UPDATES

വിദേശം

ഹൊദൈദ തുറമുഖം പിടിച്ചെടുക്കാൻ സൗദി-യുഎഇ നേതൃത്വത്തിൽ ആക്രമണം ശക്തം; ജനങ്ങൾ കൂട്ടപ്പലായനത്തിലേക്ക്

യുദ്ധം അവസാനിപ്പിക്കാൻ ആരും നയതന്ത്രമാർഗം അവലംബിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

യെമന്‍ സർക്കാരിനെ പിന്തുണയ്ക്കുന്ന സുന്നി അറബ് രാജ്യങ്ങളുടെ സഖ്യം നയിക്കുന്ന സൈനികനീക്കം ആക്രമണം ശക്തമാക്കി. ഹൂതി വിമതരുടെ പിടിയിലുള്ള ഹൊദൈദ തുറമുഖം പിടിച്ചടക്കുകയാണ് ലക്ഷ്യം. ഹൂതി സ്ഥാപിച്ച പ്രതിരോധ നിരയെ ഭേദിച്ച് ചൊവ്വാഴ്ച തന്നെ സൈന്യം മുന്നേറിയിരുന്നു. ‘ഗോൾഡൻ വിക്ടറി’ എന്ന് യുഎഇ വിശേഷിപ്പിക്കുന്ന ഈ നീക്കത്തിൽ എത്ര പേർ കൊല്പപ്പെട്ടെന്നതിന്റെ കൃത്യമായ കണക്കുകളും നാശനഷ്ടങ്ങളുടെ വിവരങ്ങളും വന്നിട്ടില്ല.

യുഎഇ നാവിക ഉദ്യോഗസ്ഥനായ ഒരു മലയാളിയുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 30 വർഷമായി യുഎഇ നാവികസേനയിലുള്ള തിരുവത്ര സ്വദേശി കമറുദ്ദീനാണ് (54) കൊല്ലപ്പെട്ടത്. തുറമുഖ നഗരത്തിൽ നിന്ന് ഹൂതികൾ നടത്തുന്ന പ്രത്യാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. നിരവധി യുഎഇ നാവിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

അതെസമയം, യുഎസ് പിന്തുണയുള്ള സൗദി-എമിരാറ്റി സൈനിക നീക്കം രണ്ടാംദിനത്തിലേക്ക് കടന്നതോടെ ഐക്യരാഷ്ട്രസഭ സുരക്ഷാ സേന ഒരു അടിയന്തിര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൻതോതിലുള്ള പലായനങ്ങളും ഭക്ഷണ അലഭ്യതയും ഈ തുറമുഖ നഗരത്തിൽ അടിയന്തിരമായി സംഭവിക്കും. അടിസ്ഥാന സൗകര്യങ്ങളെല്ലാം യുദ്ധത്തിൽ തകരാനിടയുണ്ട് എന്നത് ജനജീവിതം സങ്കീർണമാക്കും.

യുകെയുടെ ആവശ്യപ്രകാരമാണ് യുഎൻ സുരക്ഷാ കൗൺസിൽ യോഗം നടക്കുന്നത്. വ്യോമാക്രമണവും കരയുദ്ധവും ഒരേസമയം നടത്തുകയാണ് സൗദി-എമിരേറ്റി സൈന്യം. യെമന്റെ മൂന്നാമത്തെ വലിയ നഗരമായ ഹുദൈദ തന്ത്രപരമായി ഏറെ നിർണായകമാണ്. ചെങ്കടൽ തീരത്തെ തുറമുഖനഗരം കൂടിയായ ഹുദൈദ ഹൂതി വിമതരുടെ പ്രധാന സാമ്പത്തിക ഉറവിടം കൂടിയാണ്. അറബ് സഖ്യവും ഇറാന്റെ പിന്തുണയുള്ള ഹൂതികളും തമ്മിൽ മൂന്നു വർഷത്തിലധികമായി യുദ്ധം തുടരുകയാണ്.

ബുധനാഴ്ച മാത്രം പതിനെട്ട് വ്യോമാക്രമണങ്ങൾ സഖ്യസേന നടത്തിയതായി ഔദ്യോഗിക അറിയിപ്പുണ്ട്. തുറമുഖം അടയ്ക്കുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ അലഭ്യത വലിയ പ്രശ്നമായിത്തീരുമെന്ന് നഗരത്തിലുള്ളവർ ഭയക്കുന്നു. നിരവധി പേർ ഇതിനകം തന്നെ നഗരം വിട്ടു പോയിക്കഴിഞ്ഞു.

2014 മുതല്‍ ഹൂതി വിമതർ കൈവശം വെക്കുന്ന നഗരമാണിത്. 2015ൽ യുഎസ് പിന്തുണയോടെ സൗദി യെമനിൽ ആക്രമണം തുടങ്ങിയതോടെ ആഭ്യന്തരകലാപത്തിലുള്ള അന്താരാഷ്ട്ര ഇടപെടൽ കൂടുതൽ ശക്തമായി. പതിനായിരത്തിലധികം പേരാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. അതിരൂക്ഷമായ ക്ഷാമത്തിലേക്കാണ് യെമനെ ഈ യുദ്ധം നയിച്ചത്. 17 ദശലക്ഷം പേരെയാണ് ഈ ക്ഷാമം ബാധിച്ചത്. ജലവിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർക്കപ്പെട്ടതോടെ യെമനിൽ കോളറ പടർന്നു പിടിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും ഭീകരമായ കോളറ പടർച്ചയായിട്ടാണ് ഈ സംഭവം വിശേഷിപ്പിക്കപ്പെടുന്നത്. 2226 പേരാണ് മരണമടഞ്ഞത്.

സൗദി അറേബ്യ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെയും ഇറാൻ, ഇറാഖ്, റഷ്യൻ എന്നീ രാജ്യങ്ങളുടെയും താൽപര്യങ്ങളുടെ സംഘർഷഭൂമിയായതോടെയാണ് യെമനിലെ കാര്യങ്ങൾ ഇത്രയും വഷളായത്. യെമനിലെ യുഎൻ ഇടപെടൽ സാധ്യമാകും വിധം തടയുന്നത് ബ്രിട്ടനാണ്. ഇതുവഴി ഇങ്ങോട്ടുള്ള ആയുധക്കച്ചവടം വർധിപ്പിക്കുന്നു.

യുദ്ധം അവസാനിപ്പിക്കാൻ ആരും നയതന്ത്രമാർഗം അവലംബിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ചർച്ചകളാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. ഇറാന് യെമനിലുള്ള സ്വാധീനം ഇല്ലാതാക്കുകയാണ് സൗദിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തെ തകർക്കുകയാണ് റഷ്യയുടെ ലക്ഷ്യം. മധ്യേഷ്യയിൽ ശക്തമായ സാന്നിധ്യമായി വളരാൻ നയതന്ത്ര ഇടപെടൽ എത്രത്തോളം സഹായിക്കുമോ അത്രത്തോളമായിരിക്കും ആ വഴിക്കുള്ള റഷ്യയുടെ ആത്മാർത്ഥത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍