UPDATES

വിദേശം

കുട്ടികളെയും അമ്മമാരെയും 14 ദിവസത്തിനകം ഒരുമിപ്പിക്കണമെന്ന് യുഎസ് കോടതി

എല്ലാ കുട്ടികൾക്കും തങ്ങളുടെ മാതാപിതാക്കളോട് ഫോണിൽ സംസാരിക്കാനുള്ള അവസരം നൽ‌കണമെന്നും കോടതിയുത്തരവിലുണ്ട്.

യുഎസ് പ്രസിഡണ്ടിന്റെ ‘സീറോ ടോളറൻസ്’ നയത്തിനെതിരെ കോടതി. മെക്സിക്കൻ അതിർത്തിയിൽ ബലപ്രയോഗത്തിലൂടെ വേർപിരിക്കപ്പെട്ട അമ്മമാരെയും കുട്ടികളെയും ഒരുമിപ്പിക്കണമെന്ന് ഒരു യുഎസ് കോടതി സർക്കാരിനോട് ഉത്തരവിട്ടു. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികളെയും മാതാപിതാക്കളെയും ഒരുമിപ്പിക്കാൻ കോടതി 14 ദിവസമാണ് നൽകിയിരിക്കുന്നത്. ഇതിൽ‌ക്കൂടുതൽ പ്രായമുള്ള കുട്ടികളെ 30 ദിവസത്തിനകം മാതാപിതാക്കളുടെ അടുത്തെത്തിക്കണം.

പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നയത്തെ ചോദ്യം ചെയ്ത് 17 യുഎസ് സ്റ്റേറ്റുകൾ രംഗത്തുണ്ട്. വാഷിങ്ടൺ, ന്യൂയോർക്ക്, കാലിഫോർണിയ എന്നീ സ്റ്റേറ്റുകളിൽ നിന്നുള്ള ഡെമോക്രാറ്റ് അറ്റോർണികള്‍ വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോൾ ഉത്തരവ് വന്നിട്ടുള്ള ഹരജി നൽകിയത് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനാണ്. കോംഗോയിൽ നിന്നുള്ല ഒരു വനിതയുടെ 7 വയസ്സുള്ള മകനെ യുഎസ് പിടിച്ചുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

2300ലധികം കുട്ടികളെയാണ് മെക്സിക്കൻ അതിർത്തിയിലെ കുടിയേറ്റക്കാരിൽ നിന്നും പിടിച്ചെടുത്ത് അമേരിക്ക തടവിൽ പാര്‍പ്പിച്ചിട്ടുള്ളത്. അതിർത്തി നിയമവിരുദ്ധമായി കടക്കുന്ന ആരെയും ക്രിമിനൽ വിചാരണയ്ക്ക് വിധേയമാക്കുക എന്നതാണ് യുഎസ്സിന്റെ ഇപ്പോഴത്തെ നയം. ലോകമെമ്പാടും ഈ നയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ ഇതേ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശയോഗത്തിൽ നിന്നും അമേരിക്ക പിന്മാറിയിരുന്നു. മറ്റു രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കാണാതെ യുഎസ്സിന്റേത് മാത്രം പെരുപ്പിച്ചു കാട്ടുന്നുവെന്നായിരുന്നു പരാതി.

പത്തു ദിവസത്തിനകം എല്ലാ കുട്ടികൾക്കും തങ്ങളുടെ മാതാപിതാക്കളോട് ഫോണിൽ സംസാരിക്കാനുള്ള അവസരം നൽ‌കണമെന്നും കോടതിയുത്തരവിലുണ്ട്. അതെസമയം, അനധികൃതമായി അതിർത്തി കടന്നെത്തുന്നവരെ വിചാരണ ചെയ്യുന്ന നടപടി തുടരുന്നതിന് ഈ ഉത്തരവ് ഒരു വിലക്കാകുന്നില്ല. കുടിയേറ്റ നിയമങ്ങളും നയങ്ങളും നടപ്പാക്കൽ സംബന്ധിച്ച കാര്യങ്ങളിൽ യുഎസ് സർക്കാരിന്റെ വിവേചനാധികാരത്തെ കോടതി ചോദ്യം ചെയ്യുന്നില്ലെന്നും ഉത്തരവ് വ്യക്തമായി പറയുന്നുണ്ട്.

മക്കളെ ഇനിയൊരിക്കലും കാണാനാകില്ലെന്ന് കരുതിയ മാതാപിതാക്കൾക്ക് ഈ വിധി കൊണ്ടുവരുന്ന ആശ്വാസം ചെറുതല്ലെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഡെപ്യൂട്ടി ഡയറക്ടർ‌ ലീ ഗേലോന്റ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍