UPDATES

വിദേശം

യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘കിംങ് മേയ്ക്കറാവാൻ’ ഗ്രീൻസ് പാർട്ടി

യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രധാനികളായ ഇടത് – വലത് മുന്നണികൾക്ക് ഇത്തവണ വലിയ സീറ്റു ചോർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല.

അടുത്ത ആഴ്ച നടക്കാന്‍ പോകുന്ന യൂറോപ്യൻ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഗ്രീൻസ് പാർട്ടി. പാര്‍ലമെന്റിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും, ആര് ഭരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും ഗ്രീൻസ് പാർട്ടി അവകാശപ്പെടുന്നു.
‘മേശയുടെ മറുവശത്ത് ഞങ്ങളും ഉണ്ടാകും. ഭൂരിപക്ഷം നിർണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ഹരിത വിഷയങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ, നിയമ പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം തങ്ങള്‍ക്ക് ചില ആവശ്യങ്ങളുണ്ട്. അത് വ്യക്തമായി ഉന്നയിക്കപ്പെടും’, യൂറോപ്പ്യൻ കമ്മീഷൻ പ്രസിഡന്റ് സ്ഥാനാർത്ഥി കൂടിയായ ബാസ് എക്ക്ഹൗട്ട് പറഞ്ഞു.

യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്രധാനികളായ ഇടത് – വലത് മുന്നണികൾക്ക് ഇത്തവണ വലിയ സീറ്റു ചോർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. 751 സീറ്റുകളുള്ള അസംബ്ലിയില്‍ 57 സീറ്റുകള്‍വരെ ഗ്രീൻസ് പാർട്ടി നേടിയേക്കാം. വടക്കൻ യൂറോപ്പിലടക്കം ഗ്രീൻ പാർട്ടിക്കുള്ള പിന്തുണ വർ‌ധിച്ച് വരികയാണ്. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ എടുക്കുന്ന നിലപാടുകളാണ് പുരോഗമന ചിന്താഗതിക്കാരായ വോട്ടർമാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ വർഷം ജര്‍മൻ സ്റ്റേറ്റായ ബവേറിയയിൽ പകുതിയിലധികം വോട്ടുയര്‍ത്തിയ ഗ്രീൻസ് പാർട്ടി അവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ബെൽജിയൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ പല ബ്രസൽസ് ജില്ലകളിലും 30 ശതമാനം വോട്ട് നേടി. ലക്സംബർഗിലെ തങ്ങളുടെ എം.പി.മാരുടെ എണ്ണം 50% ഉയർത്തി.

സ്വീഡൻ, ലക്സംബർഗ് എന്നിവിടങ്ങളിൽ മറ്റു പാർട്ടികളുമായി ചേർന്ന് ഭരിക്കുന്നു. ജർമ്മനിയുടെ 16 സംസ്ഥാനങ്ങളിൽ ഒൻപതിലും ഗ്രീൻസ് പാർട്ടി മറ്റുള്ളവരോടൊപ്പം ചേർന്നു ഭരിക്കുന്നു. മുപ്പതിലധികം ദേശീയ പാർട്ടികള്‍ ചേർന്നതാണ് യൂറോപ്യന്‍ ഗ്രീൻസ് പാർട്ടി. 2008-ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമാണ് ഗ്രീൻസ് പാര്‍ട്ടിക്ക് യൂറോപ്പില്‍ ശക്തമായ സാന്നിദ്ധ്യമായി മാറാന്‍ കഴിഞ്ഞത്. മുഖ്യധാരാ പാർട്ടികളൊക്കെ വലിയ രീതിയിലുള്ള തിരിച്ചടിയും നേരിട്ടിരുന്നു. പരിസ്ഥിതി സംരക്ഷണവും സാമൂഹ്യ നീതി ഉറപ്പാക്കലുമാണ് ഹരിത രാഷ്ട്രീയക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.

Read More:ന്യൂസീലാന്‍ഡ് ആക്രമണത്തിനു കാരണം മുസ്ലിം കുടിയേറ്റമെന്ന് ആരോപിച്ച ഓസ്ട്രേലിയൻ സെനറ്റർക്ക് പരാജയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍