UPDATES

വിദേശം

ഹെയ്തി പാർലമെന്റിന് പുറത്ത് സെനറ്ററുടെ അക്രമം, മാധ്യമപ്രവർത്തകന് മുഖത്ത് വെടിയേറ്റു

പുതിയ പ്രധാനമന്ത്രിയായ ഫ്രിറ്റ്‌സ്-വില്യം മൈക്കലിന്റെ നിയമനം സ്ഥിരീകരിക്കുന്നതിനായി ഹെയ്തിയൻ സെനറ്റ് പാര്‍ലമെന്‍റില്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം.

ഹെയ്തിയില്‍ പാര്‍ലമെന്റിനു മുന്നില്‍വെച്ച് സെനറ്റര്‍ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. ഒരു ഫോട്ടോ ജേണലിസ്റ്റ് ഉൾപ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്‍റിനകത്ത് പുതിയ പ്രധാനമന്ത്രിയെ നിയമിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പുറത്ത്  നിയമം കയ്യിലെടുത്തുകൊണ്ട് സെനറ്റര്‍ അമ്മാനമാടിയത്.

അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫറായ ചെറി ഡിയു-നാലിയോയുടെ മുഖത്താണ് വെടിയേറ്റത്. സെക്യൂരിറ്റി ഗാർഡും ഡ്രൈവറുമായ ലിയോൺ ലെബ്ലാങ്കാണ് വെടിയേറ്റ മറ്റൊരാള്‍. ഇരുവരുടെയും പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

വടക്കൻ ഹെയ്തിയിൽ നിന്നുള്ള സെനറ്ററായ ജീൻ മാരി റാൽഫ് ഫെത്തിയര്‍ ആണ് അക്രമം നടത്തിയതെന്ന് ലെബ്ലാങ്ക് പറഞ്ഞു. സംഭവസ്ഥലത്ത് ഒരുകൂട്ടം പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നു. നിറയൊഴിച്ചത് താനാണെന്ന് സമ്മതിച്ചില്ലെങ്കിലും സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് ഫെത്തിയര്‍ സംസാരിച്ചത്. ‘അക്രമാസക്തരായ ഒരുകൂട്ടം തീവ്രവാദികള്‍ എന്നെ ആക്രമിക്കാന്‍ വന്നു. അവർ എന്നെ എന്റെ വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിടാന്‍ ശ്രമിച്ചു. സ്വയം പ്രതിരോധിക്കുകമാത്രമാണ് ഞാന്‍ ചെയ്തത്’ എന്നാണ് അദ്ദേഹത്തിന്‍റെ വാദം. ‘പ്രസ്സ്’ എന്ന വാക്ക് ആലേഖനം ചെയ്ത ഹെൽമെറ്റും ഫ്ലാക്ക് ജാക്കറ്റും ധരിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ അവിടെ നിന്നതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ അവിടെയുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഫെത്തിയര്‍ പറഞ്ഞു.

പുതിയ പ്രധാനമന്ത്രിയായ ഫ്രിറ്റ്‌സ്-വില്യം മൈക്കലിന്റെ നിയമനം സ്ഥിരീകരിക്കുന്നതിനായി ഹെയ്തിയൻ സെനറ്റ് പാര്‍ലമെന്‍റില്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം. പ്രസിഡന്റ് ജോവനൽ മോസിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് ഹെയ്തിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗുരുതരമായ ഇന്ധനക്ഷാമവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുംമൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

പ്രതിഷേധക്കാര്‍ പ്രധാനപ്പെട്ട റോഡുകളെല്ലാം ഉപരോധിക്കുന്നുണ്ട്. മൈക്കലിന്റെ നിയമനത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ വേറെ. കയ്യാങ്കളിയാണ് അവിടെ നടക്കുന്നത്. സെനറ്റര്‍മാര്‍ കസേരകളും മുഷ്ടിയും ഉപയോഗിച്ച് പരസ്പരം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹെയ്തിയിലെ വാർഷിക പ്രതിശീർഷ വരുമാനം പ്രതിവർഷം 350 ഡോളറായി തകര്‍ന്നിരിക്കുന്നു. പണപ്പെരുപ്പം നിലവിൽ 19 ശതമാനമാണ്. ഇന്ധനവിലക്കയറ്റവും ഭക്ഷ്യക്ഷാമവും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍