UPDATES

സയന്‍സ്/ടെക്നോളജി

ഫേസ്ബുക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിയമനിർമാതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചു; ലക്ഷ്യം ഡാറ്റാ സ്വകാര്യതാ നിയമങ്ങൾ അട്ടിമറിക്കൽ

സ്വകാര്യത സംബന്ധിച്ചുള്ള നിയമനിർമാണങ്ങൾ തടയുകയായിരുന്നു ഫേസ്ബുക്കിന്റെ ലക്ഷ്യം.

സ്വകാര്യതാ നിയമങ്ങളെ തുരങ്കം വെക്കാൻ സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് ലോകത്തെമ്പാടും വൻ ദല്ലാൾ പണികൾ നടത്തിയെന്ന് റിപ്പോർട്ട്. വിവിധ രാഷ്ട്രങ്ങളിലെ നിയമനിർമാതാക്കളെ സ്വാധീനിച്ചും, നിക്ഷേപ വാഗ്ദാനം നടത്തിയും, നിക്ഷേപം മരവിപ്പിക്കുമെന്ന ഭീഷണി പുറപ്പെടുവിച്ചുമെല്ലാമാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വലിച്ചെടുക്കുന്നതിൽ നിന്ന് തങ്ങളെ തടയുന്നവരെ മെരുക്കാൻ ഫേസ്ബുക്ക് ശ്രമിച്ചുവരുന്നതെന്ന് ദി ഗാർഡിയൻ പോർട്ടലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുൻ യുകെ ചാൻസലർ ജോർജ് ഓസ്ബോൺ അടക്കമുള്ളവരെ സ്വാധീനിക്കാൻ ഫേസ്ബുക്ക് ശ്രമം നടത്തുകയുണ്ടായെന്ന് ചില മാധ്യമങ്ങൾക്ക് ലഭിച്ച രേഖകളെ ഉദ്ധരിച്ചാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. നിക്ഷേപ വാഗ്ദാനത്തോടൊപ്പം കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ആഭ്യന്തര രേഖകൾ ചോർന്നതിലൂടെയാണ് ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് നിയമനിർമാതാക്കളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഫേസ്ബുക്ക് നടപ്പാക്കിയത്.

സ്വകാര്യത സംബന്ധിച്ചുള്ള നിയമനിർമാണങ്ങൾ തടയുകയായിരുന്നു ഫേസ്ബുക്കിന്റെ ലക്ഷ്യം. ഇതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിയമനിർമാതാക്കള്‍ക്കിടയിൽ ഫേസ്ബുക്ക് ദല്ലാൾ ജോലികൾ നടത്തി. യുകെ, യുഎസ്, കാനഡ, വിയറ്റ്നാം, അർജന്റീന, ബ്രസീൽ, മലേഷ്യ എന്നിവിടങ്ങളിലും യൂറോപ്യൻ യൂണിയനിലെ 28 രാജ്യങ്ങളിലും നിയമനിർമാതാക്കൾക്കിടയിൽ അഹിതമായ ഇടപെടലുകൾ ഫേസ്ബുക്ക് നടത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നു.

യൂറോപ്പിലെ ഡാറ്റാ പ്രൈവസി നിയമനിർമാണങ്ങളിൽ കടുത്ത വ്യവസ്ഥകൾ ഒഴിവാക്കിക്കിട്ടാനായാണ് യൂറോപ്യൻ യൂണിയനിൽ ലോബിയിങ് നടത്തുകയായിരുന്നു ഫേസ്ബുക്ക്. യൂറോപ്യൻ യൂണിയന്റെ പ്രസിഡണ്ടെന്ന നിലയിൽ തനിക്ക് ഫേസ്ബുക്കിന്റെ താൽപര്യങ്ങൾ നടപ്പാക്കിക്കിട്ടാൻ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്ന് ഐറിഷ് പ്രധാനമന്ത്രി എൻഡ കെന്നി പറഞ്ഞെന്നും പുറത്തുവന്ന രേഖകളിലുണ്ട്. ഫേസ്ബുക്കിനോട് സൗഹൃദം പുലർത്തുന്ന നേതാക്കളിലൊരാളാണ് കെന്നിയെന്ന് രേഖയിൽ ഫേസ്ബുക്ക് വിശദീകരിക്കുന്നുണ്ട്. യൂറോപ്പിൽ ടെക്നോളജി കമ്പനികള്‍ക്കായുള്ള നിയമനിർമാണങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നയാളാണ് കെന്നി. 28 അംഗരാഷ്ട്രങ്ങളുടെ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷണറാണ് ഇദ്ദേഹം.

തങ്ങളോട് വിയോജിപ്പോടെ നിലപാടെടുക്കുന്ന വനിതാ യൂറോപ്യൻ കമ്മീഷണർമാരെ സ്വാധീനിക്കാൻ ഫേസ്ബുക്കിന്റെ സിഒഒ ആയ ഷെറിൽ സാൻഡ്ബാഗിനെ ഉപയോഗിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. സ്ത്രീപക്ഷ നിലപാടുകളോടെ എഴുതപ്പെട്ട ‘ലീൻ ഇൻ’ എന്ന പുസ്തകമാണ് ഇതിനായി ഫേസ്ബുക്ക് ആയുധമാക്കിയത്.

ഫേസ്ബുക്കിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാത്ത നിയമങ്ങൾ പാസ്സാക്കിയ രാജ്യങ്ങളെ തങ്ങൾ നിക്ഷേപം പിൻവലിക്കുമെന്ന ഭീഷണി ഉയർത്തി വരുതിക്ക് നിര്‍ത്താനും ഫേസ്ബുക്ക് ശ്രമിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍