UPDATES

വിദേശം

ആമസോണിലെ കാട്ടു തീ: ലോകത്തിലെ അവസാനത്തെ ‘അവാ’ ഗോത്ര വര്‍ഗ്ഗകാരായ എണ്‍പത് പേരുടെ നിലനില്‍പും ഭീഷണിയില്‍

കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 26-വരെ ബ്രസീലിയന്‍ ആമസോണില്‍ നിന്നും ഹോങ്കോങ്ങിന് തുല്യമായ 1,114.8 ചതുരശ്ര കിലോമീറ്റര്‍ (430 ചതുരശ്ര മൈല്‍) വനപ്രദേശം നഷ്ടപ്പെട്ടിട്ടുണ്ട്.

ബ്രസീലിയന്‍ ആമസോണ്‍ കാടുകളിലെ സംരക്ഷിത പ്രദേശങ്ങളിലും കാട്ടുതീ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ആദിവാസികള്‍പോലും വളരെ വിരളമായി താമസിക്കുന്ന ഈ വിദൂര പ്രദേശങ്ങളെപ്പോലും ഭൂ മാഫിയകള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്. ആമസോണ്‍ മഴക്കാടുകളില്‍ തീ പടരുന്നത് ഇതാദ്യമല്ലെങ്കിലും ലോകം ബ്രസീലിലേക്ക് ഇത്രമാത്രം ആശങ്കയോടെ ഉറ്റുനോക്കുന്നത് ആദ്യമാണ്.

മാരന്‍ഹാവോയിലെ അരാരിബിയ തദ്ദേശീയ സംരക്ഷിത പ്രദേശത്തും തീപിടുത്തമുണ്ടായി. അത് ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ഗോത്രമായ ‘അവാ’ വിഭാഗത്തിന്റെ ആവാസ കേന്ദ്രംകൂടിയാണ്. അവരില്‍ കേവലം 80 ഓളം ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ആമസോണിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഈ പ്രദേശത്ത് സമീപകാലത്തായി കടുത്ത വനനശീകരണവും ഉണ്ടായിട്ടുണ്ട്.

അതേസമയം, ആമസോണ്‍ മഴക്കാടുകളില്‍ അടുത്ത 2 മാസത്തേക്കു തീയിടുന്നതു ബ്രസീല്‍ നിരോധിച്ചു. കൃഷിയുമായി ബന്ധപ്പെട്ട അംഗീകൃത നടപടികളല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്നാണു പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാറിന്റെ സാറ്റലൈറ്റ് മോണിറ്ററിംഗ് ഏജന്‍സിയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 26-വരെ ബ്രസീലിയന്‍ ആമസോണില്‍ നിന്നും ഹോങ്കോങ്ങിന് തുല്യമായ 1,114.8 ചതുരശ്ര കിലോമീറ്റര്‍ (430 ചതുരശ്ര മൈല്‍) വനപ്രദേശം നഷ്ടപ്പെട്ടിട്ടുണ്ട്. ഫിലാഡല്‍ഫിയയുടെ പകുതി വലിപ്പമുള്ള അത്രയും പ്രദേശം ജൂലൈയില്‍ നഷ്ടപ്പെട്ടിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ ബോള്‍സോനാരോ അധികാരത്തില്‍ വന്നതിനുശേഷം പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെയും ഇല്ലാതാക്കുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നത്. തദ്ദേശീയ സമുദായങ്ങളെക്കാളും മറ്റ് വനവാസികളെക്കാളും ഖനി മുതലാളിമാര്‍ക്കും വല്ല്യകര്‍ഷകര്‍ക്കുമാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്. ബോള്‍സോനാരോ അധികാരത്തിലെത്തിയത്തിനു ശേഷം മാത്രം ആമസോണ്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റര്‍ (355 ചതുരശ്ര മൈല്‍) വര്‍ധിച്ചതായി ബ്രസീലിന്റെ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

Read: “ഇന്ന് ചെയ്തില്ലെങ്കില്‍ ഇനിയില്ല…”; സീറോ കാര്‍ബണ്‍ റേസിംഗ് ബോട്ടില്‍ അറ്റ്ലാന്റിക് കടന്ന് ന്യൂയോര്‍ക്കിലെത്തിയ പതിനാറുകാരി ഗ്രെറ്റ പറഞ്ഞു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍