UPDATES

വിദേശം

‘കണ്ണ് തിരികെ നല്‍കുക’: ഹോങ്കോങ് പ്രക്ഷോഭകരുടെ വിമാനത്താവള സമരം അക്രമാസക്തമാകുന്നു

കഴിഞ്ഞ ദിവസംവരെ വളരെ സമാധാനപരമായിട്ടാണ് പ്രതിഷേധം നടന്നത്. എന്നാല്‍ യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്തതില്‍ നിരാശരായ യാത്രക്കാരും പ്രക്ഷോഭകരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു.

ജനാധിപത്യ അനുകൂലികളുടെ പ്രതിഷേധം ശക്തമായതോടെ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം രണ്ടാം ദിവസവും നിലച്ചു. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. പോലീസും പ്രക്ഷോഭകരും തമ്മില്‍ പലതവണ ഏറ്റുമുട്ടി. ലാത്തി വീശിയ പോലീസ് കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ എല്ലാ വിമാനസർവീസുകളും റദ്ദാക്കി. വെള്ളിയാഴ്ച മുതലാണ്‌ പ്രതിഷേധക്കാർ വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസംവരെ വളരെ സമാധാനപരമായിട്ടാണ് പ്രതിഷേധം നടന്നത്. എന്നാല്‍ യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്തതില്‍ നിരാശരായ യാത്രക്കാരും പ്രക്ഷോഭകരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. രാത്രിയോടെ അത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ‘കണ്ണ് തിരികെ നല്‍കുക’ എന്ന മുദ്രാവാക്യങ്ങളോടെയാണ് അവര്‍ പോലീസിനെ വരവേറ്റത്. നേരത്തെ, പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു യുവതിയുടെ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പോലീസ് രൂക്ഷമായി പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധക്കാർ വേഗത്തിൽ ബാരിക്കേഡുകൾ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. ഏറ്റുമുട്ടലിന്റെ ഭാഗമായി നിരവധിപേരെ പോലീസ് അറസ്റ്റ്ചെയ്തു. ഒരു പ്രധിഷേധക്കാരിയെ അടിച്ചു നിലത്തിട്ട പോലീസുകാരനെ അവര്‍ വളഞ്ഞിട്ടു തല്ലിച്ചതച്ചു. പോലീസുകാരന്റെ ലാത്തി പിടിച്ചുവാങ്ങിയായിരുന്നു ആക്രമണം. എന്നാല്‍ പോലീസ് തോക്കെടുത്തതോടെ പ്രക്ഷോഭകര്‍ ഓടിമറഞ്ഞു. അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യാങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ഹോങ്കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160ലേറെ വിമാന സർവ്വീസുകളാണ് ഇതുവരെ റദ്ദാക്കപ്പെട്ടിരിക്കുന്നത്. പോലീസ് പിന്മാറിയ ശേഷം പ്രതിഷേധക്കാർ ടെർമിനലില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് വിമാനത്താവളം ഉപരോധിക്കുന്നത്. പ്രക്ഷോഭകര്‍ക്കെതിരെയുള്ള എയർപോർട്ട് അതോറിറ്റിയുടെ പരാതിയില്‍ കോടതി നിരോധനാജ്ഞ പുറപ്പെടുവിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നോ അത് എങ്ങനെ നടപ്പാക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.

ബഹുജന പ്രതിഷേധം 10 ആഴ്ചയോളമായി നഗരത്തെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട്. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍