UPDATES

വിദേശം

92 സോമാലിയന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നത് ഫ്‌ളോറിഡ കോടതി തടഞ്ഞു

രണ്ടാഴ്ചയെങ്കിലും ഇവരെ തിരിച്ചയയ്ക്കരുതെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്

യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ ശാരീരികമായി ആക്രമിച്ചു എന്ന് ആരോപിച്ച സ്ത്രീകള്‍ അടക്കമുള്ള 92 സോമാലിയക്കാരെ രാജ്യത്ത് നിന്നും കയറ്റിവിടുന്നത് ഫ്‌ളോറിഡ കോടതി തടഞ്ഞു. വിമാനത്തില്‍ തങ്ങളെ 48 മണിക്കൂര്‍ തടവിലാക്കിയതായി അവര്‍ ആരോപിച്ചു. സോമാലിയന്‍ കുടിയേറ്റക്കാരെ മനുഷ്യത്വരഹിത സാഹചര്യങ്ങളില്‍ വിമാനത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു എന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ ഒരു സംഘം അഭിഭാഷകര്‍ സമര്‍പ്പിച്ച അന്യായത്തിലാണ് യുഎസ് ഫെഡറല്‍ ജഡ്ജി ഡാരിന്‍ ഗയില്‍സിന്റെ വിധി.

യുഎസില്‍ ദശാബ്ദങ്ങളായി ജീവിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ഡിസംബര്‍ ഏഴിനാണ് സോമാലിയയിലേക്ക് മടക്കി അയയ്ക്കുന്നതിനായി വിമാനത്തില്‍ കയറ്റിയത്. എന്നാല്‍ സെനഗലിലെ ദാക്കറില്‍ എത്തിയ വിമാനത്തില്‍ 23 മണിക്കൂര്‍ അവരെ തടവില്‍ വച്ച ശേഷം യുഎസിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. വ്യവഹാരത്തെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറായില്ലെങ്കിലും കുടിയേറ്റക്കാരോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം അവര്‍ നിഷേധിച്ചു. സെനഗല്‍ വിമാനത്താവളത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നതെന്നും യുഎസിലേക്ക് മടങ്ങേണ്ടി വന്നതെന്നുമാണ് ഔദ്ധ്യോഗിക ഭാഷ്യം.

രണ്ടാഴ്ചയെങ്കിലും ഇവരെ തിരിച്ചയയ്ക്കരുതെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജഡ്ജിയുടെ ഇടപെടല്‍ സമയോചിതമായിരുന്നുവെന്ന് പ്രധാന അറ്റോര്‍ണി റെബേക്ക ഷാര്‍പ്ലെസ് പറഞ്ഞു. ഇവരെ സോമാലിയയിലേക്ക് മടക്കി അയച്ചാല്‍ ഇസ്ലാമിക ഭീകരവാദി സംഘമായ അല്‍ ഷബാബ് ഇവരെ കൊല്ലാനുള്ള സാധ്യതയുണ്ടെന്ന് വാദത്തിനിടയില്‍ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബറില്‍ ട്രക്ക് ബോംബ് ഉപയോഗിച്ച് ഈ സംഘം 500 പേരെ കൊന്നു കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി സോമാലിയന്‍ കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്നത് യുഎസ് കുറച്ചിരിക്കുകയായിരുന്നു. അവിടുത്തെ രാഷ്ട്രീയ അസ്ഥിരതകള്‍ മൂലം 2012-13ല്‍ വെറും 31 പേരെ മാത്രമാണ് മടക്കി അയച്ചത്. എന്നാല്‍ ഇപ്പോള്‍ അല്‍-ഷബാബുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതിന് ശേഷവും സോമലിയന്‍ കുടിയേറ്റക്കാരെ മടക്കി അയയ്ക്കുന്നതില്‍ നാടകീയമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2016ല്‍ 198 പേരെ മടക്കി അയച്ചെങ്കില്‍ 2017ല്‍ അത് 521 ആയി വര്‍ദ്ധിച്ചു. ജനുവരി രണ്ടിനാണ് കേസില്‍ തുടര്‍വാദം നടക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍