UPDATES

സയന്‍സ്/ടെക്നോളജി

സ്വകാര്യതയ്ക്ക് ഫേസ്ബുക്ക് ഉപയോക്താക്കൾ നൽകുന്ന പ്രാധാന്യം ഇതാണ്: ഡാറ്റ ലീക്കിനു ശേഷം ഫേസ്ബുക്കിന്റെ വരുമാനം വർധിച്ചു!

പരസ്യദാതാക്കളെ ഡാറ്റ ലീക്ക് ബാധിച്ചിട്ടില്ല എന്നാണ് കണക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്. പരസ്യവരുമാനം മുൻവർഷത്തേതിനെ അപേക്ഷിച്ച് 50 ശതമാനം കണ്ടാണ് വർധിച്ചിട്ടുള്ളത്.

ഫേസ്ബുക്കിന്റെ നടപ്പുവർഷത്തെ ആദ്യപാദ കണക്കുകളിൽ വരുമാനം പ്രതീക്ഷിച്ചതിലധികം വർധിച്ചതായി റിപ്പോർട്ടുകൾ. ദൈനംദിന ഉപഭോക്താക്കളുടെ എണ്ണത്തിലും നേട്ടമുണ്ടായി. ഇടക്കാലത്ത് കുറഞ്ഞിരുന്ന ഉപഭോക്താക്കളുടെ എണ്ണം തിരിച്ചുപിടിക്കാൻ ഫേസ്ബുക്കിനായി എന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള കമ്പനികൾക്ക് ചോർത്തി നൽകിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചുവെങ്കിലും അവ ഫേസ്ബുക്കിനോടുള്ള വെറുപ്പ് വളർത്തുന്നതിലേക്ക് നീങ്ങിയിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡാറ്റ ലീക്കിനു ശേഷം സ്ഥാനമൊഴിയാൻ വരെ തയ്യാറെടുക്കേണ്ടി വന്ന ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് ഇതൊരു വലിയ ആശ്വാസമായിത്തീരും.

ആദ്യപാദ കണക്കുകൾ പുറത്തുവന്നപ്പോൾ ഓഹരിവില ആറു ശതമാനം കണ്ട് ഉയർന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ പ്രതി ഓഹരിനേട്ടം 1.35 ഡോളറാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ കണക്കുകൾ പ്രകാരം ഇത് 1.69 ഡോളർ എന്ന നിലയിലെത്തിയെന്നാണ് റിപ്പോർട്ട്.

ഫേസ്ബുക്കിന്റെ ആദ്യപാദ പ്രതീക്ഷിത വരുമാനം 11.4 ബില്യൺ ആയിരുന്നു. എന്നാൽ ഇതിനെയും മറികടന്ന് 11.97 ബില്യൺ വരുമാനം നേടി വൻ കുതിച്ചുചാട്ടമാണ് ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്.

ഉപയോക്താക്കളുടെ എണ്ണത്തിലും മാറ്റമില്ല!

ഡാറ്റ ലീക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. തങ്ങളുടെ സ്വകാര്യവിവരങ്ങൾ ഫേസ്ബുക്ക് വിറ്റത് ഉപയോക്താക്കൾ അത്ര ഗൗരവത്തോടെ കണ്ടിട്ടില്ല എന്നു തന്നെയാണ് പുറത്തു വരുന്ന കണക്കുകൾ പറയുന്നത്. പ്രതിമാസ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 2.2 ബില്യണ്‍ ആണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇത് മാറ്റമില്ലാതെ നിലനിർത്താൻ ഫേസ്ബുക്കിന് സാധിച്ചു.

പരസ്യദാതാക്കളെ ഡാറ്റ ലീക്ക് ബാധിച്ചിട്ടില്ല എന്നാണ് കണക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്. പരസ്യവരുമാനം മുൻവർഷത്തേതിനെ അപേക്ഷിച്ച് 50 ശതമാനം കണ്ടാണ് വർധിച്ചിട്ടുള്ളത്.

ഫേസ്ബുക്കിന്റെ സുരക്ഷാ സംവിധാനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പദ്ധതി നേരത്തെ മാർക്ക് സുക്കർബര്‍ഗ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. വിദ്വേഷ പ്രചാരണം അടക്കമുള്ളവ തിരിച്ചറിയാൻ കഴിയുന്ന ടൂളുകൾ വികസിപ്പിച്ചെടുക്കും. ഇലക്ഷൻ സമയങ്ങളിൽ സർക്കാർ ഇടപെടലുകൾ ഫേസ്ബുക്കിൽ നടക്കുന്നുണ്ടെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിനുള്ള ടൂളുകളും വികസിപ്പിച്ചെടുക്കുമെന്നും സുക്കർബർഗ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍