UPDATES

വിദേശം

ഗ്വാണ്ടനാമോയിലെ ഒരു തടവുപുള്ളിക്ക് ചെലവ് 130 ലക്ഷം ഡോളർ; ഭൂമിയിലെ ഏറ്റവും ചെലവേറിയ തടവറയെക്കുറിച്ച് അറിയേണ്ടതെല്ലാം

ജഡ്ജിമാർ, അഭിഭാഷകർ, പത്രപ്രവർത്തകർ, സപ്പോർട്ട് വർക്കർമാർ തുടങ്ങിയവര്‍ ഓരോ ആഴ്ചയിലും അവിടെ പോയി തിരിച്ചുവരും. 40 തടവുകാർക്കും ഹലാൽ ഭക്ഷണമാണ് നല്‍കുന്നത്…

ഭൂമിയിലെ നരകം മാത്രമല്ല ഗ്വാണ്ടനാമോ ബേ തടവറ, ഭൂമിയിലെ ഏറ്റവും ചെലവേറിയ തടവറകൂടിയാണ്. ആകെ 40 തടവുകാരാണ് അവിടെ ഉള്ളതെങ്കിലും ഒരാളെ പാര്‍പ്പിക്കാന്‍ 13 മില്യൺ ഡോളറാണ് അമേരിക്ക ഒരു വര്‍ഷം ചിലവഴിക്കുന്നത്. കാലിഫോർണിയയിലെ ജയിലില്‍ ഒരു തടവുപുള്ളിയെ പാര്‍പ്പിക്കാന്‍ ഏകദേശം 75,560 ഡോളര്‍ മാത്രം മതി. എന്നിട്ടും എന്തുകൊണ്ടാണ് ഗ്വാണ്ടനാമോ ബേ അമേരിക്ക നിലനിര്‍ത്തുന്നത്? അവിടുത്തെ തടവുകാര്‍ സ്വർണ്ണ ടോയ്‌ലറ്റുകളാണോ ഉപയോഗിക്കുന്നത്? കുടിക്കാന്‍ ഷാംപെയ്നാണോ നല്‍കുന്നത്? ഭീമമായ ചെലവിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ‘ന്യൂയോര്‍ക്ക് ടൈംസ്’ പുറത്തുവിട്ടതോടെ അമേരിക്കക്കാര്‍ പല ചോദ്യങ്ങളും ഉന്നയിച്ചു തുടങ്ങിയിരിക്കുന്നു.

റോസെൻ‌ബെർഗ് പറഞ്ഞതുപോലെ ‘ഗ്വാണ്ടനാമോയും മറ്റ് ഫെഡറൽ ജയിലുകളും തമ്മില്‍ ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യം ചെയ്യുന്നതുപോലെ താരതമ്യം ചെയ്യാന്‍ കഴിയില്ല’. അമേരിക്കയ്ക്ക് പുറത്ത് തെക്കുകിഴക്കന്‍ ക്യൂബയുടെ ഉള്‍ക്കടല്‍ പ്രദേശത്താണ് ഗ്വാണ്ടനാമോ. അവിടേക്ക് നിരന്തരം ഗാര്‍ഡുകളെ നിയോഗിക്കണം. സദാസമയവും കോസ്റ്റ് ഗാർഡ് പട്രോളിംഗ് നടത്തണം. മെഡിക്കൽ സ്റ്റാഫ്, അഭിഭാഷകർ, സൈനിക പുരോഹിതര്‍ തുടങ്ങി അവരെ സഹായിക്കാനുള്ള സപ്പോർട്ട് സ്റ്റാഫുകളെ വരെ നിയമിക്കണം. എന്നാലും ഇത്രയൊക്കെ പണത്തിന്റെ ആവശ്യമുണ്ടോ? ‘ഇത്രയും പണം ചെലവഴിക്കുന്നത് ഭയാനകമാണ്, മഹാദുരന്തമാണ്’ എന്നാണ് ഗ്വാണ്ടനാമോ സൈനിക കോടതിയില്‍ നിയമോപദേഷ്ടാവായിരുന്ന വ്യോമസേന കേണൽ ഗാരി ബ്രൌണ്‍ പറയുന്നത്.

ബുഷിന്റെ ആശയം

2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്നാണ്‌ ഗ്വാണ്ടനാമോ തടവറയിലെ ക്യാമ്പ് ടെല്‍റ്റാ, ക്യാമ്പ് എക്കോ, ക്യാമ്പ് ഇക്വുവാന, ക്യാമ്പ് എക്‌സ്‌റേ എന്നിവ നിര്‍മ്മിക്കാന്‍ അന്നത്തെ യുഎസ് പ്രസിഡണ്ടായിരുന്ന ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ഉത്തരവിടുന്നത്. അന്ന് എണ്ണൂറോളം ക്രിമിനലുകളെ അങ്ങോട്ടേക്ക് മാറ്റി. കുറ്റപത്രങ്ങളൊന്നും സമര്‍പ്പിക്കാതെയായിരുന്നു അവിടെ തടവുകാരെ പാര്‍പ്പിച്ചിരുന്നത്. ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പടെ അതിക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് അവരെ ഇരയാക്കി. കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്. 2011-ല്‍ ‘779 സീക്രട്ട് ഫയലുകള്‍’ എന്ന പേരില്‍ വിക്കീലീക്‌സ് ഗ്വാണ്ടനാമോ തടവറകളുടെ പീഡന കഥകള്‍ പുറത്ത് വിട്ടതും ഏറെ ചര്‍ച്ചയായിരുന്നു.

‘അമേരിക്കയുടെ ദുഃഖം’

ഗ്വാണ്ടനാമോ തടവറ ലോകത്തിനു മുന്നില്‍ അമേരിക്കയുടെ നിയമലംഘനത്തിന്റെ മുഖമാണെന്നും, ദുഃഖമാണെന്നും പറഞ്ഞത് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയാണ്. അധികാരത്തിലെത്തിയാല്‍ ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്നതായിരുന്നു ഒബാമയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും പരമാവധി തടവുകാരെ അവിടെനിന്നും പുറത്തെത്തിക്കാന്‍ കഴിഞ്ഞത് ഒബാമയുടെ രാഷ്ട്രീയ വിജയമായിരുന്നു.

എന്നിട്ടും ഇത്രമാത്രം ചെലവ് വരാന്‍ കാരണം?

1,800 സൈനികരാണ് ഗ്വാണ്ടനാമോയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. അതായത് ഒരു തടവുപുള്ളിക്ക് 45 പേരുടെ കാവല്‍. മൂന്ന് ജയിൽ കെട്ടിടങ്ങളിലായാണ് സൈന്യം പ്രവര്‍ത്തിക്കുന്നത്. കൂടാതെ രണ്ട് രഹസ്യ സൈനിക ആസ്ഥാനങ്ങളും അവിടെയുണ്ട്. മൂന്നു ക്ലിനിക്കുകള്‍, തടവുകാർക്ക് അവരുടെ അഭിഭാഷകരുമായി സംസാരിക്കുവാനുള്ള കോമ്പൗണ്ടുകൾ എല്ലാം സജ്ജീകരിച്ചിച്ചിരിക്കുന്നു. മാത്രവുമല്ല, ജയിലിലെ സ്റ്റാഫ് അംഗങ്ങൾക്ക് മാത്രമായി പ്രാര്‍ത്ഥനാമന്ദിരവും സിനിമാ തിയേറ്ററും ഉണ്ട്. അവരെ ശുശ്രൂഷിക്കാനായി മാനസികാരോഗ്യ പ്രവർത്തകരുടെ ഒരു സംഘവും സ്ഥിരമായി ഉണ്ടാകും.

ജഡ്ജിമാർ, അഭിഭാഷകർ, പത്രപ്രവർത്തകർ, സപ്പോർട്ട് വർക്കർമാർ തുടങ്ങിയവര്‍ ഓരോ ആഴ്ചയിലും അവിടെ പോയി തിരിച്ചുവരും. 40 തടവുകാർക്കും ഹലാൽ ഭക്ഷണമാണ് നല്‍കുന്നത്. സാറ്റലൈറ്റ് വാർത്താ ചാനലുകളും സ്പോർട്സ് ചാനലുകളും കാണാനുള്ള അവസരമുണ്ട്. ജിമ്മും, കലാ – കാര്‍ഷിക പഠന ക്ലാസുകളുമൊക്കെയായി ഇത് പണ്ടത്തെ ഗ്വാണ്ടനാമോ തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. എന്തായാലും വര്‍ഷത്തില്‍ 540 ദശലക്ഷം ഡോളർ എന്നത് ഭീമമായ തുകതന്നെയാണ് എന്നാണ് അമേരിക്കക്കാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍