UPDATES

സയന്‍സ്/ടെക്നോളജി

ലോകത്തെ ഞെട്ടിച്ച് ചൈന, ചന്ദ്രനിൽ പരുത്തിവിത്ത് മുളപ്പിച്ചു

ചൈനയുടെ ചാന്ദ്രദൗത്യത്തിൽ ആവേശകരമായ മുന്നേറ്റം

ചൈനയുടെ ചാന്ദ്രദൗത്യത്തിൽ ഞെട്ടിക്കുന്ന മുന്നേറ്റം. മനുഷ്യൻ ഇന്നുവരെ ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ മറുഭാഗത്തെത്തിയ ചാങ്-4 ബഹിരാകാശ വാഹനത്തിൽ വെച്ചാണ് പരുത്തിച്ചെടി മുളപൊട്ടിച്ച് ചൈന ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്. ബഹിരാകാശ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ നീക്കമാണിത്. ഭാവിയിൽ ബഹിരാകാശ യാത്രികര്‍ക്ക് അവരവർക്കു വേണ്ട ഭക്ഷണം ഉത്പാദിപ്പിക്കുന്നതിലേക്കും കൂടുതൽ മുന്നേറ്റങ്ങളിലേക്കുമുള്ള തുടക്കമായി മാറും ഇത്.

പരുത്തിച്ചെടി മുളപൊട്ടി കുറച്ചു കഴിഞ്ഞ് രാത്രിയെത്തിയതോടെ കരിഞ്ഞുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ചന്ദ്രോപരിതലത്തിലെ സൂര്യപ്രകാശത്തെ ഉപയോഗിച്ചാണ് ചെടി മുള പൊട്ടിയത്. എന്നാൽ രാത്രി വന്നതോടെ താപനില വൻതോതിൽ കുറഞ്ഞു. മൈനസ് 170 ഡിഗ്രിയിലേക്ക് താപനില എത്തിച്ചേർന്നതോടെ ചെടി കരിയുകയായിരുന്നു.

കുറച്ചുനേരം മാത്രമേ ചെടി അതിജീവിക്കൂ എന്നത് തങ്ങൾക്കറിയാമായിരുന്നെന്ന് പരീക്ഷണത്തിന് രൂപം നല്‍കിയ ചോങ്‌ക്വിങ് സർവ്വകലാശാലയിലെ പ്രൊഫസർ സീ ജെങ്സിൻ പറഞ്ഞു.

നിലവിൽ ചാങ്-4 ദൗത്യം താത്ക്കാലിക വിരാമത്തിലാണ്. ഇപ്പോൾ ഈ പ്രദേശത്ത് രാത്രിയാണ്. ഏതാണ്ട് രണ്ടാഴ്ചയോളം രാത്രി നിലനിൽക്കും. ഇതിനു ശേഷം ദൗത്യം വീണ്ടും തുടരും.

കൂടുതൽ വിത്തുകൾ വരുംദിവസങ്ങളിൽ പരീക്ഷിക്കാനാണ് പരിപാടി. നൂറു ദിവസങ്ങളോളം ഈ പരീക്ഷണങ്ങൾ നടക്കും. ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിത്തുകളും മുളപ്പിക്കും. വിത്തുകളോടൊപ്പം പ്രാണികളുടെ മുട്ടകൾ, മണ്ണ്, യീസ്റ്റ് എന്നിവയും ഉണ്ടായിരുന്നു. ഇതിലാണ് വിത്തുകൾക്ക് മുളയ്ക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്. കൃത്രിമമായ ജൈവാന്തരീക്ഷത്തിലാണ് വിത്ത് മുളച്ചത്. ചന്ദ്രന്റെ യഥാർത്ഥ അന്തരീക്ഷത്തിൽ ഇത് അസാധ്യമാണ്. ചന്ദ്രനിലെ സൂര്യപ്രകാശം മാത്രമാണ് വിത്ത് മുളപ്പിക്കാൻ ഉപയോഗപ്പെട്ടത്.

നാസയും ഈ പദ്ധതിയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ചന്ദ്രന്റെ ഇരുണ്ട ഭാഗങ്ങളെന്നറിയപ്പെടുന്ന പ്രദേശത്ത് ഇതുവരെ ഒരു മനുഷ്യദൗത്യവും എത്തിയിട്ടില്ല. ഈ ഭാഗത്തിന്റെ ചിത്രങ്ങൾ യുഎസ്എസ്ആർ വളരെ വർഷങ്ങള്ഡക്കു മുമ്പു തന്ന എടുത്തിരുന്നെങ്കിലും പേടകമിറക്കുക അസാധ്യമായിരുന്നു. ഇവിടെനിന്നും സിഗ്നലുകൾ സ്വീകരിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രശ്നങ്ങളിലൊന്ന് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍