ഗൂഗിളിന്റെ ഒരു ഉദ്യോഗസ്ഥ ആൻഡി റൂബിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു. ആൻഡി റൂബിൻ വിവാഹേതര ബന്ധം പുലർത്തിയിരുന്ന സ്ത്രീയാണ് ആരോപണവുമായി എത്തിയത്.
2014 ഒക്ടോബർ മാസത്തിൽ ആൻഡ്രോയ്ഡ് മൊബൈൽ സോഫ്റ്റ്വെയറിന്റെ സ്രഷ്ടാവായ ആൻഡി റൂബിൻ ഗൂഗിൾ വിട്ടു. ഇദ്ദേഹത്തിന് നായകോചിതമായ യാത്രയയപ്പാണ് ഗൂഗിൾ നൽകിയത്.
“ആൻഡിയുടെ അടുത്ത ഉദ്യമത്തിന് എല്ലാ വിജയവും ഭവിക്കട്ടെ”യെന്ന് ഗൂഗിളിന്റെ അന്നത്തെ ചീഫ് എക്സിക്യുട്ടീവ് ലാറി പേജ് ആശംസിക്കുകയുണ്ടായി. ആൻഡ്രോയ്ഡിലൂടെ ആൻഡി ഏറെ സുപ്രധാനമായ ചിലത് ചെയ്തുവെച്ചെന്ന് അദ്ദേഹം പ്രശംസിച്ചു. നൂറു കോടിയോളം വരുന്ന ആൻഡ്രോയ്ഡ് ഉപയോക്താക്കളെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആഹ്ലാദാരവങ്ങള്‍ക്കിടയിൽ ഗൂഗിൾ നിശ്ശബ്ദത പാലിച്ച ഒരു കാര്യമുണ്ട്. ഗൂഗിളിന്റെ ഒരു ഉദ്യോഗസ്ഥ ആൻഡി റൂബിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു. ആൻഡി റൂബിൻ വിവാഹേതര ബന്ധം പുലർത്തിയിരുന്ന സ്ത്രീയാണ് ആരോപണവുമായി എത്തിയത്. 2013ൽ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ആൻഡി റൂബിൻ തന്നെ വദനസുരതം ചെയ്യാൻ നിർബന്ധിച്ചു എന്നായിരുന്നു ആരോപണമെന്ന് കമ്പനിയിലെ ഈ സംഭവവികാസങ്ങളെക്കുറിച്ച് നേരിട്ടറിവുള്ള രണ്ട് എക്സിക്യുട്ടീവുകൾ പറയുന്നു. ഗൂഗിൾ ഈ പരാതിയിൽ അന്വേഷണം നടത്തുകയും ആരോപണത്തിൽ സത്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആന്‍ഡി റൂബിന് അറിയിപ്പ് നൽകിയതിനു ശേഷം രാജി വെക്കാൻ ലാറി പേജ് ആവശ്യപ്പെടുകയും ചെയ്തു.
ഈ സംഭവത്തിൽ ഗൂഗിളിന് ആൻഡി റൂബിനെ പുറത്താക്കാൻ കഴിയുമായിരുന്നു. പിരിഞ്ഞുപോകുന്ന വകയിൽ യാതൊന്നും നൽകേണ്ട ആവശ്യകതയും ഇല്ലായിരുന്നു. എന്നാൽ റൂബിന് വിടുതൽ പാക്കേജായി 90 ദശലക്ഷം ഡോളറാണ് ഗൂഗിൾ കൈമാറിയത്. ഇത് മാസത്തിൽ 2 ദശലക്ഷം ഡോളറിന്റെ ഇൻസ്റ്റാൾമെന്റ് ആയി നാലുവർഷം കൊണ്ട് അടച്ചുതീർക്കുമെന്ന വ്യവസ്ഥയിലായിരുന്നു. അവസാനത്തെ അടവ് നവംബർ മാസത്തോടെ തീരും.
ലൈംഗികാരോപണത്തിൽ കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയാണ് ഗൂഗിൾ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സംരക്ഷിച്ചു നിറുത്തിയത്. ഇവരിലൊരാളാണ് ആൻഡി റൂബിൻ. ഈ മൂന്നുപേരിൽ റൂബിൻ ഒഴികെയുള്ള രണ്ടുപേരെയും കമ്പനി രാജി വെപ്പിച്ചുവെങ്കിലും ദശലക്ഷക്കണക്കിന് ഡോളർ അവർക്ക് വിടുതൽ പാക്കേജായി നൽകുകയുണ്ടായി. ഓരോ സന്ദർഭത്തിലും ഗൂഗിൾ ലൈംഗികാരോപണങ്ങളെ സംബന്ധിച്ച് നിശ്ശബ്ദത പാലിച്ചു.
ഈ സംഭവങ്ങളിൽ ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ നിരവധി കോടതി രേഖകളും കോർപ്പറേറ്റ് രേഖകളും ലഭിക്കുകയുണ്ടായി. സംഭവവുമായി നേരിട്ട് ബന്ധമുള്ള നാൽപ്പതോളം പേരുമായി സംസാരിക്കാനും സാധിച്ചു. കമ്പനിയിൽ നിന്നും ശിക്ഷാനടപടികൾ ഭയക്കുന്ന ഇവരെല്ലാം തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് സംസാരിച്ചത്.
ഈ നിയമവിരുദ്ധമായ നടപടികള്‍ ഓരോന്നും അവയുടെ രൂക്ഷതയിൽ വ്യത്യസ്തങ്ങളാണ്. ഇവയിൽ റൂബിന്റെ കേസ് തികച്ചും വ്യതിരിക്തത പാലിക്കുന്നുണ്ട്. റൂബിന് ഗൂഗിൾ നൽകിയ വൻ വിടുതൽ പാക്കേജ് തന്നെയാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. സംഭവത്തിൽ ഗൂഗിള്‍ പുലർത്തുന്ന കനത്ത നിശ്ശബ്ദതയും ഒരു കാരണമാണ്. റൂബിൻ കമ്പനി വിട്ടതിനു ശേഷം തുടങ്ങിയ സ്ഥാപനത്തിൽ ഗൂഗിൾ ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തുകയും ചെയ്തു.
റൂബിൻ സ്വന്തം താൽപര്യപ്രകാരം ഗൂഗിൾ വിട്ടതാണെന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വക്താവ് സാം സിംഗർ അവകാശപ്പെടുന്നത്. റൂബിനോട് കമ്പനി ഏതെങ്കിലും തരത്തിലുള്ള ലൈംഗികാരോപണങ്ങളെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും സാം വിശദീകരിച്ചു.
ന്യൂയോർക്ക് ടൈംസ് ഗൂഗിളിലെ തന്റെ ജോലിയെക്കുറിച്ച് ചെയ്ത റിപ്പോർട്ടിൽ കൃത്യതയില്ലായ്മകളുണ്ടെന്നാണ് റൂബിൻ പറയുന്നത്. തനിക്ക് കിട്ടിയ തുകയെ സംബന്ധിച്ചും അതിശയോക്തിപരമായ കാര്യങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. ഹോട്ടൽ മുറിയിലേക്ക് താൻ ഒരു സ്ത്രീയെയും ലൈംഗികബന്ധത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ ഭാര്യയിൽ നിന്നും വിവാഹമോചനത്തിന് ശ്രമിക്കുന്ന സന്ദർഭത്തിൽ തന്നെ ഇകഴ്ത്തിക്കാട്ടാൻ അവർ നടത്തുന്ന പ്രചാരണമാണിതെന്നും റൂബിൻ ആരോപിച്ചു.