UPDATES

വിദേശം

ഈ ലോകം പ്രത്യാശയുടേതു കൂടിയാണ്; 2018-ലെ ഈ 10 കാര്യങ്ങള്‍ തെളിവ്

2018 കഴിഞ്ഞുപോയ മറ്റെല്ലാം വര്‍ഷങ്ങളെയൊക്കെയും പോലെയൊക്കെ തന്നെയാണ്. പക്ഷെ ലോകത്തിന് ശുഭപ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ചില കാര്യങ്ങളൊക്കെ ഈ വര്‍ഷം സംഭവിച്ചു.

2018 അവസാനിക്കുമ്പോള്‍ ലോകത്തെ പ്രധാന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഭവവികാസങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടമാണ് നടത്തുന്നത്. എല്ലാ വര്‍ഷവും തുടങ്ങുന്നത് വലിയ പ്രതീക്ഷകളോടെയാണ് – അത്തരത്തിലുള്ള മനുഷ്യപുരോഗതി സംബന്ധിച്ച പ്രതീക്ഷകള്‍ക്കൊത്ത് ലോകം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ട്? അന്താരാഷ്ട്ര സമൂഹം സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റേയും രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിന്റേയും സാമ്പത്തിക, സാമൂഹ്യ, ശാസ്ത്ര, സാങ്കേതിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക പുരോഗതിയുടേയും പ്രശ്‌നങ്ങളില്‍ എത്രത്തോളം വിജയം നേടിയിട്ടുണ്ട്?

ജനാധിപത്യവും പൗരന്മാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിലും പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും അതിന് അനുസൃതമായ നയങ്ങള്‍ രൂപീകരിക്കുന്നതിലും ലിംഗനീതിയും വംശ, വര്‍ണ വിവേചനമില്ലാത്തതുമായ സമൂഹത്തിനായി രാജ്യങ്ങള്‍ എത്ര മാത്രം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്? ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ്. 2018 ഗുണപരവും പ്രതിലോമകരവുമായ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവന്നത്? ഇത്തരത്തിലുള്ള 10 കാര്യങ്ങളാണ് പരിശോധിക്കുന്നത്. 2018 കഴിഞ്ഞുപോയ മറ്റെല്ലാം വര്‍ഷങ്ങളെയൊക്കെയും പോലെയൊക്കെ തന്നെയാണ്. പക്ഷെ ലോകത്തിന് ശുഭപ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ചില കാര്യങ്ങളൊക്കെ ഈ വര്‍ഷം സംഭവിച്ചു.

1. 1950-ല്‍ തുടങ്ങിയ ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിച്ചു

1950ല്‍ ശീതയുദ്ധം മൂര്‍ച്ഛിച്ച് നിന്ന് കാലത്ത് തുടങ്ങിയ കൊറിയന്‍ യുദ്ധം അവസാനിച്ചത് 68 വര്‍ഷങ്ങള്‍ക്ക് ശേഷം 2018-ലാണ്. രണ്ടാം ലോക യുദ്ധം അവസാനിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അതിന്റെ മുറിവുകള്‍ ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് ഒരു മൂന്നാം ലോക യുദ്ധത്തിന് കാരണമായേക്കും എന്ന് ഭീതി പടര്‍ത്തുന്ന തരത്തില്‍ അമേരിക്കയുടേയും പാശ്ചാത്യ രാജ്യങ്ങളുടേയും പിന്തുണയോടെ ദക്ഷിണ കൊറിയയും സോവിയറ്റ് യൂണിയന്റേയും ചൈനയുടേയും പിന്തുണയോടെ ഉത്തര കൊറിയയും ഏറ്റുമുട്ടിയത്. 1953ല്‍ വലിയ നാശം വിതച്ച യുദ്ധം അവസാനിച്ചെങ്കിലും ഇരു കൊറിയകളും സമാധാന സന്ധിയില്‍ ഒപ്പുവച്ചിരുന്നില്ല. അതുകൊണ്ട് സാങ്കേതികമായി യുദ്ധം തുടര്‍ന്നു.

ഈ യുദ്ധമാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഒപ്പുവച്ച സന്ധിയിലൂടെ അവസാനിച്ചത്. ദക്ഷിണ കൊറിയയിലെ പ്യോങ്ചാങില്‍ 2018ലെ ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയ തയ്യാറായതോടെയാണ് മഞ്ഞുരുക്കത്തിന്റെ തുടക്കം. 2018 ഏപ്രിലില്‍ കിം കാല്‍നടയായി അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലെത്തി. പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകള്‍ ആവര്‍ത്തിച്ചു. മൂണ്‍ ജെ ഇന്‍ ഉത്തര കൊറിയയിലുമെത്തി.

ചരിത്രത്തില്‍ ആദ്യമായി ഉത്തര കൊറിയയുടേയും യുഎസിന്റേയും ഭരണത്തലവന്മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിനും 2018ല്‍ ലോകം സാക്ഷ്യം വഹിച്ചു. കിം ജോങ് ഉന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് ട്രംപിന് കത്ത് നല്‍കി. ട്രംപ് ക്ഷണം സ്വീകരിച്ചു. ആണവ നിരായുധീകരണത്തിനുള്ള സന്നദ്ധത കിം അറിയിച്ചു. വിദേശ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ആണവായുധ പരീക്ഷണ കേന്ദ്രം നശിപ്പിച്ചു. യുഎസ് ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ത്തി. മുന്‍ വര്‍ഷം പരസ്പരം കടിച്ചുകീറുന്ന തരത്തിലുള്ള പ്രസ്താവനകളും ആക്രമണ ഭീഷണികളും ഉയര്‍ത്തിയ നേതാക്കളാണ് ഇത്തരത്തില്‍ സമാധാനത്തിന്റെ പാതയിലേയ്ക്ക് വന്നത്.

ദക്ഷിണ കൊറിയയുമായും യുഎസുമായുള്ള ഉത്തര കൊറിയയുടെ സമാധാന ശ്രമങ്ങള്‍ക്ക് പിന്നില്‍ ഉത്തര കൊറിയയുടെ ഒരേയൊരു സുഹൃദ് രാജ്യമായി അറിയപ്പെടുന്ന ചൈനയുടെ നിലപാട് നിര്‍ണായകമായിരുന്നു. തുടര്‍ച്ചയായി അണുബോംബും ആണവ ബാലിസ്റ്റിക് മിസൈലും പരീക്ഷിച്ചതായി അവകാശപ്പെട്ട് ഉത്തര കൊറിയ രംഗത്തെത്തുന്നത് ചൈനയെ അസ്വസ്ഥരാക്കിയിരുന്നു. ഉപരോധമുണ്ടാക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ നിലപാടില്‍ അയവ് വരുത്താന്‍ ഉത്തര കൊറിയയെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റുമാരും വിദേശകാര്യ സെക്രട്ടറിമാരും വൈറ്റ് ഹൗസ് വക്താക്കളുമെല്ലാം തെമ്മാടി രാഷ്ട്രമെന്ന് വിശേഷിപ്പിച്ചുപോന്നിരുന്ന ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ യുഎസ് തയ്യാറായി. സിംഗപ്പൂരില്‍ 2018 ജൂണില്‍ ചരിത്രം കുറിച്ച ഉച്ചകോടി നടന്നു.

2. ക്യൂബയ്ക്ക് പുതിയ നേതാവ്, വിപ്ലവാന്തര തലമുറയില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ് – മിഗുവല്‍ ഡയാസ് കാനല്‍

ക്യൂബന്‍ വിപ്ലവ ഭരണകൂടം നിലവില്‍ വന്ന ശേഷം ജനിച്ചൊരാള്‍ രാജ്യത്തിന്റെ പ്രസിഡന്റായി അധികാരമേറ്റത് 2018-ലാണ്. ഫിദല്‍ കാസ്‌ട്രോയ്ക്കും റൗള്‍ കാസ്‌ട്രോയ്ക്കും ശേഷം വിപ്ലവാനന്തര ക്യൂബയുടെ ഭരണത്തലവനാകുന്ന മൂന്നാമനാണ് 58കാരനായ മിഗുവല്‍ ഡയാസ് കാനല്‍. 2013 മുതല്‍ വൈസ് പ്രസിഡന്റായിരുന്നു. 2009 മുതല്‍ 2012 വരെ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2003 മുതല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ട് പൊളിറ്റ് ബ്യൂറോ അംഗമാണ് മിഗുവല്‍ ഡയാസ് കാനല്‍. ഭരണനേതൃത്വത്തിലെ തലമുറ മാറ്റം വളരെ സുഗമമായും സമ്മദ്ദമില്ലാതെയും നടന്നു. 2018 ഏപ്രില്‍ 18ന് ഡയാസ് കാനല്‍ പ്രസിഡന്റായി.

അമേരിക്കന്‍ പിന്തുണയുണ്ടായിരുന്ന സ്വേച്ഛാധിപതി ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റയെ പുറത്താക്കി ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ രണ്ട് വര്‍ഷം നീണ്ട സായുധ ഗറില്ലാ പോരാട്ടത്തിലൂടെ അധികാരം പിടിച്ചെടുത്തതും വിപ്ലവ വിജയം പൂര്‍ത്തിയായതും 1959 ഫെബ്രുവരിയിലാണ്. 1959 മുതല്‍ 1976 വരെ പ്രധാനമന്ത്രിയും 1976 മുതല്‍ പ്രസിഡന്റുമായിരുന്ന ഫിദല്‍ കാസ്‌ട്രോ, 2006ലെ വീഴ്ചയെ തുടര്‍ന്ന് ദൈനംദിന ഭരണകാര്യങ്ങള്‍ ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതാക്കളിലൊരാളായ സഹോദരന്‍ റൗള്‍ കാസ്‌ട്രോയെ ഏല്‍പ്പിച്ചു. റൗള്‍ ആക്ടിംഗ് പ്രസിഡന്റായി. 2008ല്‍ ഫിദല്‍ കാസ്‌ട്രോ പ്രസിഡന്റ് പദവി ഒഴിയുകയും റൗള്‍ കാസ്‌ട്രോ പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തു.

3. ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയ ശേഷം ഇറാഖില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

ഇസ്ലാമിക് സ്റ്റേറ്റിനെ യുഎസ് പിന്തുണയോടെ ഇറാഖ് സൈന്യം പരാജയപ്പെടുത്തിയതിന് ശേഷം രാജ്യത്ത് ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. മേയ് 12നാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ 2003ലെ യുഎസ് അധിനിവേശ യുദ്ധത്തിനും സദ്ദാം ഹുസൈനെ അധികാര ഭ്രഷ്ടനാക്കിയതിനും ശേഷം യുഎസ് പിന്തുണയോടെ നൂറി അല്‍ മാലിക്കി പ്രധാനമന്ത്രിയായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു. എന്നാല്‍ 15 വര്‍ഷത്തിന് ശേഷമാണ് പാര്‍ലമെന്റ് (കൗണ്‍സില്‍ ഓറെപ്രസന്റേറ്റീവ്‌സ്) തിരഞ്ഞെടുപ്പ് നടന്നത്. 329 അംഗങ്ങളാണ് കൗണ്‍സില്‍ ഓഫ് റെപ്രസന്റേറ്റീവ്‌സിലുള്ളത്.

മുന്‍ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ നൂറി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഓഫ് ലോ കൊളീഷന്‍ 92 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായി. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ വിക്ടറി സഖ്യം 42 സീറ്റിലൊതുങ്ങി നാലാം സ്ഥാനത്തായി. മുഖ്താദ അല്‍ സദറിന്റ സയ്‌റൂണ്‍ സഖ്യം 54 സീറ്റുമായി രണ്ടാം സ്ഥാനത്തും ഹാദി അല്‍ അമീറിയുടെ ഫത്താ സഖ്യം 48 സീറ്റുമായി മൂന്നാം സ്ഥാനത്തുമെത്തി. 165 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഐഎസിനെ പരാജയപ്പെടുത്തിയതൊന്നും ഹൈദര്‍ അല്‍ അബാദിക്ക് ഗുണം ചെയ്തില്ല. ജൂണ്‍ ആറിന് ഇറാഖി പാര്‍ലമെന്റ് റീ കൗണ്ടിംഗിന് ഉത്തരവിട്ടു. ജൂണ്‍ 10ന് ബാലറ്റുകള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറേജ് ഹൗസിന് തീ പിടിച്ചു. അല്‍ സദറിന്റേത് ഷിയ സഖ്യവും അമീറിയുടേത് സുന്നി – കുര്‍ദിഷ് സഖ്യവുമാണ്. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യത്തിന് അല്‍ സദറും അമിരിയും ധാരണയിലെത്തി. ഷിയാ നേതാവ് ആദല്‍ അല്‍ മഹ്ദിയെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചു.

4. കാനഡ മാരിജുവാന നിയമവിധേയമാക്കി

കാനഡ മാരിജുവാന നിയമവിധേയമാക്കി. ഉറുഗ്വായ്ക്ക് ശേഷം മാരിജുവാന നിയമവിധേയമാക്കുന്ന രണ്ടാമത്തെ രാജ്യമായി കാനഡ. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്‍മെന്റ് അതിന്റെ ലിബറല്‍ ജനാധിപത്യ നയങ്ങള്‍ കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ചു. മാരിജുവാന നിരോധനം പൂര്‍ണമായും നീക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യമായി. കാനഡയുടെ നടപടി മെക്‌സിക്കോ അടക്കമുള്ള രാജ്യങ്ങളില്‍ മാരിജുവാനയ്ക്ക് അനുകൂലമായ പ്രതികരണങ്ങളുണ്ടാക്കി. മയക്കുമരുന്ന് മാഫിയയ്ക്ക് കുപ്രസിദ്ധി നേടിയ മെക്‌സിക്കോയിലെ സുപ്രീം കോടതി മാരിജുവാനയുടെ പൂര്‍ണ നിരോധനം ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചു.

5. മെക്‌സിക്കോ 218.7 മില്യണ്‍ ഡോളറിന്റെ പ്രസിഡന്‍ഷ്യല്‍ വിമാനം വിറ്റു

218.7 മില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 15,29,25,97,500 രൂപ) പ്രസിഡന്‍ഷ്യല്‍ വിമാനം മെക്‌സിക്കോ വിറ്റു. ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പരിപാടികള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് ഇടതുപക്ഷക്കാരനായ പുതിയ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പസിന്റെ ഗവണ്‍മെന്റ് വിമാനം വിറ്റത്. യുഎസ് കമ്പനി ബോയിംഗിന്റെ 787 നമ്പര്‍ ആഡംബര വിമാനമാണിത്.

6. ദക്ഷിണകൊറിയ അതിന്റെ ഏറ്റവും വലിയ അറവുശാല – തയ്‌പ്യോങ് പട്ടിയിറച്ചി അറവുശാല അടച്ചുപൂട്ടി

കുപ്രസിദ്ധമായ തയ്‌പ്യോങ് പട്ടിയിറച്ചി അറവുശാല ദക്ഷിണ കൊറിയ അടച്ചുപൂട്ടി. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഈ അറവുശാലയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിരുന്നു. പതിനായിരക്കണക്കിന് നായ്ക്കളെയും പട്ടികളെയുമാണ് ഇവിടെ ഒരോ വര്‍ഷവും കശാപ്പ് ചെയ്തിരുന്നത്. ഷോക്കടിപ്പിച്ചടക്കമാണ് ഇവയെ കൊന്നിരുന്നത്.

7. മേഗന്‍ മാര്‍ക്കില്‍ – വെള്ളക്കാരിയല്ലാത്ത ആദ്യത്തെ ബ്രിട്ടീഷ് രാജകുടുംബാംഗം

യുഎസ് ടിവി സോപ്പ് ഓപ്പറകളിലൂടെ പ്രശസ്തയായ നടി മേഗന്‍ മാര്‍ക്കിലും ബ്രിട്ടീഷ് രാജ കുടുംബത്തിലെ കിരീടാവകാശി ഹാരി രാജകുമാരനും പ്രണയബന്ധത്തിനൊടുവില്‍ വിവാഹിതരായി. മേഗന്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ വെളുത്ത വര്‍ഗക്കാരിയല്ലാത്ത സ്ത്രീയായി.

8. യുഎസിലെ മാറ്റങ്ങള്‍

യുഎസിലും അന്താരാഷ്ട്ര സമൂഹത്തിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം പുകയുമ്പോളും ട്രംപ് അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷമാകുമ്പോള്‍ നിലവില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 1969ന് ശേഷം ഏറ്റവും കുറഞ്ഞ നിലയിലാണ്. ഇതിന്റെ ക്രെഡിറ്റ് ട്രംപിന് നല്‍കാനാവില്ല. അതേസമയം മുസ്ലീം, തദ്ദേശീയ അമേരിക്കന്‍ (റെഡ് ഇന്ത്യന്‍ പിന്‍ഗാമികള്‍) ആദ്യമായി യുഎസ് കോണ്‍ഗ്രസിന്റെ ഭാഗമായത് 2018ലാണ്. ലൈംഗിക ന്യൂനപക്ഷക്കാരിയായ മേരി എം റോളണ്ട് ടെക്‌സാസില്‍ ജഡ്ജിയായി. 17 ആഫ്രിക്കന്‍ – അമേരിക്കന്‍ വനിതാ ജഡ്ജിമാര്‍ ടെക്‌സാസില്‍ ചുമതലയേറ്റു. കൊളറാഡോയില്‍ ആദ്യമായി ഗേ ആയ ഒരാള്‍ ഗവര്‍ണറായി.

9. സൗദിയിലും ഇറാനിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് ഗവണ്‍മെന്റിന്റെ അംഗീകാരം. കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ ലിബറല്‍ നയങ്ങളുടെ ഭാഗമായാണ് ഇത് നല്‍കിയത്. ഇറാനില്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പുരുഷ കായിക മത്സരങ്ങള്‍ കാണാനുള്ള അനുമതി നല്‍കി. സൗദിയും സ്റ്റേഡിയങ്ങളിലെ സ്ത്രീ വിലക്ക് നീക്കി.

10. ഇന്ത്യയില്‍ സുപ്രീം കോടതി സ്വവര്‍ഗ ലൈംഗികബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി

ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റകരമല്ലാതാക്കുന്ന ഐപിസി 377ാം വകുപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് റദ്ദാക്കി. 1861ലെ ബ്രിട്ടീഷ് നിയമത്തിലെ വകുപ്പാണ് ഇതോടെ ഇല്ലാതായത്. 2009ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റകരമല്ലാതാക്കിയിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീം കോടതി ഐപിസി 377 നിയമവിധേയമാണെന്ന് വിധിച്ചു.

ലൈംഗിക ന്യൂനപക്ഷക്കാരായ വിവിധ ദമ്പതികളുടെയും ആക്ടിവസ്റ്റുകളുടേയും നിയമ പോരാട്ടത്തിനൊടുവിലാണ് 2018 സെപ്റ്റംബര്ർ ആറിന് സുപ്രീം കോടതി സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമസാധുത നല്‍കിയത്. നേരത്തെ സ്വകാര്യത മൗലികാവകാശമാണ് എന്ന 2017ലെ സുപ്രീം കോടതി വിധിയില്‍ തന്നെ സ്വവര്‍ഗ ലൈംഗികയ്ക്ക് നിയമസാധുത ലഭിക്കുമെന്ന സൂചനയുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍