UPDATES

വിദേശം

ഹോങ്കോങ്ങില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ വ്യാപക അറസ്റ്റ്

ചൈനയുടെ പിന്തുണയോടെ പ്രതിഷേധക്കാരെ കൂടുതല്‍ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക ഭരണകൂടം.

ഹോങ്കോങില്‍ നടന്നുകൊണ്ടിരിക്കുന്ന അതിശക്തമായ ജനകീയ പ്രക്ഷോഭം തടയാനുള്ള പുതിയ ശ്രമങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി പ്രമുഖ ജനാധിപത്യ പ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും ഹോങ്കോംഗ് പോലീസ് അറസ്റ്റ് ചെയ്തുതുടങ്ങി. 2014-ലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അന്നത്തെ വിദ്യാര്‍ഥി നേതാക്കളായ ജോഷ്വ വോങ്, ആഗ്‌നസ് ചൗ എന്നിവരുള്‍പ്പെടെയുള്ള ജനാധിപത്യ അനുകൂല നിയമനിര്‍മ്മാതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു.

അവര്‍ക്കെതിരെ നിയമവിരുദ്ധമായ സംഘം ചേരലിന് കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. 28 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് നടക്കാനിരുന്ന വലിയ റാലിയ്ക്ക് മുമ്പായി നടന്ന ഈ അറസ്റ്റുകള്‍ എന്ന് വിമര്‍ശകര്‍ പറയുന്നു. ‘ഇത് പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള പുതിയ മാര്‍ഗ്ഗമാണ്. അറിയപ്പെടുന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിനാണ്’- ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് സര്‍വകലാശാലയിലെ സര്‍ക്കാര്‍ വകുപ്പിലെ പ്രൊഫസറായ കെന്നത്ത് ചാന്‍ പറഞ്ഞു.

മൂന്നു മാസമായി തുടരുന്ന പ്രതിഷേധത്തില്‍ നിന്നും പതിയെ ആളുകള്‍ പിന്മാറുന്നതിന്റെ ചില സൂചനകള്‍ കണ്ടിരുന്നു. എന്നാല്‍ അതിനിടയിലും ചൈനയുടെ പിന്തുണയോടെ പ്രതിഷേധക്കാരെ കൂടുതല്‍ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക ഭരണകൂടം. പ്രതിഷേധക്കാരുടെ ആവശ്യങ്ങളൊന്നും അംഗീകരിച്ചു കൊടുക്കരുതെന്ന് ഹോങ്കോങ്ങിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാമിനോട് ബീജിംഗ് ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

എമര്‍ജന്‍സി റെഗുലേഷന്‍ ഓര്‍ഡിനന്‍സ് പോലുള്ള കൊളോണിയല്‍ നിയമങ്ങളും നടപ്പാക്കാന്‍ തന്റെ സര്‍ക്കാരിന് കഴിയുമെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ലാം സൂചിപ്പിച്ചിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ പൊതു ക്രമം പുനസ്ഥാപിക്കുന്നതിനായി കര്‍ഫ്യൂ, സെന്‍സര്‍ഷിപ്പ് തുടങ്ങി ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തടസ്സപ്പെടുത്തുന്നതുവരെ എന്തും നടപ്പിലാക്കാനുള്ള അധികാരം അവര്‍ക്ക് ലഭിക്കും.

കുറ്റവാളികളെ ചൈനീസ് മെയിന്‍ലാന്റിലേയ്ക്ക് വിചാരണയ്ക്കായി കൈമാറുന്ന വിവാദ ബില്‍ ഹോങ് കോങ് അഡ്മിനിസ്ട്രേറ്റര്‍, ശക്തമായ പ്രക്ഷോഭം കണക്കിലെടുത്ത് മരവിപ്പിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തില്‍ പിന്മാറാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ചൈന നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ രാജി വച്ചൊഴിയണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുകയാണ് ഹോങ് കോങ് വിമാനത്താവളം പ്രക്ഷോഭകാരികള്‍ സ്തംഭിപ്പിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുകയും ചെയ്തിരുന്നു.

Read: ‘എപ്പോള്‍ വേണമെങ്കിലും ഞാന്‍ കൊല്ലപ്പെട്ടേക്കാം’: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ മുസ്ലിം വനിത ഇല്‍ഹാന്‍ ഒമര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍