UPDATES

വിദേശം

ഹോങ്കോങ്ങില്‍ ഇടപെടാന്‍ അധികാരമുണ്ടെന്ന് ചൈന, നല്ല രീതിയില്‍ അവസാനിപ്പിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്നും മുന്നറിയിപ്പ്

‘തീവ്രവാദികളാ’ണ് ജനാധിപത്യ അനുകൂല പ്രവർത്തകര്‍ എന്ന വ്യാജേന സമരം ചെയ്യുന്നതെന്ന് ആരോപണം

ഹോങ്കോങ്ങില്‍ പ്രതിഷേധം തുടരുന്ന ജനാധിപത്യ അനുകൂലികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് വീണ്ടും ചൈന. സാഹചര്യങ്ങള്‍ അനിയന്ത്രിതമായി തുടരുകയാണെങ്കില്‍ ‘പരിഹരിക്കാൻ മാര്‍ഗ്ഗങ്ങളും ശക്തിയും’ ഉണ്ടെന്ന് ചൈന മുന്നറിയിപ്പ് നൽകി. ‘കൊളോണിയൽ മനോഭാവം’ വെച്ചു പുലർത്തിക്കൊണ്ടാണ്ചില ബ്രിട്ടീഷ് രാഷ്ട്രീയക്കാർ ഹോങ്കോങ്ങില്‍ ഇടപെടലുകള്‍ നടത്തുന്നതെന്നും ചൈനീസ് അധികൃതർ അരോപിച്ചു. യുകെയിലെ ചൈനയുടെ അംബാസഡർ ലിയു സിയാമിംഗ് ആണ് രൂക്ഷ വിമർശനം ഉയർത്തി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ലണ്ടനിൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക നടപടികൾക്ക് മുന്നോടിയായി തെക്കൻ ചൈനീസ് നഗരമായ ഷെന്സന്‍സിലെ സ്റ്റേഡിയത്തിലുള്ള പാർക്കിങ്ങ് ഗ്രൗണ്ടില്‍ അർദ്ധസൈനിക വിഭാഗത്തെ രംഗത്തിറക്കിയതായുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ‘തീവ്രവാദികളാ’ണ് ജനാധിപത്യ അനുകൂല പ്രവർത്തകര്‍ എന്ന വ്യാജേന സമരം ചെയ്യുന്നതെന്ന് ആരോപിച്ച അംബാസഡർ തല്‍ക്കാലം ‘കയ്യുംകെട്ടി നോക്കിയിരിക്കാന്‍ ചൈന തയ്യാറല്ലെന്നും’ വ്യക്തമാക്കുന്നു.

‘സംഘർഷം നല്ല രീതിയില്‍ അവസാനിപ്പിക്കുന്നതാണ് എല്ലാവർക്കും നല്ലത്. അല്ലെങ്കില്‍ ഏറ്റവും മോശമായ രീതിയില്‍ അത് ചെയ്യിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’- അദ്ദേഹം തുറന്നടിച്ചു. ഹോങ്കോങ്ങിലെ ജനങ്ങളോട് ‘മാനുഷികമായി’ പെരുമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൊണാൾഡ് ട്രംപ് ചെയ്ത ട്വീറ്റിനേയും ലിയു തള്ളി.

ബ്രിട്ടന്റെ മുൻ കോളനിയായ ഹോങ്കോങിനു മേല്‍ 22 വര്‍ഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്ക് ശക്തമായ വെല്ലുവിളിയാവുകയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം. 10 ആഴ്ചയോളമായി പ്രക്ഷോഭം നഗരത്തെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട്. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പായിരുന്നു പ്രതിഷേധം തുടങ്ങിയത്. നിയമം പിൻവലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു.

പ്രതിഷേധം പിന്നീട് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള വിമോചന പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിൻബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിർത്തുന്നത്.

 

Also Read- നദികള്‍ വഴിമാറി, ഒരാഴ്ചയായി നിലമ്പൂര്‍ മുണ്ടേരിയിലെ ആദിവാസികള്‍ കാട്ടിനുള്ളില്‍, ഭക്ഷണം കിട്ടിയത് രണ്ട് തവണ; വിവരം പുറത്തെത്തിച്ചത് ചാലിയാര്‍ നീന്തിക്കടന്നെത്തിയ യുവാക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍