UPDATES

സയന്‍സ്/ടെക്നോളജി

സമ്മർദ്ദങ്ങൾക്കൊടുവിൽ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത്; ലൈവ് സ്ട്രീമിങ്ങിൽ ‘നിയന്ത്രണങ്ങൾ’ കൊണ്ടുവരും; നയത്തിൽ മാറ്റമില്ലെന്ന് സൂചന

ഫേസ്ബുക്ക് ഇരകൾക്കൊപ്പം തന്നെയാണെന്ന് സാൻഡ്ബർഗ് അവകാശപ്പെട്ടു.

ന്യൂ സീലാൻഡിൽ മതതീവ്രവാദി നടത്തിയ ആക്രമണം ലൈവ് സ്ട്രീം ചെയ്ത വിവാദത്തിൽ ഇതാദ്യമായി ഫേസ്ബുക്ക് പ്രതികരിച്ചു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സിഒഒ) ഷെറിൽ സാൻഡ്ബർഗ് ഒരു കത്ത് പ്രസിദ്ധീകരിച്ചാണ് വിവാദത്തിൽ തങ്ങളുടെ നിലപാട് വിശദീകരിച്ചത്. ആർക്കെല്ലാം ലൈവ് സ്ട്രീമിങ് നടത്താമെന്നതു സംബന്ധിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തങ്ങളുദ്ദേശിക്കുന്നതായി കത്തിൽ പറഞ്ഞു. അതെസമയം ഈ വിഷയത്തിൽ നയപരമായ ഒരു മാറ്റത്തിന് തങ്ങൾ ഒരുക്കമല്ലെന്ന സൂചന കൂടി ഈ കത്തിന്റെ പൊതു സ്വഭാവത്തിലുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു.

മതതീവ്രവാദി നടത്തിയ ആക്രമണം ലൈവ് സ്ട്രീം ചെയ്യുകയും ലോകത്തെമ്പാടും പ്രചരിക്കുകയും ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചർച്ച ചെയ്യപ്പെട്ടു. അക്രമിയുടെ ചിത്രം പോലും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഇതര മാധ്യമങ്ങൾ പിന്നീട് മാറി നിന്നു.

ഫേസ്ബുക്ക് ഇരകൾക്കൊപ്പം തന്നെയാണെന്ന് സാൻഡ്ബർഗ് അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും മുസ്ലിം സമുദായത്തിനുമൊപ്പമാണ് തങ്ങൾ. ആക്രമണത്തിന്റെ ഭീകരദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെ എല്ലാവരും ചോദ്യം ചെയ്തത് ന്യായമാണെന്ന നിലപാടും അവർ പങ്കുവെച്ചു. തങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ ചിലത് ചെയ്യണമെന്ന ആവശ്യത്തോട് ഫേസ്ബുക്ക് യോജിച്ചു.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്തിട്ടും ഫേസ്ബുക്ക് രണ്ടാഴ്ചയോളം മിണ്ടാതിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമെങ്ങും ഉയർന്നത്. ഫേസ്ബുക്കിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ന്യൂ സീലാൻഡ് പ്രൈവസി കമ്മീഷണർ ജോൺ എഡ്വാർഡ് ഫേസ്ബുക്കിന് കത്തെഴുതുകയുമുണ്ടായി. തങ്ങളുടെ ജനങ്ങളെ, സുഹൃത്തുക്കളെ, സഹപ്രവർത്തകരെ കൊല്ലുന്നത് ലൈവായി ലോകത്തെ കാണിച്ചതിനു ശേഷവും നിരുത്തരവാദപരമായ നിശ്ശബ്ദത ഫേസ്ബുക്ക് തുടരുന്നതിനെ എഡ്വാർഡ് നിശിതമായി വിമർശിച്ചു. “ഞങ്ങളുടെ ദുഖത്തെ അവമതിക്കുകയാണ് നിങ്ങളുടെ നിശ്ശബ്ദത,” എഡ്വേർഡ് കൂട്ടിച്ചേർത്തു.

ഇത് സംഭവിച്ചത് അമേരിക്കയിലായിരുന്നെങ്കിൽ മാർക്ക് സുക്കർബർഗ് നിശ്ചയമായും സംസാരിക്കുമായിരുന്നെന്ന് അഭിപ്രായമുയർന്നു. എന്തുകൊണ്ടാണ് ന്യൂ സീലാൻഡ് ഫേസ്ബുക്കിന് വ്യത്യസ്തമാകുന്നതെന്നും ചോദ്യമുയർന്നു. ഇപ്പോഴും സുക്കർബർഗ് ഇക്കാര്യത്തിൽ സംസാരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍