UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തേക്കും യൂക്കാലിപ്റ്റസും കാടല്ല; വയനാട്ടുകാര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു

Avatar

മുനീര്‍ പാറക്കടവത്ത്

ലോക വന ദിനത്തില്‍ വയനാട്ടിലെ വനങ്ങളില്‍ നിന്നും അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തു വരുന്നത്.

വയനാട്ടിലെ തിരുനെല്ലി, ബാവലി പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ചിട്ടുള്ള ഞാന്‍ വേനലില്‍ അവിടുത്തെ കൃഷി നാശവും വരള്‍ച്ചയും കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. ഇത്രയേറെ വന സമ്പത്തുള്ള വയലുകളാല്‍ ചുറ്റപ്പെട്ട വയനാട് പോലുള്ള സ്ഥലത്ത് മഴയൊന്നു മാറിയാല്‍ അനുഭവപ്പെടുന്ന കൊടും ചൂടും, വരള്‍ച്ചയും കണ്ട് ഏറെ ദുഃഖം തോന്നുന്നു. വയനാടിന് പ്രകൃതി ഇത്രയേറെ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടും അവയെല്ലാം വെട്ടിക്കളഞ്ഞ് ഒരു നാടിനെ വറചട്ടിയിലേക്ക് എടുത്തെറിയുന്ന കാഴ്ച. സ്വാഭാവിക വനങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം തേക്കും യൂക്കാലിപ്റ്റസും വച്ചു പിടിപ്പിച്ച വനം വകുപ്പിന്‍റെ തല തിരിഞ്ഞ പ്രവര്‍ത്തിമൂലം ഓരോ വര്‍ഷവും പച്ചപ്പും കുടിവെള്ളവും ഇല്ലാതെ വന്യമൃഗങ്ങള്‍ ചത്തൊടുങ്ങുന്ന ദയനീയ ചിത്രം.

തെറ്റുകള്‍ ചെയ്‌താല്‍ അത് തിരുത്തുകയല്ല, വീണ്ടും തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് സഞ്ചരിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് താല്‍പര്യം. സ്വാഭാവിക വനങ്ങള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് വയനാട്ടിലെ ബേഗൂര്‍ അടക്കമുള്ള വനമേഖലകളില്‍ വ്യാപകമായി യൂക്കാലിപ്റ്റസ്, തേക്ക് മരങ്ങള്‍ വച്ച് പിടിപ്പിച്ചത്. ഇത് വയനാട്ടിലെ പരിസ്ഥിതിയിലുണ്ടായ മാറ്റം അതിഭയാനകമായിരുന്നു. ഇക്കാര്യം പരിസ്ഥിതി പ്രവര്‍ത്തകരും, പത്രപ്രവര്‍ത്തകരും പലതവണ ചൂണ്ടിക്കാണിച്ചെങ്കിലും മുഖവിലക്കെടുത്തില്ല. നിബിഡ വനങ്ങള്‍ വെട്ടി നശിപ്പിക്കുകയും പകരം തേക്കിന്‍ തോപ്പുകള്‍ വച്ച് പിടിപ്പിക്കുകയുമാണ് വയനാട്ടില്‍ മിക്കയിടത്തും ചെയ്തത്. ഇതോടെ വന പ്രദേശങ്ങളില്‍ വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടായി. കടുത്ത വേനലിലും ധാരാളം ജലം ലഭിച്ചിരുന്ന വയനാടന്‍ കാടുകളില്‍ ഇന്ന് മഴയൊന്നു മാറിയാല്‍ വന്യമൃഗങ്ങള്‍ വെള്ളം ലഭിക്കാതെ ചത്തൊടുങ്ങുന്നത് സ്ഥിരം വാര്‍ത്തയാണ്. സ്വഭാവിക വനങ്ങള്‍ ഇല്ലാതായതോടെ ചതുപ്പുകള്‍ അപ്രത്യക്ഷമാവുകയും ജീവികള്‍ക്ക് ആവാസവ്യവസ്ഥ നഷ്ട്ടമാവുകയും ചെയ്തു.

കടുത്ത വേനലില്‍ തൊട്ടടുത്ത കര്‍ണാടകയിലെ നാഗര്‍ഹോള, രാജീവ് ഗാന്ധി തുടങ്ങിയ വന്യ ജീവി സങ്കേതത്തില്‍ നിന്നും വന്യ ജീവികള്‍ കൂട്ടത്തോടെ വയനാടന്‍ കാടുകളില്‍ ചേക്കേറുക പതിവായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ വന്യജീവികള്‍ക്ക് വേനലില്‍ ദാഹജലമില്ല. ഓരോ വേനലിലും ഡസന്‍ കണക്കിന് ആനകളാണ് നിര്ജ്ജലീകരണം മൂലം വയനാട് വന്യ ജീവി സങ്കേതത്തില്‍ ചെരിയുന്നത്.കുടിവെള്ളം ലഭിക്കാതെ കാടിറങ്ങുന്ന വന്യ മൃഗങ്ങള്‍ സമീപ പ്രദേശങ്ങളിലെ മനുഷ്യരിലും കൃഷിയിടങ്ങളിലും വ്യാപകമായ നാശം വരുത്തുന്നതായി വയനാട്ടിലെ സ്ഥിരം വാര്‍ത്തയാണ്. കൃഷികള്‍ക്കും സ്വാഭാവിക മരങ്ങളുടെ നശീകരണം വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. വര്‍ഷത്തില്‍ രണ്ടു വിളവെടുത്തിരുന്ന തിരുനെല്ലി, പനവല്ലി, ബാവലി പാട ശേഖരങ്ങളില്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു കൃഷി തന്നെ അസാധ്യമായി തീര്‍ന്നിരിക്കുന്നു. പ്രദേശത്താകെ വന്യ ജീവി ശല്യവും രൂക്ഷം. വനപ്രദേശമായിട്ടു കൂടി വേനലില്‍ ഇവിടെ വരള്‍ച്ച രൂക്ഷമാണ്, ഭൂമിയില്‍ വിരലൊന്നമര്‍ത്തിയാല്‍ വെള്ളം പൊടിയുന്ന ഇവിടെയിന്ന് കിലോമീറ്റര്‍ താണ്ടി കുടിവെള്ളവുമായി വരുന്ന വീട്ടമ്മമാരെ കാണാം, ചുറ്റും കാടുകളാല്‍ ചുറ്റപ്പെട്ട കുറുവാ ദ്വീപ്‌ പ്രദേശത്ത്പോലും വേനലില്‍ കുടിവെള്ളമില്ലെന്ന സത്യം ആര് വിശ്വസിക്കും?

വയനാട്ടില്‍ ബേഗൂര്‍ റേഞ്ചില്‍പ്പെട്ട തിരുനെല്ലി, തോല്‍പ്പെട്ടി, ബാവലി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ തേക്ക്-യൂക്കാലിപ്റ്റസ് കാടുകളുള്ളത്. നിലവിലുള്ള തേക്ക് യൂക്കാലിപ്റ്റസ് മരങ്ങള്‍ വെട്ടി മാറ്റുമ്പോള്‍ പകരം സ്വാഭാവിക മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന് ജില്ലാ കളക്റ്റര്‍ അടക്കമുള്ളവര്‍ മുന്‍പ് ഉറപ്പു നല്‍കിയിരുന്നു. പക്ഷെ, വീണ്ടും ഇവിടെ തേക്ക് മരങ്ങള്‍ വച്ച് പിടിപ്പിക്കുവാനാണ് വനം വകുപ്പ് നീക്കം എന്ന വാര്‍ത്ത ഇകാര്യത്തില്‍ ഒന്നിലേറെ തവണ എഴുതിയ ഒരാളെന്ന നിലയില്‍ ഏറെ ദുഃഖിപ്പിക്കുന്നു.

വിനാശ കാലേ വിവരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാന്‍!

(മാനന്തവാടിയിലെ മുന്‍ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍. ഇപ്പോള്‍ സൌദി അറേബ്യയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍