UPDATES

വായിച്ചോ‌

മ്യാൻമർ പട്ടാളം ഒരു റോഹിംഗ്യൻ ഗ്രാമത്തെ കൊന്നും ബലാൽസംഗം ചെയ്തും കൊള്ളയടിച്ചും ഇല്ലാതാക്കിയ വിധം

മൂന്ന് ഫോട്ടോകളാണ് റോയിട്ടേഴ്സ് ലേഖകർക്ക് ബുദ്ധിസ്റ്റ് ഗ്രാമമുഖ്യൻ നൽകിയത്. റോഹിംഗ്യകളെ പിടിച്ചുകെട്ടി നിലത്ത് മുട്ടുകുത്തിച്ച് നിരത്തിയിരുത്തിയിരിക്കുന്നതായി ഈ ഫോട്ടോകളിലൊന്നിൽ കാണാം.

ബുദ്ധമതക്കാരായ ഗ്രാമവാസികളും സൈന്യവും ചേർന്ന് ഒരു ഗ്രാമത്തിലെ ആറായിരത്തോളം വരുന്ന റോഹിംഗ്യൻ മുസ്ലിങ്ങളെ കൊന്നും, വീടുകൾ കത്തിച്ചും, കൊള്ളയടിച്ചും ഇല്ലാതാക്കിയതിന്റെ നേർച്ചിത്രങ്ങള്‍ വിവരിച്ച് റോയിട്ടേഴ്സിന്റെ ലേഖനം. ഇൻ ദിൻ എന്ന ഈ തീരപ്രദേശ ഗ്രാമത്തിൽ റോംഹിംഗ്യകൾക്കെതിരെ ബുദ്ധതീവ്രവാദികൾ നടത്തിയ വംശീയ കൂട്ടക്കൊലകളെ റിപ്പോർട്ട് ചെയ്യാൻ പോയ രണ്ട് റോയിട്ടേഴ്സ് മാധ്യമപ്രവർത്തകർ ഇക്കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞവർഷം ഒക്ടോബർ മാസത്തോടെ ഇൻ ദിൻ ഗ്രാമത്തിൽ നിന്ന് എല്ലാ മുസ്ലിങ്ങളും ഒഴിഞ്ഞുപോയിരുന്നു. കൂട്ടക്കൊലകളും ബലാൽസംഗങ്ങളും തീവെപ്പുമെല്ലാം നടത്തിയാണ് പട്ടാളം തങ്ങളെ ഗ്രാമത്തിൽ നിന്നും പുറത്താക്കിയതെന്ന് ബാക്കിയായ ഗ്രാമവാസികൾ പറയുന്നു.

690,000 റോഹിംഗ്യകളാണ് അതിർത്തി കടന്ന് ബംഗ്ലാദേശിലേക്ക് ജീവനുംകൊണ്ടോടിയത്. അന്തർദ്ദേശീയ സമൂഹത്തിന്റെ ആശങ്കകൾക്കൊന്നും മറുപടി നൽകാൻ മ്യാന്മർ തയ്യാറല്ല. ഐക്യരാഷ്ട്രസഭയും യുഎസ്സും മ്യാന്മറിന്റെ വംശീയ ഉന്മൂലനത്തെ വാക്കുകൾ കൊണ്ട് എതിർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ വിലപ്പോകുന്നില്ല. ഐക്യരാഷ്ട്രസഭയുമായോ മറ്റേതെങ്കിലും അന്താരാഷ്ട്ര സ്ഥാപനവുമായോ മനുഷ്യാവകാശം സംബന്ധിച്ചുള്ള എന്തെങ്കിലും കരാറിൽ മ്യാന്മർ ഇതുവരെ ഏർപ്പെട്ടിട്ടില്ല. ഇക്കാരണത്താൽ‌ തന്നെ ആരോടും മറുപടി പറയേണ്ട കാര്യം തങ്ങൾക്കില്ലെന്നാണ് മ്യാന്മർ ഭരണകൂടത്തിന്റെ നിലപാട്. റോഹിംഗ്യകളെ ഉന്മൂലനം ചെയ്യുന്ന കാര്യത്തിൽ ബുദ്ധമതക്കാരായ ഭൂരിപക്ഷത്തിന്റെ ശക്തമായ പിന്തുണയാണ് സർക്കാരിനുള്ളത്.

റോഹിംഗ്യകൾ നൂറ്റാണ്ടുകളായി മ്യാന്മറിൽ പാർക്കുന്നവരാണ്. എന്നാൽ അവരെ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണ് ബുദ്ധമത തീവ്രവാദികളും അവർക്ക് പിന്തുണ നൽകുന്ന ഭരണകൂടവും കരുതുന്നത്.

ഇൻ ദിന്നിൽ സംഭവിച്ചതെന്തെന്നറിയാനാണ് റോയിട്ചേഴ്സ് ലേഖകർ ചെന്നത്. കൂട്ടക്കൊലകളിലൊന്ന് നടന്നതിനു ശേഷം മൃതദേഹങ്ങൾ കുഴിച്ചിടാൻ സഹായിച്ചവരിലൊരാളെ റോയിട്ടേഴ്സ് ലേഖകർ കണ്ടെത്തിയിരുന്നു. എട്ട് മുതിർന്നവരും രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളുമടക്കം പത്തു പേരെ സൈന്യം കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി നിരത്തിയിരുത്തി കൊലപ്പെടുത്തുകയായിരുന്നു. തങ്ങളുടെ അയൽവാസികളായ ബുദ്ധമതക്കാർ തങ്ങൾക്കു വേണ്ടി കുഴിയെടുക്കുന്നത് നോക്കി നിസ്സഹായരായി അവർ ഇരുന്നു.

ഇതുവരെ ഇരകളായ റോഹിംഗ്യകളുടെ വാക്കുകളിലൂടെയാണ് മ്യാന്മറിന്റെ ക്രൂരത ലോം അറിഞ്ഞത്. റോയിട്ടേഴ്സിന്റെ ലേഖകർ ഇത്തവണ സമ്പാദിച്ചത് ആക്രമണം നടത്തിയവരിലൊരിൽ ചിലരുടെ വിവരണമാണ്. എങ്ങനെയാണ് തങ്ങൾ റോഹിംഗ്യകളുടെ വീടുകൾ ചുട്ടുകരിക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും പുരുഷന്മാരെ കൊല്ലുകയും ചെയ്തതെന്ന് അവർ വിവരിക്കുന്നു.

ബുദ്ധമതക്കാരായ ഗ്രാമവാസികൾ തങ്ങൾ എങ്ങനെയാണ് റോഹിംഗ്യകളെ കൊന്നതെന്നും വീടുകൾക്ക് തീയിട്ടതെന്നും റിപ്പോർട്ടർമാരോട് വിവരിച്ചു. സൈന്യത്തില്‍ നിന്നുള്ളവരുടെയും വിവരണങ്ങൾ റോയിട്ടേഴ്സ് റിപ്പോർട്ടർമാർക്ക് ലഭിക്കുകയുണ്ടായി. ഇതാദ്യമായാണ് സൈന്യത്തിനകത്തു നിന്നുള്ളവര്‍ കൂട്ടക്കൊലകളിൽ തങ്ങൾക്കുള്ള പങ്കാളിത്തെ വെളിപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.

കൊല്ലപ്പെട്ട പത്തുപേരുടെ കുടുംബാംഗങ്ങൾ ഇപ്പോൾ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിലാണുള്ളത്. റോയിട്ടേഴ്സ് ലേഖകർ കാണിച്ച ഫോട്ടോഗ്രാഫുകളിൽ നിന്നാണ് അവർ കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടവരിൽ മത്സ്യത്തൊഴിലാളികളും, ചെറിയ കച്ചവടക്കാരും, രണ്ട് വിദ്യാർത്ഥികളും, ഒരു ഇസ്ലാമിക് അധ്യാപകനും ഉണ്ടായിരുന്നു.

മൂന്ന് ഫോട്ടോകളാണ് റോയിട്ടേഴ്സ് ലേഖകർക്ക് ബുദ്ധിസ്റ്റ് ഗ്രാമമുഖ്യൻ നൽകിയത്. റോഹിംഗ്യകളെ പിടിച്ചുകെട്ടി നിലത്ത് മുട്ടുകുത്തിച്ച് നിരത്തിയിരുത്തിയിരിക്കുന്നതായി ഈ ഫോട്ടോകളിലൊന്നിൽ കാണാം. മറ്റൊരു ഫോട്ടോയില്‍ വെടിയേറ്റു മരിച്ച ഈ മനുഷ്യരെ ഒരു വലിയ കുഴിയിൽ തള്ളിയിരിക്കുന്നതായും കാണാം.

ജനുവരി പത്തിന് പത്ത് റോഹിംഗ്യൻ മുസ്ലിങ്ങളെ ഗ്രാമവാസികൾ കൂട്ടക്കൊല ചെയ്തതായി പട്ടാളം പ്രസ്താവനയിറക്കിയിരുന്നു. ബുദ്ധിസ്റ്റ് ഗ്രാമവാസികൾ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നായിരുന്നു പ്രസ്താവന. എന്നാൽ റോയിട്ടേഴ്സ് റിപ്പോർട്ടർമാരുടെ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.

ഗ്രാമത്തിനടുത്തുള്ള കടൽത്തീരത്ത് അഭയം തേടിയ റോഹിംഗ്യകളിൽ നിന്നും പത്തുപേരെ പിടികൂടുകയായിരുന്നു പട്ടാളക്കാരെന്ന് അവർക്ക് സൗകര്യമൊരുക്കിക്കൊടുത്ത ബുദ്ധമതക്കാർ പറയുന്നു. ബുദ്ധമതക്കാരായ ഗ്രാമവാസികളെ പട്ടാളെ തന്നെ സംഘടിപ്പിക്കുകയും റോഹിംഗ്യകൾക്കെതിരെ ആക്രമണം സംഘടിപ്പിക്കാൻ അയയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടർമാർക്ക് കിട്ടിയ വിവരം. സൈന്യത്തിലെ ചിലർ കൊള്ള നടത്തിയതായും ബുദ്ധിസ്റ്റുകളായ ഗ്രാമവാസികൾ വെളിപ്പെടുത്തി. പട്ടാളക്കാരാരും യൂണിഫോമിലല്ല എത്തിയതെന്നും അവർ പറഞ്ഞു.

കൂടുതൽ വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍