UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എത്ര മരം നട്ടാല്‍ ഒരു അതിരപ്പിള്ളിയുണ്ടാകും?

Avatar

സാജു കൊമ്പന്‍

31032 വോട്ടാണ് ആലപ്പുഴ മണ്ഡലത്തില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസകിന്‍റെ ഭൂരിപക്ഷം. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ തനിക്ക് കിട്ടുന്ന ഭൂരിപക്ഷത്തിന്റെ അത്രയും മരങ്ങള്‍ (മുഖ്യമായും പ്ലാവ്) ആലപ്പുഴ മണ്ഡലത്തില്‍ നടുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ ഐസക് മരം നടാന്‍ തുടങ്ങി എന്നത് ജനങ്ങളിലുള്ള വിശ്വാസത്തിന്റെയും ഇനി എങ്ങാനും തോറ്റാലും മരമല്ലേ നടുന്നത് (ലഡു വിതരണമല്ലല്ലോ) അതിലെന്ത് നാണക്കേടിരിക്കുന്നു എന്ന സുന്ദരമായ ചിന്തയും ഉണ്ടായിരുന്നു. അതില്‍ ഉന്നതമായ പാരിസ്ഥിതിക ബോധവും പ്രകൃതിയോടുള്ള പ്രണയവും ഉണ്ടായിരുന്നു. പച്ച ജുബ്ബയില്‍ നിറഞ്ഞു ചിരിക്കുന്ന ഈ മനുഷ്യന്‍ നമ്മുടെ ധനമന്ത്രി ആയതില്‍ നമുക്ക് അഭിമാനിക്കാം. തീര്‍ച്ചയായും അടുത്ത ബഡ്ജറ്റ് ഒരു ഗ്രീന്‍ ബഡ്ജറ്റ് ആയിരിക്കുമെന്നും ഉറപ്പിക്കാം.

ഐസക്കിനെ തുടര്‍ന്ന് പല എം എല്‍ എ മാരും തങ്ങളുടെ ഭൂരിപക്ഷത്തിനനുസരിച്ച് മരം നടാന്‍ തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു ജയിച്ച കോണ്‍ഗ്രസ്സ് എം എല്‍ എ വി എസ് ശിവകുമാറാണ് അങ്ങനെ മരം നടുന്നവരില്‍ ഒരു പ്രധാനി. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായരാണ്. (ശിവകുമാര്‍ മന്ത്രിയായി ഭരിച്ച കഴിഞ്ഞ വര്‍ഷങ്ങളിലാണ് അദ്ദേഹത്തിന്റെ തന്നെ മണ്ഡലമായ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്കൂളിലെ വൃക്ഷമുത്തശ്ശിമാരെ കൊന്നു സ്കൂള്‍ ഇടിച്ചു നിരത്തി ഷോപ്പിംഗ് കോംപ്ലക്സ് പണിയാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തത് എന്ന കാര്യം തത്ക്കാലം മറന്നേക്കുക. ഇപ്പോള്‍ ഒരു നല്ല കാര്യത്തിന് ഇറങ്ങി തിരിച്ചിരിക്കുകയാണല്ലോ)

നേമം മണ്ഡലത്തില്‍ നിന്നു ഒ. രാജഗോപാലിനോട് തോറ്റ വി ശിവന്‍കുട്ടിയും മരം നടുന്നുണ്ട്. അത് തോറ്റ വോട്ടിന്റെ എണ്ണത്തിലല്ല, മറിച്ച് ഡി വൈ എഫ് ഐ പ്രാദേശികമായി നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ്. പരാജയം വിജയത്തിന്റെ ചവിട്ടു പടികളാകട്ടെ…!

അതേ സമയം സര്‍ക്കാര്‍ വക മരം നടല്‍ മഹാമഹം പൊടിപൊടിക്കുന്നുണ്ട് നാട്ടില്‍. ഈ പരിസ്ഥിതി ദിനത്തില്‍ കേരളത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റ്  60 ലക്ഷം മരങ്ങള്‍ നടുമെന്നാണ് വനം പരിസ്ഥിതി മന്ത്രി കെ രാജു പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സാംസ്കാരിക സംഘടനകള്‍ ക്ലബുകള്‍ എല്ലാം ഇതില്‍ പങ്കാളികളാകും. (ഇടതാഭിമുഖ്യമുള്ള സംഘടനകള്‍ക്ക് മാത്രമേ വൃക്ഷത്തൈകള്‍ നല്‍കുന്നുള്ളൂ എന്ന ആരോപണം തത്ക്കാലം മറക്കാം. കമ്യൂണിസ്റ്റ് പ്ലാവ്, കോണ്‍ഗ്രസ്സ് മാവ്, ബി ജെ പി ആല്‍… അങ്ങനെയൊന്നും ഇല്ലല്ലോ. ആര് ചെയ്താലും നല്ലത് തന്നെ)

കൂടാതെ സര്‍ക്കാര്‍ കണക്കില്‍ പെടാതെയും മരം നടീല്‍ പരിപാടികള്‍ നടക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഒരു കോടിയോളം വൃക്ഷത്തൈകള്‍ ഈ ഒറ്റ വര്‍ഷം കൊണ്ട് കേരളീയര്‍ നടുന്നു എന്നു സങ്കല്‍പ്പിക്കുക. (ഇത്തിരി അതിശയോക്തി ആയാലും കുഴപ്പമില്ല). ഈ തൈകള്‍ എല്ലാം വളര്‍ന്ന് വലുതായാല്‍ ഒരു കോടി മരങ്ങള്‍! ഒറ്റ തിരിഞ്ഞു കമ്പിക്കൂട്ടില്‍ വളര്‍ത്തിയെടുക്കുന്ന ഈ മരങ്ങള്‍ നിര്‍വ്വഹിക്കുന്ന പാരിസ്ഥിതിക ധര്‍മ്മത്തെ കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ സംസാരിക്കട്ടെ. 

ഈ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും ഇന്നും ഇന്നലയും തുടങ്ങിയതല്ലല്ലോ. (1980കളില്‍ ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ കൊണ്ടുവന്നു നട്ട നെല്ലിയും ചാമ്പക്കായും വയനാട്ടിലെ വീട്ടിലെ തൊടിയില്‍ ഇപ്പൊഴും ഉണ്ട്. എന്‍റെ മകളുടെ പ്രായത്തില്‍ ഞാന്‍ കൊണ്ടുവന്ന നട്ട ആ ചാമ്പക്കാ മരത്തില്‍ നിന്നും ഇപ്പോള്‍ മകള്‍ ചാമ്പക്കാ പറിച്ചു തിന്നുന്നത് കാണുമ്പോള്‍ ഒരു സുഖം.) എത്ര വൃക്ഷത്തൈകള്‍ നമ്മള്‍ കലാകാലങ്ങളായി നടുന്നു. അതില്‍ എത്ര കരിയുന്നു? എത്ര ജീവിക്കുന്നു? ഒരു കണക്കുമില്ല. എത്ര കോടികള്‍ ചെലവഴിച്ചു, എത്ര മരങ്ങള്‍ നട്ടു എന്നതിന് ചിലപ്പോള്‍ സര്‍ക്കാരിന്റെ കയ്യില്‍ കണക്കുണ്ടായേക്കാം. ഫലം ഇച്ഛിക്കാതെ തുടരുന്ന കര്‍മ്മം പോലെ അത് ഇപ്പൊഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. 

പരിസ്ഥിതി പ്രേമത്തിന്റെ ജനപ്രീയ നാടകങ്ങള്‍ ആടി തിമര്‍ക്കുമ്പോഴും സമീപ കാലങ്ങളിലായി നാം കണ്ടു കൊണ്ടിരിക്കുന്നത് അതി ഭീകരമായ പാരിസ്ഥിതിക വിനാശങ്ങളാണ്. എല്ലാം മനുഷ്യ നിര്‍മ്മിതം. നമ്മുടെ വനസമ്പത്ത് കുറഞ്ഞു കൊണ്ടിരിക്കുന്നു. പുഴകള്‍ മലിനമാകുന്നു. വറ്റുന്നു. നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നു. കായലുകള്‍ കയ്യേറുന്നു. മലകള്‍ ഇടിച്ചു നിരത്തുന്നു. പാറകള്‍ തുരന്നെടുക്കുന്നു. പുഴകള്‍ മണലൂറ്റി അസ്ഥികൂടങ്ങളായി തീര്‍ന്നിരിക്കുന്നു. ഇതിനൊക്കെ നേതൃത്വം കൊടുക്കുന്ന മാഫിയകള്‍ക്ക് നിയമത്തിന്റെ ഇളവുകള്‍ നല്‍കുന്നതില്‍ സദാ ജാഗരൂകരാണ് നമ്മുടെ ഭരണാധികാരികള്‍. ആരെങ്കിലും ഇതിനെ എതിര്‍ത്താല്‍ അവര്‍ വികസന വിരുദ്ധരും രാജ്യ ദ്രോഹികളും ആക്കി മുദ്രകുത്തപ്പെടും. അല്ലെങ്കില്‍ വിദേശ ഫണ്ട് പറ്റുന്ന എന്‍ ജി ഒ തട്ടിപ്പുകാര്‍. 

മണ്ണും ജലവും സംരക്ഷിച്ച് എല്ലാം ശരിയാക്കുമെന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയ കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റ്  തുടക്കത്തില്‍ തന്നെ അതിന്റെ സൂചനകള്‍ തന്നു കഴിഞ്ഞു. കേരളത്തിന്റെ വൈദ്യുതി ക്ഷാമത്തിന് ഒറ്റമൂലി അതിരപ്പിള്ളി പദ്ധതിയാണ് എന്നു നേരത്തെയും അവര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ അത് വീണ്ടും പുറത്തെടുത്തിരിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും വിവിധ പരിസ്ഥിതി സംഘടനകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉണ്ടായ വിമര്‍ശനത്തെ തുടര്‍ന്ന് തത്ക്കാലം പിന്നോട്ടടിച്ചു എങ്കിലും അത് ഡെമോക്ലാസിന്റെ വാള്‍ പോലെ കേരളീയരുടെ തലയ്ക്ക് മേല്‍ തൂങ്ങി കിടപ്പുണ്ട്. 

ഈ പേടിയുടെ വരമ്പത്തു നിന്നുകൊണ്ട്, ഇന്ന് മരം നടുന്ന മന്ത്രിമാരോടും ജനപ്രതിനിധികളോടും രാഷ്ട്രീയ നേതാക്കളോടും സാമൂഹ്യ-സാംസ്കാരിക-മത നേതാക്കളോട് ചില ചോദ്യങ്ങള്‍. എത്ര മരം നട്ടാല്‍  നിങ്ങള്‍ക്ക് ഒരു അതിരപ്പിള്ളി ഉണ്ടാക്കാന്‍ കഴിയും? എത്ര വേഴാമ്പലുകള്‍ നിങ്ങള്‍ നടുന്ന മരത്തില്‍ കൂടു കൂട്ടും? എത്ര സിംഹവാലന്‍ കുരങ്ങുകള്‍ നിങ്ങള്‍ നടുന്ന പേര മരത്തില്‍ നിന്നു പേരയ്ക്ക കഴിച്ചു നമ്മളെ നോക്കി പല്ലു കാട്ടി ചിരിക്കും? എത്ര ചിത്രശലഭങ്ങള്‍… മീനുകള്‍… പാമ്പുകള്‍.. പ്രാണികള്‍.. കണ്ണില്‍ കാണാത്ത എണ്ണമറ്റ കീടങ്ങള്‍ നിങ്ങള്‍ക്ക് സൃഷ്ടിക്കാനാവും? എത്ര നീര്‍ച്ചാലുകള്‍ നിങ്ങള്‍ നടുന്ന മരത്തിന്റെ വേരുകള്‍ തഴുകി കടന്നു പോകും? നമ്മുടെ കാറുകളും എസികളും വ്യവസായ ശാലകളും തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉപയോഗിച്ച് എത്ര കോടി ഇലകള്‍ പാചകപ്പുരകളാകും?

ഉത്തരമുണ്ടാകില്ല… അവരോട് ഇത്രയേ പറയാനുള്ളൂ…

അക്കാണും മാമലയൊന്നും
നമ്മുടേതല്ലെന്മകനെ
ഇക്കായൽ കയവുംകരയും
ആരുടേം.. അല്ലെൻ മകനേ.. (അന്‍വര്‍ അലി-കമ്മട്ടിപ്പാടം)

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍