UPDATES

വിദേശം

റുഹാനി വീണ്ടും ഇറാന്‍ പ്രസിഡന്റ്; പക്ഷേ മന:സമാധാനത്തോടെ ഭരിക്കാമെന്ന് കരുതേണ്ട

റവല്യൂഷണറി ഗാര്‍ഡുകളും റെയ്സിയുടെ അനുയായികളും വെറുതെ ഇരിക്കില്ല

വിദേശ രാജ്യങ്ങളുമായി സമാധാനവും നാട്ടില്‍ കൂടുതല്‍ സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ഇറാന്‍കാര്‍ പ്രസിഡന്റ് ഹസന്‍ റുഹാനിക്ക് ഭരണത്തില്‍ രണ്ടാമത് ഒരവസരം കൂടി നല്‍കിയിരിക്കുകയാണ്. പക്ഷെ, വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുത്തിയ കടുത്ത മതമൗലീകവാദ ശക്തികള്‍ അദ്ദേഹത്തിന്റെ പദ്ധതികളോട് ധിക്കാരപൂര്‍ണമായ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇറാനിലെ യുവാക്കള്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങളോടൊപ്പം സാമൂഹിക നീതിയും വ്യക്തിഗത സ്വാതന്ത്ര്യവും രാഷ്ട്രീയ സഹിഷ്ണുതയും വാഗ്ദാനം ചെയ്തുകൊണ്ടാണ് വെള്ളിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റുഹാനി തന്റെ ഉജ്ജ്വലവിജയം കെട്ടിപ്പടുത്തത്.

ഭരണകൂട കാര്‍ക്കശ്യത്തെ അതിന്റെ ഏറ്റവും ഭീതിതമായ രീതിയില്‍ പ്രതിനിധീകരിക്കുന്ന ആള്‍ എന്ന് പരിഷ്‌കരണവാദികള്‍ വിശേഷിപ്പിക്കുന്ന ഇബ്രാഹിം റെയ്‌സി എന്ന, പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഖൊമൈനിയോട് അടുപ്പമുള്ള യാഥാസ്ഥിതികര്‍ക്ക് നേരെ അപൂര്‍വമായ ഒരു പരസ്യ യുദ്ധവും റുഹാനി അഴിച്ചുവിട്ടു.

ഇറാനികള്‍ എങ്ങനെ സംസാരിക്കണം, കൂട്ടംകൂടണം, വസ്ത്രം ധരിക്കണം എന്നൊക്കെ തീരുമാനിച്ചുകൊണ്ട് രാജ്യത്ത് വ്യാപക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഏറ്റവും ശക്തമായ സുരക്ഷ സേനയായ റവല്യൂഷണറി ഗാര്‍ഡുകള്‍ (ഐആര്‍ജിസി) ഈ ആക്രമണം മറക്കാന്‍ സാധ്യതയില്ല. ‘നമ്മുടെ നാക്ക് മുറിക്കുന്നവരും വായ കുത്തിക്കെട്ടി നിശബ്ദരാക്കുന്നവരും, യാഥാസ്ഥിതിക തീവ്രവാദികള്‍’ എന്നാണ് ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ റൂഹാനി വിശേഷിപ്പച്ചത്.

‘തന്റെ രണ്ടാം ഊഴത്തില്‍ റൂഹാനി കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടും. റവല്യൂഷണറി ഗാര്‍ഡുകളും ആഴത്തിലുള്ള മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും അദ്ദേഹത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും,’ എന്ന് ഇറാന്‍ വംശജനും ഹെര്‍സ്ലിയിലെ ഇന്റര്‍ഡിസിപ്ലിനറി സെന്ററിലെ ഇറാന്‍ വിഷയത്തിലെ ഇസ്രായേലി ലക്ചററുമായ മെയ്ര്‍ ജാവേദാന്‍ഫാര്‍ പറയുന്നു.

1979ല്‍ മതമൗലീകവാദികള്‍ക്ക് രാഷ്ട്രീയ പരാജയം ഉണ്ടായപ്പോള്‍ അവര്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു. ഇറാഖിലെയും സിറിയയിലെയും മധ്യേഷ്യയിലെ മറ്റ് സ്ഥലങ്ങളിലെയും ഇറാന്‍ അധിനിവേശക്കാലത്ത് ത്വരിത സേനയെ പ്രധാനം ചെയ്തത് പോലെ വിദേശത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ജ്വലിപ്പിക്കുക വഴി നാട്ടില്‍ തങ്ങളുടെ മേധാവിത്വം തിരിച്ചുപിടിക്കാന്‍ ഗാര്‍ഡുകള്‍ ശ്രമിക്കുന്നതാവും ഒരു വഴി. ‘പേര്‍ഷ്യന്‍ ഗള്‍ഫില്‍ കൂടുതല്‍ ഏറ്റമുട്ടല്‍ നയങ്ങള്‍ക്ക് ഐആര്‍ജിസി ശ്രമിക്കുമെന്ന് ഞാന്‍ ആശങ്കപ്പെടുന്നു. അതുപോലെ യുഎസുമായും സൗദി അറേബ്യയുമായും കൂടുതല്‍ സംഘര്‍ഷാത്മക നയം സ്വീകരിക്കാനും അവര്‍ തയ്യാറായേക്കും,’ എന്ന് ജാവേദാന്‍ഫാര്‍ പറയുന്നു.

പുരോഗമനം സാധ്യമാക്കുക എന്നൊരു ഉപാധി അദ്ദേഹത്തിന്റെ മുന്നിലുണ്ടെന്നാണ് റുഹാനിയുടെ അണികള്‍ വാദിക്കുന്നത്. അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ ഉണ്ടായിരുന്ന ആള്‍ എന്ന നിലയില്‍ അദ്ദേഹം പരമോന്നത നേതാവ് ഖൊമൈനിയോടൊപ്പം ദശാബ്ദങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘സാമ്പത്തിക പുരോഗതി ഖൊമൈനിയുടെ പ്രധാന പരിഗണനകളില്‍ ഒന്നായതിനാല്‍ തന്നെ ആണവ കരാറിന് റുഹാനി നല്‍കുന്ന ജാഗ്രതാപൂര്‍ണമായ പിന്തുണ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ഉദാര സാമ്പത്തിക നയങ്ങള്‍ക്ക് പരിമിതമായെങ്കിലും പിന്തുണ നല്‍കാന്‍ ഖോമൈനി നിര്‍ബന്ധിതനാകും,’ എന്ന് റുഹാനി സര്‍ക്കാരുമായി അടുപ്പമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇറാന്റെ നയതന്ത്ര ഉറ്റപ്പെടല്‍ അവസാനിപ്പിക്കും എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് 2013ല്‍ ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ട റുഹാനി വന്‍വിജയമാണ് നേടിയത്. ആറ് വന്‍ശക്തികളുമായുള്ള ആണവ കരാറിനായി തന്റെ ആദ്യ ഊഴത്തിലെ രാഷ്ട്രീയ മൂലധനം വിനിയോഗിച്ച അദ്ദേഹം, ടെഹ്രാന്റെ ആണവ പരിപാടി നിയന്ത്രിക്കുന്നതിന് പകരമായി മിക്ക അന്താരാഷ്ട്ര ഉപരോധങ്ങളും നീക്കുന്നതില്‍ വിജയിച്ചു.

ആഭ്യന്തര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വലിയ രീതിയില്‍ വിസ്മരിക്കപ്പെട്ടു. എന്നാല്‍ രണ്ടാം ഊഴത്തില്‍ നാട്ടില്‍ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നും റുഹാനിക്ക് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവും. പ്രചാരണത്തിന്റെ അവസാന കാലങ്ങളില്‍ പ്രത്യേകിച്ചും താന്‍ ഒരു പരിഷ്‌കരണവാദിയാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഇപ്പോള്‍ അദ്ദേഹം സ്വയം ആ സമ്മര്‍ദത്തിന് സംഭാവന ചെയ്യുകയും ചെയ്തിരിക്കുന്നു. ‘ചില കാര്യങ്ങളില്‍ പിന്നോക്കം പോവുക വലിയ പ്രയാസമായിരിക്കും എന്ന് വ്യക്തമാണ്,’ എന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഇറാനിയന്‍ സ്റ്റഡീസ് പ്രോഗ്രാം ഡയറക്ടര്‍ അബ്ബാസ് മിലാനി റോയിട്ടറിനോട് പറഞ്ഞു. ‘ഐആര്‍ജിസിക്കെതിരെ അദ്ദേഹം നടത്തിയ വെല്ലുവിളി’യും വീട്ടുതടങ്കലിലുള്ള പരിഷ്‌കരണവാദി നേതാക്കളെ വിട്ടയയ്ക്കുമെന്ന വാഗ്ദാനവും മിലാനി എടുത്ത് കാണിക്കുന്നു. ‘ഇതൊക്കെ തന്നെയും യാഥാസ്ഥിതികരുമായി ഒരു സംഘട്ടനത്തില്‍ എത്തിയില്ലെങ്കിലും ഒരു സംഘര്‍ഷത്തിലേക്കാണ് അദ്ദേഹത്തെ നയിക്കാന്‍ പോകുന്നത്,’ എന്ന് അദ്ദേഹം പറയുന്നു.

ഇറാന്‍ റിപ്പബ്ലിക്കിലെ ആഭ്യന്തര അധികാര വടംവലി എന്നത് യാഥാസ്ഥിതികരും പരിഷ്‌കരണവാദികളും തമ്മിലുള്ള ഒരു തത്വശാസ്ത്ര സംവാദം മാത്രമല്ല. മറിച്ച്, സ്വാര്‍ത്ഥ താല്‍പര്യങ്ങളും പ്രത്യേക അവകാശങ്ങളും ഉപയോഗിച്ച് പൗരോഹിത്യ സ്ഥാപനങ്ങളില്‍ മേധാവിത്വം നിലനിറുത്താനുള്ള ഒരു യുദ്ധം കൂടിയാണ്. റവല്യൂഷണിറി ഗാര്‍ഡുകള്‍ക്ക് ഒരു വലിയ വ്യാപാര സാമ്രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യം പടിഞ്ഞാറേക്ക് വാതില്‍ തുറക്കുന്നത് അധികാര മാറ്റത്തിന് കാരണമാകുമെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. പൗരോഹിത്യ നേതൃത്വത്തില്‍ ഗാര്‍ഡുകള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, തന്റെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ റുഹാനിക്ക് സാധിക്കുമെന്ന പ്രതീക്ഷ വളരെ കുറച്ച് ഇറാനികള്‍ മാത്രമേ വെച്ചുപുലര്‍ത്തുന്നുള്ളു.

‘യാഥാസ്ഥിതികര്‍ക്ക് എതിരെ തിരിച്ചടിക്കാന്‍ റുഹാനി താല്‍പര്യമില്ലായ്മ കാണിക്കാനോ അല്ലെങ്കില്‍ അശക്തനായിരിക്കാനോ ആണ് സാധ്യത. ശരിയായ മാറ്റം ആഗ്രഹിക്കുന്നവര്‍ നിര്‍ഭാഗ്യവശാല്‍ ഒരിക്കല്‍ കൂടി അത്തരമൊരു അവസ്ഥയില്‍ പെട്ടുപോകാനാണ് സാധ്യത,’ എന്ന് ഡിഫന്‍സ് ഫോര്‍ ഡമോക്രസീസ് എന്ന് വാഷിംട്ണ്‍ ആസ്ഥാനമായുള്ള സംഘടനയുടെ മുതിര്‍ന്ന ഇറാന്‍ നിരീക്ഷകന്‍ ബെഹ്നാം ബെന്‍ ടാലേബ്ലു പറയുന്നു.

എന്നിരുന്നാലും, 1980-കളില്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാര്‍ക്ക് വധശിക്ഷ വിധിച്ച നാല് ജഡ്ജിമാരില്‍ ഒരാളായിരുന്ന റെയ്‌സിക്കെതിരെ ജയിക്കാന്‍ സാധ്യതയുണ്ട് എന്ന ഒറ്റക്കാരണം മതിയായിരുന്നു സംശയാലുക്കളായ ഇറാന്‍കാര്‍ക്ക് പോലും റുഹാനിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍