UPDATES

വിദേശം

ഹോങ്കോങിനെ ഇളക്കി മറിച്ച് ജനാധിപത്യവാദികളുടെ പ്രകടനം, പങ്കെടുത്തത് 17 ലക്ഷം പേര്‍

ചൈന സേനയെ അയക്കുമെന്ന അഭ്യൂഹവും ശക്തമാവുകയാണ്.

കനത്തമഴയും വകവെക്കാതെ ഹോങ്‌കോങ്ങിൽ ജനാധിപത്യവാദികളുടെ പ്രതിഷേധം കനക്കുന്നു. ജനസംഖ്യയുടെ നാലിലൊന്ന് പേരും (1.7 ദശലക്ഷം ആളുകൾ) പോലീസിന്റെ ഉത്തരവുകൾ‌ ലംഘിച്ചു മാർച്ച്‌ നടത്തുകയാണ്. പ്രതിഷേധം വ്യാപകമായതോടെ കഴിഞ്ഞയാഴ്ച മാത്രം ആയിരത്തോളം വിമാന സർവീസുകൾ റദ്ദാക്കി. ഹോങ്കോങ്ങ് വിമാനത്താവളം സ്‌തംഭിപ്പിച്ച പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു ഇത്. ചൈനയില്‍ നിന്നുള്ള ആവർത്തിച്ചുള്ള ഭീഷണികളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന പരക്കെയുള്ള പോലീസ് അതിക്രമങ്ങളും വകവയ്ക്കാതെയാണ് കൂടുതല്‍ പേര്‍ സമരരംഗത്തേക്ക് കടന്നുവരുന്നത്.

ഞായറാഴ്ച പ്രധാന റോഡുകളെല്ലാം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. വിക്ടോറിയ പാർക്കും നിറഞ്ഞുകവിഞ്ഞ് ജനം സമീപത്തെ തെരുവുകളിലേക്ക് ഒഴുകിയെത്തി. ഗതാഗത സംവിധാനങ്ങള്‍ പൂർണ്ണമായും നിലച്ചു. ഒരു മണിക്കൂറോളം നിന്നു പെയ്ത പേമാരിക്കും അവരുടെ സമരോർജ്ജത്തെ തകർക്കാനായില്ല. പാർക്ക് കുടകളുടെ കടലായി മാറി. ഹോങ്കോങ്ങിന്റെഹൃദയഭാഗത്തേക്ക് നീങ്ങിയ അവര്‍ സർക്കാർ ആസ്ഥാനം വളയാനും തയ്യാറായി.

നേരത്തേ, തെരുവുകളിലൂടെ മാർച്ച് നടത്താന്‍ ഒരു മനുഷ്യാവകാശ സംഘടന നല്‍കിയ അപേക്ഷ പോലീസ് നിരസിച്ചിരുന്നു. പകരം പാർക്കിൽ ചെറിയൊരു റാലി നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയത്. നിരോധനത്തെ ധിക്കരിക്കുന്നവരുടെമേല്‍ നിയമവിരുദ്ധമായ കൂട്ടം ചേരല്‍ കുറ്റമാണ് ചുമത്തുക. ഇത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. എന്നാല്‍ ഒരു ഭീഷണികളും വകവയ്ക്കാതെ ‘ഹോങ്കോങ്ങിനൊപ്പം നിൽക്കുക! സ്വാതന്ത്ര്യത്തിനായി പോരാടുക!’ എന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ സകല തെരുവുകളും കീഴടക്കി.

ചൈനീസ് പിന്തുണയുള്ള ഭരണാധികാരി കാരി ലാമിന്റെ നയങ്ങൾക്കുനേരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം ആഴ്ചാവസാനങ്ങളിൽ വീണ്ടും ശക്തമാകുന്നതിന്റൊ സൂചനയാണിത്. കാരി ലാം കൊണ്ടുവന്ന, കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാൻ അനുവാദം നൽകുന്ന വിവാദ ബില്ലാണ് ജൂണിൽ പ്രതിഷേധം ആരംഭിക്കാൻ കാരണമായത്. ബിൽ അവതരിപ്പിക്കില്ലെന്ന് പിന്നീട് അധികൃതർ അറിയിച്ചെങ്കിലും അറസ്റ്റിലായവരെയെല്ലാം മോചിപ്പിക്കണമെന്നും ചൈനയിൽനിന്ന് പൂർണ സ്വാതന്ത്ര്യം വേണമെന്നും കൂടുതൽ അവകാശങ്ങൾ വേണമെന്നുമാണ് ഇപ്പോൾ ജനാധിപത്യവാദികൾ ആവശ്യപ്പെടുന്നത്.

അതിനിടെ, അതിർത്തിക്കപ്പുറത്ത് ഷെൻഷെനിൽ ചൈന പ്രതിഷേധക്കാരെ നേരിടാൻ സൈനികർക്ക് നൽകുന്ന പ്രത്യേക പരിശീലനം ഞായറാഴ്ചയും തുടരുകയാണ്. ഇതോടെ പ്രതിഷേധം അടിച്ചമർത്താൻ ചൈന സേനയെ അയക്കുമെന്ന അഭ്യൂഹവും ശക്തമാവുകയാണ്.

Also Read- Explainer: ഇന്ത്യക്കെതിരെ ‘ചൈനാ കാർഡ്’ ഉപയോഗിക്കാത്ത ഭൂട്ടാൻ: പക്വതയുള്ള അയൽവാസിയെ കാണാൻ പ്രധാനമന്ത്രി പോയപ്പോൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍