UPDATES

വിദേശം

മുതലാളിയുടെ രാഷ്ട്രീയം വരയ്ക്കുന്നതല്ല കാർട്ടൂണിസ്റ്റിന്റെ ജോലി: ട്രംപിനെതിരെ വരച്ചതിന് പുറത്താക്കപ്പെട്ട കാർട്ടൂണിസ്റ്റ് പറയുന്നു

കാർട്ടൂണിസ്റ്റുകളുടെ ജോലി വ്യത്യസ്തമാണെന്ന് റോജേഴ്സ് ചൂണ്ടിക്കാട്ടുന്നു. വായനക്കാരെ പ്രകോപിപ്പിക്കാൻ കാർട്ടൂണിസ്റ്റിന് കഴിയണം.

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രെപിനെതിരെ ‘അമിതരോഷം’ പ്രകടിപ്പിക്കുന്ന കാർ‌ട്ടൂണുകൾ വരച്ചതിന് ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് റോബ് റോജേഴ്സ് പുറത്താക്കപ്പെട്ടത്. പിറ്റ്സ്ബർഗ് പോസ്റ്റ് ഗസറ്റിലെ എഡിറ്റോറിയൽ കാർട്ടൂണിസ്റ്റായിരുന്നു അദ്ദേഹം. സ്റ്റാഫ് കാർട്ടൂണിസ്റ്റല്ലാതെയുള്ള ജീവിതവും താൻ ആസ്വദിക്കുന്നതായി റോജേഴ്സ് പറഞ്ഞു.

ട്രംപിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദമ്പതികളിൽ നിന്ന് മതിലിനിപ്പുറത്ത് നിൽക്കുന്ന ഡോണൾഡ് ട്രംപ് അവരുടെ കുഞ്ഞിനെ പിടിച്ചെടുക്കുന്ന കാർട്ടൂൺ വരച്ചതിനാണ് റോജേഴ്സ് പുറത്താക്കപ്പെട്ടത്.

ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് എന്ന നിലയിലുള്ള തന്റെ ജീവിതം തുടങ്ങിയെന്ന് അറിയിച്ച് റോജേഴ്സ് ട്വീറ്റ് ചെയ്ത കാർ‌ട്ടൂണും ട്രംപിനെതിരെയുള്ളതായിരുന്നു. കുടിയേറ്റക്കാരുടെ കുട്ടികളെക്കുറിച്ചുള്ള വാർത്തകൾ അമേരിക്കക്കാരനെന്ന നിലയിൽ തന്നെ നാണക്കേടിലാഴ്ത്തുന്നതായും റോജേഴ്സ് വ്യക്തമാക്കി.

കാർട്ടൂണിസ്റ്റിനെ തങ്ങൾ പുറത്താക്കിയതിന് കാരണമായി പിറ്റ്സ്ബർഗ് പോസ്റ്റ് ഗസറ്റിന്റെ എഡിറ്റർ ഇൻ ചീഫ് ജോൺ ബ്ലോക്ക് പറഞ്ഞ ന്യായം ഇതാണ്: “അദ്ദേഹം സ്വന്തം ആരോഗ്യത്തിന് ഗുണകരമല്ലാത്ത വിധത്തിൽ രോഷാകുലനാണ്. അദ്ദേഹത്തിൽ ട്രംപ് ആവേശിച്ചിരിക്കുകയാണ്.”

അതെസമയം താൻ ഉറച്ച അഭിപ്രായങ്ങൾ അറിയിക്കുന്നതിനെ രോഷമായി ബ്ലോക്ക് തെറ്റുധരിച്ചിരിക്കുകയാണെന്ന് കാർട്ടൂണിസ്റ്റ് റോബ് റോജേഴ്സ് പറഞ്ഞു. താനൊരു ട്രംപ് വിരോധിയായതിനാലാണ് പുറത്താക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

1999ൽ പുലിറ്റ്സർ പ്രൈസിന്റെ തെരഞ്ഞെടുപ്പിൽ അവസാനഘട്ടം വരെയെത്തിയയാളാണ് റോജേഴ്സ്. രണ്ടു ദശകങ്ങളോളമായി ഇതേ പത്രത്തിനു വേണ്ടി ജോലി ചെയ്തു വരികയാണിദ്ദേഹം.

കാർട്ടൂണിസ്റ്റുകളുടെ ജോലി വ്യത്യസ്തമാണെന്ന് റോജേഴ്സ് ചൂണ്ടിക്കാട്ടുന്നു. വായനക്കാരെ പ്രകോപിപ്പിക്കാൻ കാർട്ടൂണിസ്റ്റിന് കഴിയണം. വാക്കുകൾ കൊണ്ട് മാത്രം സാധിക്കാത്ത വിധത്തിൽ വേണം അത്. പ്രസാധകന്റെ രാഷ്ട്രീയം വരച്ചു വെക്കുന്നതല്ല കാർട്ടൂണിസ്റ്റുകളുടെ ജോലിയെന്നും റോജേഴ്സ് വ്യക്തമാക്കി. “എന്റെ കാർട്ടൂൺ മായ്ക്കാൻ പത്രത്തിന് സാധിച്ചിരിക്കാം. എങ്കിലും ട്രംപ് ഭരണകൂടത്തെക്കുറിച്ച് ദിവസവും ഒരു കാർട്ടൂണെങ്കിലും വരയ്ക്കാനാണ് എന്റെ തീരുമാനം”: റോജേഴ്സ് ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍