UPDATES

വിദേശം

സ്കൂൾ വിദ്യാർത്ഥികളുടെ കാലാവസ്ഥാ സമരനായിക പായ്‌വഞ്ചിയിൽ അറ്റ്‌ലാന്റിക് സമുദ്രം കടക്കാൻ തുടങ്ങി; കടൽരോഗങ്ങളില്ലെന്ന് ട്വീറ്റ്

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് ‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം’.

യുഎസിലെയും ചിലിയിലെയും യുഎൻ കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ്. യുകെയിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലൂടെ റേസിംഗ് ബോട്ടായ മാലിസിയ II –ലാണ് അവള്‍ ന്യൂയോർക്കിലേക്ക് വരുന്നത്.

കടലിലൂടെ ആദ്യമായാണ് യാത്ര ചെയ്യുന്നതെങ്കിലും താന്‍ ആരോഗ്യവതിയാണെന്നും നന്നായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും 16 വയസുകാരിയായ ശനിയാഴ്ച ഉച്ചയോടെ ട്വിറ്ററിൽ കുറിച്ചു. പരിചയസമ്പന്നനായ ബോറിസ് ഹെർമാനാണ് മാലിസിയ II-ന്‍റെ ക്യാപ്റ്റന്‍. തൻ‌ബെർഗിന്റെ പിതാവ് സ്വാൻ‌ഡെ ഉൾപ്പെടെ നാലുപേരടങ്ങുന്ന ഒരു സംഘമാണ് സൌരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടിലുള്ളത്. യാത്ര തുടങ്ങിയപ്പോള്‍ തന്നെ എല്ലാവര്‍ക്കും അല്‍പം ക്ഷീണമൊക്കെ ഉണ്ടായിരുന്നെങ്കിലും സ്ഥിതിഗതികള്‍ അത്ര മോശമൊന്നും അല്ലായിരുന്നുവെന്നും, ഒന്നും അപ്രതീക്ഷിത മായിരുന്നില്ലെന്നുമാണ് ഹെർമാന്‍ ട്വീറ്റ് ചെയ്തത്.

ഓഗസ്റ്റ് മാസം അറ്റ്ലാന്റിക്കിലെ ചുഴലിക്കാറ്റ് സീസണായതിനാല്‍ അത് സമുദ്രം കീഴടക്കാന്‍ പറ്റിയ സമയമല്ല. അതുകൊണ്ടുതന്നെ അവരുടെ യാത്ര ഒരു വെബ്‌സൈറ്റ് വഴി കൃത്യമായി ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്തിരിക്കുകയാണ്. വിമാനം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിനാലാണ് അവള്‍ കടല്‍മാര്‍ഗ്ഗം സഞ്ചരിക്കാന്‍ തീരുമാനിച്ചത്.

കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരത്തിന്‍റെ (School strike for climate) നേതാവാണ്‌ ഗ്രെറ്റ തൻബെർഗ്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് ‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം’. 2018-ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായി. ഇതിനെതിരെ പ്രതികരിക്കാനായി തൻബെർഗ് തെരഞ്ഞെടുത്ത വഴി സ്കൂളിൽ പോകാതെ പ്രതിഷേധിക്കുക എന്നതായിരുന്നു. സ്വീഡിഷ് പാർലമെന്റിനു മുന്നിൽ ‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം’ എന്നെഴുതിയ ബോർഡും പിടിച്ചു നിന്ന് തൻബെർഗ് സമരം ചെയ്തിരുന്നു. അതാണ്‌ ഇപ്പോള്‍ യു.എന്നിന്‍റെ ഉച്ചകോടിയില്‍വരെ അവളെ എത്തിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍