ഇവ അഞ്ചെണ്ണത്തിന് ഒരു യൂറോ എന്ന നിരക്ക് തൊട്ട് ഒന്നിന് 10 യൂറോ എന്ന വിലയ്ക്ക് വരെയാണ് വിൽക്കപ്പെടുന്നത്.

പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന കുടിയേറ്റക്കാരാണ് ഇങ്ങനെ വിൽപ്പന നടത്തുന്നതിൽ ഭൂരിഭാഗവും. പോലീസ് പരിശോധനയെ ഭയന്ന് വിൽപ്പനക്ക് വെച്ച സാധനങ്ങൾ ചുരുട്ടിക്കെട്ടി പൊടുന്നനെ സ്ഥലം കാലിയാക്കുന്ന വഴിയോര കച്ചവടക്കാരും ഇതുകണ്ട് അമ്പരന്ന് നിൽക്കുന്ന വിനോദ സഞ്ചാരികളും ഇവിടങ്ങളിലെ പതിവ് കാഴ്ചകളാണ്.

കുടിയേറ്റവുമായി ബന്ധപ്പെട്ട ഫ്രഞ്ച് അധികൃതരും കൂടി ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തിയത്. മിനി ഈഫൽ ടവറുകൾ ഇറക്കുമതി ചെയ്യുകയും കച്ചവടക്കാരുടെ ശൃംഖലയിൽ എത്തിക്കുകയും ചെയ്യുന്നുവെന്ന് സംശയിക്കുന്ന മൂന്ന് ചൈനീസ് മൊത്തകച്ചവടക്കാർക്കിടയിലും അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടന്നിരുന്നു. ആകെ 20 ടൺ ഭാരമുള്ള 1000 പെട്ടികളാണ് രണ്ട് ഡിപ്പോകളിൽ നിന്നും മൂന്ന് കടകളിൽ നിന്നുമായി പിടിച്ചെടുത്തത്. 8ലക്ഷം യൂറോയുടെ മതിപ്പുള്ള നിയമവിരുദ്ധ വ്യാപാരമാണ് നടക്കുന്നത്. റെയ്ഡിൽ കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. നോട്ടുകളും നാണയങ്ങളും എണ്ണാനുള്ള യന്ത്രങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തത് വിപണിയുടെ വ്യാപ്തിയാണ് കാണിക്കുന്നതെന്ന് പാരീസ് പോലീസ് ദി ഗാർഡിയനോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍