UPDATES

വിദേശം

ഖഷോഗിയുടെ കൊലപാതകം: ‘നഗ്നസത്യങ്ങൾ‌’ വിളിച്ചു പറയാൻ എർദോഗന്‍

ഒന്നും രഹസ്യമായിരിക്കില്ലെന്നാണ് എർദോഗന്റെ അടുത്ത അനുയായി പറയുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

വാഷിങ്ടൺ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾക്ക് തുർക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് എർദോഗൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തുർക്കി പാർലമെന്റിൽ കഴിഞ്ഞ ദിവസം എർദോഗൻ നടത്തിയ പ്രസംഗത്തിൽ സൗദി സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. തുർക്കിയുടെ മണ്ണിൽ വെച്ച് വാഷിങ്ടൺ പോസ്റ്റിന്റെ മാധ്യമപ്രവർത്തകനെ കൊന്നു കളഞ്ഞതായി അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ നേരിട്ട് ലക്ഷ്യം വെച്ചാണ് എർദോഗന്റെ നീക്കങ്ങൾ. ബിൻ‍ സൽമാന് ഈ കൊലപാതകത്തിൽ പങ്കില്ലെന്ന് വരുത്താനുള്ള സൗദിയുടെ ശ്രമങ്ങളെ പൊളിക്കാനായിരിക്കും വരുംദിവസങ്ങളിൽ എർദോഗൻ ശ്രമിക്കുക. ഖഷോഗിയുടെ മരണത്തിനു പിന്നിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ സൽമാൻ രാജകുമാരൻ പങ്കാളിയാണെന്നും വ്യക്തമാക്കുന്ന തെളിവുകൾ എർദോഗൻ പുറത്തുകൊണ്ടുവരുമെന്നാണ് അറിയുന്നത്. താൻ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ‘നഗ്നസത്യങ്ങൾ’ വരുംദിനങ്ങളിൽ എർദോഗൻ വെളിപ്പെടുത്തിയേക്കാം.

ഒന്നും രഹസ്യമായിരിക്കില്ലെന്നാണ് എർദോഗന്റെ അടുത്ത അനുയായി പറയുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതകത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ബിൻ സൽമാൻ രാജകുമാരൻ പറയുന്നത്. ഇന്റലിജൻസ് വിഭാഗത്തിലെ ചില അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം ചാർത്താനാണ് സൗദി ഭരണകൂടത്തിലെ ബിൻ സൽമാനെ അനുകൂലിക്കുന്നവർ ശ്രമിക്കുന്നത്. വാഷിങ്ടൺ കോളമിസ്റ്റിനെ കൊലപ്പെടുത്തിയ വിഷയത്തിൽ യുഎസ്സും പ്രതിരോധത്തിലാണ്. തുടക്കത്തിൽ സൗദിയെ പൂർണമായും പിന്തുണച്ച് രംഗത്തെത്തിയ ഡോണൾഡ് ട്രെപിന് പിന്നീട് തന്റെ നിലപാടിൽ അയവ് വരുത്തേണ്ടി വന്നിരുന്നു.

സൗദി കിരീടാവകാശിയെ കൂടുതൽ കുഴപ്പത്തിലാക്കരുതെന്ന യുഎസ്സിന്റെ സന്ദേശം തുർക്കിയിലെത്തിയിട്ടുണ്ട്. കേസ് സംബന്ധിച്ച് തനിക്ക് ലഭിച്ച വിശദാംശങ്ങൾ അതൃപ്തിയുണ്ടാക്കുന്നതാണെന്ന് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പറയുകയുണ്ടായി. തിങ്കളാഴ്ച വൈകീട്ട് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ നൂച്ചിൻ സൗദിയിലെത്തി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. സിഐഎ ഡയറക്ടർ ജിന ഹാസ്പെല്‍ ഇസ്താംബുലിലേക്ക് പോകുമെന്നും അന്വേഷണത്തിൽ ഇടപെടല്‍ നടത്തുമെന്നുമുള്ള സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍