UPDATES

വിദേശം

വിദേശ സേനകളുടെ സാന്നിധ്യം മേഖലയില്‍ ‘അരക്ഷിതാവസ്ഥ’ സൃഷ്ടിക്കുന്നു; ഗൾഫ് സുരക്ഷാ പദ്ധതിയുമായി ഇറാൻ ഐക്യരാഷ്ട്രസഭയിലേക്ക്

യു.എന്നില്‍ ഗൾഫ് സമാധാന പദ്ധതി അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ നയതന്ത്ര പിന്തുണ നേടാന്‍ കഴിയുമെന്നാണ് ഇറാന്റെ പ്രതീക്ഷ.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ ഗൾഫ് സമാധാന പദ്ധതി അവതരിപ്പിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. എണ്ണ ശുദ്ധീകരണശാലയായ അരാംകോയ്ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയും ഇറാനും നയതന്ത്ര നേട്ടത്തിനായി പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് ഇറാന്റെ ഭാഗത്തുനിന്നും നിര്‍ണ്ണായകമായ നീക്കം.

ഇറാന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങളില്‍ അമേരിക്കക്ക് ഒരു റോളും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവരെ ഒരു സഖ്യകക്ഷിയായും സംരക്ഷകനായും കാണുന്ന ഗൾഫ് രാജ്യങ്ങള്‍ അത് അംഗീകരിക്കാനും സാധ്യതയില്ല. എന്നാല്‍ ഗള്‍ഫ് മേഖലയിലെ വിദേശ സേനകളുടെ സാന്നിധ്യം ഇറാൻ അംഗീകരിക്കുന്നില്ല, മറിച്ച്, മേഖലയില്‍ ‘അരക്ഷിതാവസ്ഥ’ സൃഷ്ടിക്കുന്നുവെന്നാണ് ആരോപിക്കുന്നത്.

ഈ മാസം 14-ന് സൌദിയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമത്തിന്‍റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തെങ്കിലും ഇറാൻ തന്നെയാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് അമേരിക്കയും സൗദിയും ഒരുപോലെ ആരോപിക്കുന്നത്. അത് വലിയൊരു സംഘട്ടനത്തിന്‍റെ വക്കോളമെത്തിച്ചിരിക്കുകയാണ്. അതിനിടയിലും യു.എന്നില്‍ ഗൾഫ് സമാധാന പദ്ധതി അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ നയതന്ത്ര പിന്തുണ നേടാന്‍ കഴിയുമെന്നാണ് ഇറാന്റെ പ്രതീക്ഷ.

‘പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ കടൽ എന്നിവയുടെ സുരക്ഷ തദ്ദേശീയമാണ്’ എന്നാണ് ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ 39-ാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ഇറാൻ പ്രസിഡന്റ് പറഞ്ഞത്. ബുധനാഴ്ചയാണ് യു.എന്‍ പൊതുസമ്മേളന വേദിയില്‍ റൂഹാനി പ്രസംഗിക്കുക. അതിനു മുന്നോടിയായി ഇറാനുമേലുള്ള സമ്മര്‍ദ്ദം കുറക്കുന്നതിന്‍റെ ഭാഗമായി രണ്ട് മാസം മുമ്പ് ഗള്‍ഫ് മേഖലയില്‍നിന്നും ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോ വിട്ടുനല്‍കുമെന്നും സൂചനയുണ്ട്.

റൂഹാനിയുടെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഏതു പദ്ധതിയും തുറന്ന മനസ്സോടെ കേൾക്കാൻ താൻ ഇപ്പോഴും തയ്യാറാണെന്ന്’ ട്രംപ് പറഞ്ഞു. ഇറാനുമായുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്യുന്നുണ്ടെന്നും, അതില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ആയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ആഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസമ്മേളന സമ്മേളനത്തിനായി ലോക നേതാക്കൾ ന്യൂയോർക്കിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നു നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ മിക്ക രാജ്യങ്ങളും പങ്കെടുക്കും. അതേസമയം മതസ്വാതന്ത്ര്യത്തെക്കുറിച്ച് ട്രംപ് പ്രസംഗിക്കുന്നുമുണ്ട്. വെനിസ്വേലന്‍, സിറിയന്‍, യമന്‍ പ്രശ്നങ്ങളെല്ലാം ചര്‍ച്ചയാകുമെങ്കിലും ഗൾഫിലെ സംഘര്‍ഷമായിരിക്കും ഏറ്റവും വലിയ ചര്‍ച്ചാവിഷയമാവുക.

അതിനിടെ, ഗള്‍ഫ് മേഖലയില്‍ വിന്യസിക്കപ്പെടുന്ന വിദേശ സേന ഗൾഫിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. വിദേശ ശക്തികൾ എല്ലായ്പ്പോഴും വേദനയും ദുരിതവും മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ എന്നും, സമാധാനം പുലരാൻ വിദേശസൈന്യം ഗൾഫ് മേഖല വിട്ടുപോകുന്നതാണ് നല്ലതെന്നും ഹസൻ റൂഹാനി വ്യക്തമാക്കി. എണ്ണ ശുദ്ധീകരണശാലയായ അരാംകോയ്ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതൽ സൈനിക സംഘത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൈന്യത്തെ അയക്കുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം.

അയൽരാജ്യവുമായി സൗഹൃദം നിലനിർത്താൻ ഇറാന്‍ തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു റൂഹാനി ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ ഗൾഫ് സമാധാന പദ്ധതി അവതരിപ്പിക്കുമെന്ന് പ്രതികരിച്ചത്.  . തങ്ങളെ ആ​ക്ര​മി​ക്കു​ന്ന രാ​ജ്യം യു​ദ്ധ​ക്ക​ള​മാ​യി മാ​റു​മെന്നും, ചെ​റി​യൊ​രു ആ​ക്ര​മ​ണം പോ​ലും വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ്​ സൃ​ഷ്​​ടി​ക്കു​കയെന്നും കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘കരുതലോടെ വേണം ഇറാനെതിരെയുള്ള നീക്കങ്ങൾ, ചെറിയൊരു പ്രകോപനം പോലും ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല. പ്രകോപനമുണ്ടാക്കുന്നത് ആരായാലും അവരുടെ സർവനാശമായിരിക്കും ഞങ്ങളുടെ ലക്ഷ്യം’ എന്നാണ് റവല്യൂഷനറി ഗാർഡ്സ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞത്.

ഈ മാസം 14നായിരുന്നു എണ്ണ ഉൽപാദന കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം. യെമനിലെ ഹൂതി വിമതർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഇറാൻ തന്നെയാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് അമേരിക്കയും സൗദിയും ഒരുപോലെ ആരോപിക്കുന്നത്. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ റൂഹാനി, ആക്രമണത്തെ യെമൻ ജനതയുടെ പ്രതികരണമായി കണ്ടാൽ മതിയെന്നായിരുന്നു പ്രതികരിച്ചത്. അതിനിടെയാണ് ‘സൗദിയും യുഎഇയും ആവശ്യപ്പെട്ടതനുസരിച്ച്’ മേഖലയില്‍ കൂടുതൽ സേനയെ വിന്യസിക്കാന്‍ അമേരിക്ക തയ്യാറായത്.

അതേസമയം, ഇറാനിയൻ സായുധ സേന പേർഷ്യൻ ഗൾഫ് ഉൾപ്പെടെ രാജ്യത്തുടനീളം സൈനികാഭ്യാസങ്ങൾ നടത്താൻ തുടങ്ങി. 1980-88 കാലഘട്ടത്തിലെ ഇറാഖുമായുള്ള യുദ്ധത്തിന്റെ വാർഷികം ആഘോഷിക്കുകയാണ് എന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ അത് അമേരിക്കൻ സേനയുടെ വെല്ലുവിളികളെ നേരിടാനുള്ള മുന്നൊരുക്കങ്ങളായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. ഇറാൻ തലസ്ഥാനത്ത് സൈനിക വിമാനങ്ങൾ പരേഡ് സൈറ്റിന് മുകളിൽ പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇറാനിയന്‍ ടെലിവിഷന്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്തിരുന്നു. ഈ സംഭവവികാസങ്ങല്‍ക്കെല്ലാം ഇടയിലും ഇറാനെതിരെ പുതിയ ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇറാൻ കേ‌ന്ദ്ര ബാങ്കിനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധം ഏതെങ്കിലും രാജ്യത്തിനെതിരെ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും കടുത്ത ഉപരോധമാണ്‌.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍