UPDATES

വിദേശം

ഹുവേയ്ക്ക് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുിന് ഗൂഗിളിന്റെ വിലക്ക്; നടപടി ട്രംപിന്റെ ഇടപെടലിനു പിന്നാലെ

ഹുവേയ് ഗൂഗിളിന്റെ നടപടിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹുവേയ് ഫോണുകൾക്ക് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് ഗൂഗിൾ. അമേരിക്കൻ പ്രസിഡണ്ടിന്റെ എക്സിക്യുട്ടീവ് ഓർഡർ അനുസരിച്ചാണ് തങ്ങളുടെ നടപടിയെന്ന് ഗൂഗിൾ വ്യക്തമാക്കി. ഗൂഗിൾ പ്ലേ, ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് എന്നിവിടങ്ങളിൽ നിലവിലുള്ള ഹുവേയ് പ്രോഡക്ടുകൾ തുടർന്നു ലഭ്യമാകുമെങ്കിലും ഇവയുടെ അടുത്ത പതിപ്പ് ലഭിക്കില്ല. ചൈനയ്ക്കു പുറത്തുള്ള ഡിവൈസുകളിൽ ഗൂഗിളിന്റെ മറ്റ് പ്രോഡക്ടുകളും ഉപയോഗിക്കാൻ ഹുവേയ് സ്മാർട്ഫോണുകള്‍ക്ക് സാധിക്കില്ല. അടുത്ത പതിപ്പുകളിൽ ഗൂഗിൾ പ്ലേ, ജിമെയിൽ എന്നിവ ഉപയോഗിക്കാൻ കഴിയില്ല.

ഹുവേയ് ടെക്നോളജീസിനെ ലോകമെമ്പാടും ബ്ലോക്ക് ചെയ്യണമെന്ന ആവശ്യം അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ മുമ്പോട്ടു വെച്ചതിനു പിന്നാലെയാണ് ഗൂഗിളിന്റെ ഈ നടപടി. ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർന്നതിനാലാണ് ഈ നടപടിയെന്നാണ് ട്രംപ് വിശദീകരിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഹുവേയ് ചാരപ്രവർത്തനം നടത്താനുള്ള സന്നാഹങ്ങളൊരുക്കുകയാണെന്ന് ട്രംപ് ആരോപിക്കുന്നു. വരാനിരിക്കുന്ന 5ജി വോയ്സ്-ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ആവശ്യമായ ഉപകരണങ്ങളിലാണ് ചാരപ്രവർത്തനത്തിനുള്ള സന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് ഇവ ഇറക്കുമതി ചെയ്യുന്നതിലൂടെ വൻ ചാരപ്പണിക്കുള്ള സാധ്യതകളാണ് തെളിയുന്നതെന്ന് ട്രംപ് പറയുന്നു.

ഹുവേയ് ഗൂഗിളിന്റെ നടപടിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതെസമയം ആൻഡ്രോയ്ഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഓപ്പൺ സോഴ്സില്‍ ലഭ്യമായ പതിപ്പുകൾ തുടർന്നും ഹുവേയ്ക്ക് ഉപയോഗിക്കാൻ കഴിയും. ആൻഡ്രോയ്ഡ്, ഗൂഗിൾ സേവനങ്ങളുടെ സാങ്കേതിക പിന്തുണയും മറ്റ് സഹകരണങ്ങളും ഹുവേയ്ക്ക് ഇനി ലഭ്യമാകുകയുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍