UPDATES

വിദേശം

കിം ജോങ് ഉന്നിന്റെ അപരനെ സിംഗപ്പൂരിൽ തടഞ്ഞുവെച്ചു; ഉച്ചകോടി നടക്കുന്നിടത്തേക്ക് പോകരുതെന്ന് നിർദ്ദേശം

ഡോണൾഡ് ട്രംപ്– കിം ജോങ് ഉൻ കൂടിക്കാഴ്ച അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഈ സംഭവമെന്നത് ശ്രദ്ധേയം.

വടക്കൻ കൊറിയൻ നേതാവായ കിം ജോങ് ഉന്നിനെ അനുകരിച്ച് ശ്രദ്ധേയനായ ഓസ്ട്രേലിയന്‍ കൊമേഡിയൻ ‘ഹൊവാര്‍ഡ് എക്സി’നെ സിംഗപ്പൂര്‍ അധികൃതര്‍ തടഞ്ഞുവച്ചു. എക്സിന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ അടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിന് വിധേയമായെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സിംഗപ്പൂര്‍ പോലീസോ ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റോ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകം
കാത്തിരിക്കുന്ന ഡോണൾഡ് ട്രംപ്– കിം ജോങ് ഉൻ കൂടിക്കാഴ്ച അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഈ സംഭവമെന്നത് ശ്രദ്ധേയം.

സിംഗപ്പൂരിലെ ചാങ്കി എയർപോർട്ടിൽ ഇറങ്ങിയ തന്നെ രണ്ട് മണിക്കൂർ നേരം തടഞ്ഞുവച്ച് ചോദ്യം ചെയ്തെന്ന് ‘ഹൊവാർഡ് എക്സ്’ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എക്സിന്റെ യാഥാര്‍ത്ഥ പേര് ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ‘എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ എന്താണെന്നും മറ്റു രാജ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടിരുന്നോ എന്നും അവർ എന്നോടു ചോദിച്ചു’: അദ്ദേഹം പറഞ്ഞു. സിംഗപ്പൂരിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ സെന്‍റോസയിലേക്ക് പോകരുതെന്ന് തനിക്ക് നിര്‍ദ്ദേശമുണ്ടെന്നും എക്സ് പറഞ്ഞു. സെന്‍റോസയുടെ മധ്യഭാഗത്തുള്ള കാപെല്ല ഹോട്ടലില്‍ വച്ചാണ് കിം – ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്. കഴിഞ്ഞ മാസമാണ് ഹൊവാർഡ് എക്സ് സിങ്കപ്പൂരിലെത്തിയത്.

കിം ജോങ്-അൺ എന്ന പേരില്‍ ജനമധ്യത്തില്‍ ഇറങ്ങുന്ന ഹൊവാർഡ് എക്സ് വരും ദിവസങ്ങളിലും തന്റെ ആക്ഷേപഹാസ്യ പരിപാടികളുമായി രംഗത്ത് വരുമെന്നും, പ്രതിഷേധമൊന്നും നടത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കി. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യവും, സമാധാനപരമായി സംഘം ചേരാനുള്ള സ്വാതന്ത്ര്യവും നിയന്ത്രിക്കുന്ന സിംഗപ്പൂരിലെ നിയമങ്ങള്‍ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തി.

സിംഗപ്പൂരില്‍ പ്രക്ഷോഭങ്ങൾ നടത്തണമെങ്കില്‍ മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. മാത്രവുമല്ല, ‘സ്പീക്കര്‍ കോർണർ’ എന്നറിയപ്പെടുന്ന ഒരു ഏരിയയിൽ മാത്രമേ പ്രക്ഷോഭങ്ങൾ അനുവദിക്കുകയുള്ളൂ. സാമൂഹ്യ വ്യവസ്ഥയും സമാധാനവും നിലനിർത്തുന്നതിന് ഇത്തരം നിയമങ്ങളും നിയന്ത്രണവും ആവശ്യമാണെന്ന നിലപാടിലാണ് സിംഗപ്പൂർ.

ഇതിനിടെ, സിങ്കപ്പൂരിലെ വടക്കൻ കൊറിയൻ അംബാസിഡറുടെ വസതിയില്‍ അതിക്രമിച്ചു കടന്നതിന് രണ്ട് ദക്ഷിണ കൊറിയൻ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതായി സിംഗപ്പൂർ പോലീസ് അറിയിച്ചു. കൊറിയൻ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം ന്യൂസിലെ മാധ്യമപ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍